Flash News

6000 കോടി കടമെടുക്കാന്‍ കേന്ദ്രാനുമതി

6000 കോടി കടമെടുക്കാന്‍ കേന്ദ്രാനുമതി
X
തിരുവനന്തപുരം: സാമ്പത്തികഞെരുക്കം മറികടക്കാന്‍ 6,000 കോടി രൂപ കൂടി വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ട്രഷറി നിയന്ത്രണം ജനുവരി രണ്ടാംവാരത്തോടെ നീക്കുമെന്നും മന്ത്രി പറഞ്ഞു. ചെലവഴിക്കാതെ കിടന്ന വിവിധ വകുപ്പുകളുടെ പണം ട്രഷറിയില്‍ നിന്ന് മാറ്റിയതോടെയാണ് വീണ്ടും വായ്പാനുമതി ലഭിച്ചത്. പൊതുവിപണിയില്‍ നിന്ന് കടമെടുക്കുന്നതോടെ ട്രഷറി ഞെരുക്കം മാറി നിയന്ത്രണം ഇല്ലാതാവും. എന്നാല്‍, 25 ലക്ഷം രൂപയ്ക്കുമേലുള്ള ബില്ല് മാറുന്നതിന് മുന്‍കൂര്‍ അനുമതി വേണമെന്ന നിലവിലുള്ള നിയന്ത്രണം തുടരുമെന്നും ധനമന്ത്രി അറിയിച്ചു.



സാമ്പത്തികഞെരുക്കം മൂലം രണ്ടു മാസം മുമ്പാണ് ട്രഷറിയിലെ പണമിടപാടിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഒരു ദിവസം 50 ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവഴിക്കുന്നതിനായിരുന്നു നിയന്ത്രണം. ശമ്പളം, ക്ഷേമ ആനുകൂല്യങ്ങള്‍, സ്വന്തം പേരില്‍ ട്രഷറി സേവിങ്‌സ് അക്കൗണ്ടില്‍ നിക്ഷേപിച്ച പണം എന്നിവ ഒഴികെയുള്ള തുക പിന്‍വലിക്കുന്നത് കര്‍ശനമായി നിയന്ത്രിച്ചിരുന്നു. 20,000 കോടി രൂപയാണ് നടപ്പു സാമ്പത്തികവര്‍ഷം വായ്പയെടുക്കാന്‍ സംസ്ഥാനത്തിന് അനുമതിയുണ്ടായിരുന്നത്. ഇതില്‍ ആദ്യ മൂന്ന് പാദത്തില്‍ തന്നെ 14,000 കോടി രൂപ വായ്പയെടുത്തു. എന്നാല്‍ ശേഷിക്കുന്ന 6,000 കോടി എടുക്കുന്നതില്‍ നിയന്ത്രണം വന്നു. വിവിധ വകുപ്പുകളിലും സേവിങ്‌സ് അക്കൗണ്ടുകളിലുമായി 13,000 കോടി രൂപയോളം ട്രഷറിയില്‍ നിക്ഷേപമുണ്ടായിരുന്നു. കേന്ദ്ര ധനവകുപ്പ് ഇതു കണ്ടെത്തിയതോടെ ശേഷിക്കുന്ന ആറായിരം കോടി രൂപ വായ്പയെടുക്കുന്നത് തടയുകയായിരുന്നു. ഇതോടൊപ്പം നികുതിവരുമാനം കുറയുക കൂടി ചെയ്തതോടെ സര്‍ക്കാര്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതേത്തുടര്‍ന്ന് വിവിധ വകുപ്പുകളുടെ ചെലവഴിക്കാതെ കിടന്ന തുക മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റികേന്ദ്രത്തെ അറിയിച്ചതോടെയാണ് വായ്പാ നിയന്ത്രണത്തില്‍ ഇളവു ലഭിച്ചത്. ആറായിരം കോടി രൂപ കൂടി വായ്പയെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഇന്നലെ ലഭിച്ചതായും ധനമന്ത്രി അറിയിച്ചു. പൊതുവിപണിയില്‍ നിന്നുള്ള വായ്പയ്ക്കു പുറമെ ട്രഷറി സേവിങ്‌സ് വഴി വായ്പയെടുത്താണ് മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാനം പ്രതിസന്ധി മറികടന്നിരുന്നത്. എന്നാല്‍, ട്രഷറി വായ്പ കൂടി കേന്ദ്രസര്‍ക്കാര്‍ പൊതുവിപണിയിലെ വായ്പയ്‌ക്കൊപ്പം ചേര്‍ക്കുകയായിരുന്നു. 13,000 കോടി രൂപയാണ് വിവിധ വകുപ്പുകളുടേതായി ട്രഷറിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ പത്ത് കോടിക്ക് മുകളിലെ നിക്ഷേപമാണ് പൂര്‍ണമായി മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവു വരുന്നതോടെ ബില്ലുകള്‍ മാറുന്നതിനും തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിഹിതം ചെലവിടുന്നതിനുമുള്ള നിയന്ത്രണങ്ങളെല്ലാം മാറുമെന്ന് ധനമന്ത്രി പറഞ്ഞു. വരുമാനം വര്‍ധിപ്പിക്കാതെ ചെലവ് കൂട്ടാനാവില്ല. ധനക്കമ്മി മൂന്നു ശതമാനത്തില്‍ നിര്‍ത്തി ചെലവ് ചെയ്യുന്നതാണ് രീതി. സാമ്പത്തിക അച്ചടക്കം പാലിച്ചില്ലെങ്കില്‍ കിഫ്ബി വായ്പയെ വരെ ബാധിക്കും. നിലവില്‍ കിഫ്ബിയുടെ ക്രെഡിറ്റ് റേറ്റിങ് എ പ്ലസ് ആണ്. അതിനാല്‍ വായ്പയ്ക്ക് പ്രതിസന്ധിയുണ്ടാവില്ല. ചില വികസന പദ്ധതികള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിവയ്‌ക്കേണ്ടിവരുമെന്നും തോമസ് ഐസക് പറഞ്ഞു.
Next Story

RELATED STORIES

Share it