World

600ഓളം അഭയാര്‍ഥികള്‍ കോസ്റ്ററിക്കയില്‍

സാന്‍ജോസ്: വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യുഎസ് ലക്ഷ്യമാക്കി നീങ്ങിയ 600ഓളം അഭയാര്‍ഥികള്‍ കോസ്റ്ററിക്കാ അതിര്‍ത്തിയിലെത്തി. ബോട്ടില്‍ അറ്റ്‌ലാന്റിക് സമുദ്രം കടന്ന് ബ്രസീലിലെത്തിയ ഇവര്‍ കൊളംബിയ, പാനമ എന്നീ രാജ്യങ്ങള്‍ പിന്നിട്ടശേഷം കോസ്റ്ററിക്കയിലെ അതിര്‍ത്തി പട്ടണമായ പാസോകനോവാസിലെത്തുകയായിരുന്നു. നാലുമാസമെടുത്താണ് ഇവര്‍ കോസ്റ്ററിക്കവരെയുള്ള യാത്ര പൂര്‍ത്തിയാക്കിയത്. ഇത്തരത്തില്‍ കുടിയേറ്റം ലക്ഷ്യംവച്ചു കൂടുതല്‍ പേര്‍ ദിനംപ്രതി എത്തിയാല്‍ പ്രതിസന്ധിയുണ്ടാകുമെന്ന് റെഡ്‌ക്രോസ് മുന്നറിയിപ്പു നല്‍കി.കൊളംബിയയിലെയും പാനമയിലെയും പോലിസുകാര്‍ പണം ആവശ്യപ്പെട്ടു തങ്ങളെ ഭീഷണിപ്പെടുത്തിയതായി സംഘത്തിലുള്ള ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ സ്വദേശിനി ഗര്‍ഭിണിയായ യൂലെയ്‌നി പറഞ്ഞു. ബസ്സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഒട്ടേറെ ദൂരം നടക്കേണ്ടിവന്നതായും അവര്‍ അറിയിച്ചു. യൂറോപിലെത്തുന്നത് വളരെയേറെ പ്രയാസമായതിനാലാണു കടുപ്പമുള്ളതാണെങ്കിലും യുഎസിലേക്കുള്ള മാര്‍ഗം സ്വീകരിച്ചതെന്നു സംഘത്തിന്റെ നേതാവായ വില്‍സന്‍ കമാറ പറഞ്ഞു. യൂറോപില്‍ അതിര്‍ത്തികള്‍ അടച്ചിടുന്നതാണു പ്രശ്‌നമാവുന്നത്. തങ്ങള്‍ ആഫ്രിക്കക്കാര്‍ക്ക് അവിടേക്കു പ്രവേശനം ബുദ്ധിമുട്ടുള്ള കാര്യമാണ്. യുഎസില്‍ അഭയാര്‍ഥികളായി പ്രവേശിക്കാന്‍ താരതമ്യേന എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോസ്റ്ററിക്ക സര്‍ക്കാര്‍ തുടര്‍യാത്രയ്ക്ക് തടസ്സംനില്‍ക്കുന്നത് യുഎസിലേക്കു കടക്കുന്നതിനു പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അഭയാര്‍ഥികളുടെ കാര്യത്തില്‍ പുതിയ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്ന് കോസ്റ്ററിക്ക വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി മൗറിസ്യോ ഹെരേര പറഞ്ഞു. രാജ്യത്തെത്തിയവരില്‍ ഭൂരിപക്ഷം പേര്‍ക്കും പാസ്‌പോര്‍ട്ട് അടക്കമുള്ള ഔദ്യോഗിക രേഖകളില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it