|    Jun 24 Sun, 2018 10:51 am
FLASH NEWS
Home   >  News now   >  

60 വര്‍ഷമായി എനിക്ക് ലഭിക്കാത്ത രക്തസാക്ഷിത്വം ഫൈസലിന് ലഭിച്ചു: അബ്ദുല്ല അല്‍മുഹാവിസ്

Published : 25th November 2016 | Posted By: mi.ptk

untitled-1

റഷീദ് ഖാസിമി
റിയാദ്: ‘മുസ്‌ലിമായി ജനിച്ചുവളര്‍ന്ന എനിക്ക് 60 വര്‍ഷമായിട്ടും ലഭിക്കാത്ത രക്തസാക്ഷിത്വം എന്ന മഹാഭാഗ്യം ആറു മാസം കൊണ്ട് ഫൈസലിന് ലഭിച്ചു. മുസ്‌ലിമായ ഉടന്‍ ഒരു നമസ്‌കാരം പോലും നിര്‍വഹിക്കുന്നതിനു മുമ്പ് രക്തസാക്ഷികളായ സഹാബാക്കളുണ്ട്. ആ ഭാഗ്യമാണ് ഫൈസലിനും ലഭിച്ചത്’… തന്റെ മക്കള്‍ക്കു സമാനമായി സ്‌നേഹിച്ചിരുന്ന ഫൈസലിന്റെ വേര്‍പാട് ആഴത്തില്‍ പതിപ്പിച്ച ദുഃഖത്തിനിടയിലും അബ്ദുല്ല അബ്ദുല്‍ റഹ്മാന്‍ അല്‍മുഹാവിസ് അഭിമാനത്തോടെ പറഞ്ഞു. എനിക്ക് ഏഴു മക്കളാണുള്ളത്, ഹൗസ് ഡ്രൈവറായി എത്തിയ ഫൈസല്‍ സ്‌നേഹപൂര്‍ണമായ ഇടപെടലിലൂടെ ചുരങ്ങിയ നാളുകള്‍ക്കുള്ളില്‍ എന്റെ എട്ടാമത്തെ മകനു സമാനമായി. റിയാദില്‍ എക്‌സിറ്റ് 27ലുള്ള തന്റെ വീട്ടിലിരുന്ന് ഗള്‍ഫ് തേജസിനോട് മനസ്സുതുറക്കുകയായിരുന്നു ഈയിടെ മലപ്പുറം കൊടിഞ്ഞിയില്‍ ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട ഫൈസലിന്റെ സ്‌പോണ്‍സര്‍ അബ്ദുല്ല അബ്ദുല്‍ റഹ്മാന്‍ അല്‍മുഹാവിസ്.
മക്കള്‍ക്കെല്ലാം ഡ്രൈവിങ് അറിയാവുന്നതു കൊണ്ട് പ്രത്യേകം ഡ്രൈവറെ നിയമിച്ചിരുന്നില്ല. എന്നാല്‍ ചില മക്കള്‍ തൊഴില്‍ തേടി മലേസ്യയിലേക്കു പോയതോടെ നാലു വര്‍ഷം മുമ്പ് ഇന്ത്യയില്‍ നിന്ന് ഒരു ഹൗസ് ഡ്രൈവറെ ആദ്യമായി റിക്രൂട്ട് ചെയ്യുകയായിരുന്നു. അമുസ്‌ലിം യുവാവായ അനില്‍കുമാറായിരുന്നു ഹൗസ് ഡ്രൈവറായി എത്തിയത്. സൗമ്യമായ സ്വഭാവവും ആദരവ് നിറഞ്ഞ പെരുമാറ്റവും അനില്‍ കുമാറിന്റെ സ്വഭാവവൈശിഷ്ട്യമായിരുന്നു. ജോലിയില്‍ ഏറെ ആത്മാര്‍ഥത പ്രകടിപ്പിച്ചിരുന്ന അനില്‍കുമാര്‍ എന്തു പണിയേല്‍പ്പിച്ചാലും സന്തോഷത്തോടെ ഏറ്റെടുക്കും. ഒരു കാര്യവും ചെയ്യാന്‍ കഴിയില്ലെന്നു പറയില്ല. ഫൈസല്‍ എന്നു പേരുള്ള തന്റെ മകനുമായിട്ട് അനില്‍കുമാറിന് മികച്ച സൗഹൃദമായിരുന്നുവെന്ന് അദ്ദേഹം സ്മരിക്കുന്നു.
റമദാനില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം അനില്‍കുമാറും വ്രതമനുഷ്ഠിക്കും. ഇസ്‌ലാമിക ആരാധനാകര്‍മങ്ങളോട് പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചിരുന്ന അനില്‍കുമാര്‍ കഴിഞ്ഞ റമദാന്‍ മാസത്തിനു മുമ്പാണ് മുസ്‌ലിം ആകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. മുസ്‌ലിം ആയിക്കോളൂ, പക്ഷേ ഇന്ത്യയിലെ വര്‍ഗീയ സാഹചര്യങ്ങളെ കുറിച്ച് അറിയാവുന്നതിനാല്‍ അത് പരസ്യമായി പ്രഖ്യാപിക്കണ്ടെന്ന് താന്‍ ഉപദേശിച്ചിരുന്നു. എന്നാല്‍ ഞാന്‍ മനസ്സിലാക്കിയ സത്യം പരസ്യമായി പ്രഖ്യാപിക്കുന്നതിന് എന്തിനു ഭയക്കണമെന്നായിരുന്നു അനിലിന്റെ പ്രതികരണം.
ഫൈസല്‍ എന്ന തന്റെ മകന്റെ പേര് തന്നെ മുസ്‌ലിമായപ്പോള്‍ തിരഞ്ഞെടുത്തത് തങ്ങളെ ഏറെ സന്തോഷിപ്പിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ആ വര്‍ഷത്തെ റമദാനില്‍ എല്ലാ ദിവസവും കൂടുതല്‍ സമയവും പള്ളിയില്‍ ചെലവഴിക്കാന്‍ ആഗ്രഹിച്ചിരുന്ന ഫൈസല്‍ പള്ളിയിലെ ഇഫ്താറുമായി ബന്ധപ്പെട്ട സേവനപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. എല്ലാ നമസ്‌കാരത്തിനും നേരത്തെ പള്ളിയിലെത്തി അവിടെയുള്ള ഖുര്‍ആന്‍ പൊടിതട്ടി വൃത്തിയാക്കും. മുസ്‌ലിമായി ജനിച്ച തന്റെ മക്കളെയുള്‍പ്പെടെ പള്ളിയിലേക്കു നമസ്‌കാരത്തിനു നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടുപോയിരുന്നത് ഫൈസലായിരുന്നുവെന്ന്് അദ്ദേഹം സ്്മരിച്ചു. ജുമുഅ നമസ്‌കാരത്തിനായി വളരെ നേരത്തെ തന്നെ പള്ളിയിലെത്താറുണ്ടായിരുന്ന ഫൈസല്‍ അവിടത്തെ ഇമാമുമായി നല്ല സൗഹൃദത്തിലായിരുന്നു. നാട്ടില്‍ പോയി ഭാര്യയെയും മക്കളെയും ഇസ്‌ലാമിക ആദര്‍ശത്തിലേക്കു കൊണ്ടുവരണമെന്നും അവര്‍ക്ക് താമസിക്കുന്നതിനും ഇസ്‌ലാമിനെ കുറിച്ച് പഠിക്കുന്നതിനും ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തേണ്ടതിനാല്‍ മൂന്നു മാസത്തെ അവധി വേണമെന്ന ഫൈസലിന്റെ ആവശ്യം അംഗീകരിച്ചാണ് റീഎന്‍ട്രി അടിച്ചത്. ഫൈസല്‍ കുറച്ചു പണം മുമ്പ് കടമായി വാങ്ങിയിരുന്നു. ഗഡുക്കളായി തന്നുവീട്ടിയിരുന്നുവെങ്കിലും 2,000 റിയാല്‍ ബാക്കിയുണ്ടായിരുന്നു. നാട്ടില്‍ നിന്നു വരുത്തിച്ച് ആ തുക നല്‍കാന്‍ ശ്രമിച്ചപ്പോള്‍ അത് പ്രശ്‌നമില്ല, നാട്ടില്‍ പോയി വരൂ എന്നു പറഞ്ഞതിനു ശേഷമേ ഫൈസല്‍ പോകാന്‍ തയ്യാറായുള്ളൂവെന്ന് അദ്ദേഹം ഓര്‍മിക്കുന്നു.
നാട്ടില്‍ എത്തിയ ശേഷം മിക്ക ദിവസവും വാട്‌സ്ആപിലൂടെ നാട്ടിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കുമായിരുന്നു. കൊല്ലപ്പെടുന്നതിനു തൊട്ടുതലേ ദിവസം 20ാം തിയ്യതി റിയാദിലേക്കു വരുമെന്നു പറഞ്ഞ് ഫൈസല്‍ സന്ദേശമയച്ചിരുന്നു. ‘അസ്സലാമു അലൈക്കും ബാബ, അന ഈജി യൗമുല്‍ ഇഷ്‌രീന്‍’ ഫൈസലിന്റെ ഈ ശബ്ദസന്ദേശം കേള്‍പ്പിക്കുമ്പോള്‍ അദ്ദേഹം വിങ്ങിപ്പൊട്ടി. ഫൈസല്‍ നാട്ടില്‍ കൊല്ലപ്പെട്ട വിവരം മൂത്തമകനാണ് ആദ്യം അറിഞ്ഞത്. മകന് നേരിട്ട് പറയാനുള്ള മാനസിക വിഷമം കാരണം പള്ളിയിലെ ഇമാം മുഖേനയാണ് വിവരം ധരിപ്പിച്ചതെന്ന് ഉള്ളില്‍ അടക്കിപ്പിടച്ച വേദനയോടെ അദ്ദേഹം പറഞ്ഞു.
തന്റെ സഹോദരങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇഷ്ടപ്പെട്ട വ്യക്തിത്വമായിരുന്ന ഫൈസലിന്റെ മരണവാര്‍ത്ത ഏവരെയും ദുഃഖത്തിലാഴ്്്ത്തി. മകനെ പോലെ ഫൈസലിനെ സ്‌നേഹിച്ചിരുന്ന തന്റെ ഭാര്യയോട് ഇതുവരെയും സംഭവം അറിയിച്ചിട്ടില്ലെന്ന് അബ്ദുല്ല വ്യക്തമാക്കി. പത്രത്തില്‍ പ്രസിദ്ധീകരിച്ചു വന്ന ഫൈസലിന്റെ മക്കളുടെയും കുടുംബത്തിന്റെയും ഫോട്ടോയില്‍ നോക്കി ഏറെ സങ്കടപ്പെട്ട അദ്ദേഹം അവരുടെ ഭാവിവിജയത്തിനായി പ്രാര്‍ഥിച്ചു. തന്റെ കുടുംബത്തിലേക്കു ജോലി തേടി വന്ന ഫൈസല്‍ അല്ലാഹുവിന്റെ ഏറ്റവും ഇഷ്ടപ്പെട്ട അടിമയായി യാത്രതിരിച്ചത്  വേദനയോടൊപ്പം സന്തോഷവും പകരുന്നു. രക്തസാക്ഷിത്വം എന്ന മഹാഭാഗ്യം ലഭിച്ച ഫൈസല്‍ തന്റെ കുടുംബത്തിലെ അംഗമായിരുന്നുവെന്ന് പറയുന്നതില്‍ അഭിമാനിക്കുന്നുവെന്ന് വ്യക്തമാക്കിയ അബ്ദുല്ലയ്ക്കു ഫൈസലിനെ കുറിച്ച് പറയാന്‍ ആയിരം നാവാണ്. ഫൈസലിന് സത്യവാചകം ചൊല്ലിക്കൊടുത്ത അരീക്കോട് സ്വദേശി ആസിഫ് ഹുസയ്്‌ന് ഇപ്പോഴും അദ്ദേഹം കൊല്ലപ്പെട്ട വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ഫൈസല്‍ സത്യവാചകം ചെല്ലുമ്പോള്‍ അതിന് സാക്ഷ്യംവഹിച്ച തൊട്ടടുത്ത് ജോലി ചെയ്യുന്ന അയല്‍വാസിയായ അബ്ദുല്‍ ഖാദര്‍ കൊടിഞ്ഞി, സിദ്ദീഖ് തുവ്വൂര്‍, റഷീദ് വാഴക്കാട് എന്നിവര്‍ക്കും പങ്കുവയ്ക്കാനുള്ള ഓര്‍മകള്‍ നിരവധിയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss