60 ശിഷ്യരുമായി നാടക കലാകാരന്‍ കൊടുമണ്‍ ഗോപാലകൃഷ്ണന്‍

കെ പി ഒ റഹ്മത്തുല്ല

തിരുവനന്തപുരം: ഇത്തവണയും 60 ശിഷ്യരുമായി പ്രശസ്ത നാടക കലാകാരന്‍ കൊടുമണ്‍ ഗോപാലകൃഷ്ണന്‍ കലോല്‍സവ നഗരിയിലെത്തി. മകന്‍ ഗോകുല്‍ദാസ് ഹയര്‍ സെക്കന്‍ഡറി മിമിക്രിയില്‍ മല്‍സരിക്കുന്നുണ്ട്. മകള്‍ ഗീതു കൃഷ്ണ ഹൈസ്‌കൂള്‍ വിഭാഗം തമിഴ്പദ്യം ചൊല്ലല്‍ മല്‍സരത്തില്‍ എ ഗ്രേഡോടെ മികച്ച വിജയം നേടിക്കഴിഞ്ഞു.
കഴിഞ്ഞ തവണ 70 ശിഷ്യരുമായിട്ടായിരുന്നു കൊടുമണിന്റെ വരവ്. ഇത്തവണ സംസ്‌കൃത നാടകം, മലയാള നാടകം, മിമിക്രി, മോണോ ആക്റ്റ് എന്നീ മല്‍സരയിനങ്ങളില്‍ നാല് ജില്ലകളിലെ മല്‍സരാര്‍ഥികളെ ഇദ്ദേഹം പരിശീലിപ്പിക്കുന്നുണ്ട്. 450 വേദികളില്‍ ഷേക്ക്‌സ്പിയര്‍ ജന്മശദാബ്ദിയോടനുബന്ധിച്ച് ഏകാഭിനയം നടത്തിയ ഗോപാലകൃഷ്ണന്‍ ഇതിനകം 100ലേറെ നാടകങ്ങള്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടുപതിറ്റാണ്ടു കാലമായി സ്‌കൂള്‍ കലോല്‍സവത്തിലെ നിറസാന്നിധ്യമാണ് ഈ 43 കാരന്‍. ഇദ്ദേഹത്തിന്റെ ശിഷ്യര്‍ ഒന്നാം സ്ഥാനമുള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ കലോല്‍സവത്തില്‍ കൊയ്തിട്ടുമുണ്ട്. ഇത്തവണ ഇദ്ദേഹം രചിച്ച മലയാള നാടകവും മല്‍സരത്തിനെത്തുന്നുണ്ട്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ കൊടുമണിന്റെ മകന്‍ ഗോകുല്‍ കലോല്‍സവ വേദിയിലെ വിജയിയാണ്. കഴിഞ്ഞ തവണ ആറാം സ്ഥാനം നേടിയ ഗോകുല്‍ ഇന്ന് വീണ്ടും മല്‍സരിക്കുന്നുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ രണ്ടുതവണ മിമിക്രിയില്‍ രണ്ടാംസ്ഥാനം നേടിയിരുന്നു. കൊടുമണിന്റെ 10 നാടകങ്ങള്‍ പുസ്തകമായിട്ടുണ്ട്. പി ജെ ആന്റണി സ്മാരക നാടക പുരസ്‌കാരം ഉള്‍പ്പെടെ ഏഴോളം അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it