60 കോടി രൂപ കുടിശ്ശിക; സ്റ്റെന്റ് വിതരണം നിര്‍ത്തുന്നു

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ ഹൃദയശസ്ത്രക്രിയകള്‍ അടുത്ത മാസം മുതല്‍ അവതാളത്തിലാവുമെന്ന് ആശങ്ക. പണം കുടിശ്ശികയായതോടെ ഹൃദയശസ്ത്രക്രിയക്കുള്ള സ്റ്റെന്റുകളുടെയും പേസ്‌മേക്കറുകളുടെയും വിതരണം നിര്‍ത്തിവയ്ക്കുമെന്ന കമ്പനികളുടെ മുന്നറിയിപ്പാണ് ആശങ്കയ്ക്കു കാരണം. 60 കോടി രൂപയിലേറെ കുടിശ്ശിക വന്നതോടെ മാര്‍ച്ച് ഒന്നു മുതല്‍ വിതരണം നിര്‍ത്തുമെന്ന മുന്നറിയിപ്പാണ് സ്റ്റെന്റുകളുടെയും പേസ്‌മേക്കറുകളുടെയും വിതരണക്കാര്‍ സര്‍ക്കാരിനു നല്‍കിയിരിക്കുന്നത്.
കുടിശ്ശിക നല്‍കാത്തതിനാല്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രികള്‍, എറണാകുളം, പാലക്കാട് ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് ഹൃദയശസ്ത്രക്രിയകള്‍ മുടങ്ങാന്‍ സാധ്യതയുള്ളത്. അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളജ് പണം നല്‍കിയതിനാല്‍ അവിടെ വിതരണം തടസ്സപ്പെടില്ല.
കുടിശ്ശിക വര്‍ധിച്ചതോടെ കഴിഞ്ഞ ഡിസംബറിലും സ്റ്റെന്റ് വിതരണം തടസ്സപ്പെട്ടിരുന്നു. അന്ന് ശസ്ത്രക്രിയ മുടങ്ങിയതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കുടിശ്ശിക ഉടന്‍ നല്‍കുമെന്ന ഉറപ്പിന്മേല്‍ വിതരണം പുനരാരംഭിച്ചെങ്കിലും പിന്നീട് തുടര്‍നടപടികള്‍ ഉണ്ടായില്ല. ഇതോടെയാണ് വിതരണം നിര്‍ത്തിവയ്ക്കാന്‍ കമ്പനി തീരുമാനിച്ചത്. അതേസമയം, ശസ്ത്രക്രിയകള്‍ക്ക് തടസ്സം ഉണ്ടാവില്ലെന്നും കുടിശ്ശിക തീര്‍ക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്നും ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ആര്‍എസ്ബിവൈ പദ്ധതിപ്രകാരം ഇന്‍ഷുറന്‍സ് കമ്പനി നല്‍കേണ്ട തുക ലഭിക്കാന്‍ വൈകുന്നതാണ് കുടിശ്ശിക കൂടാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. നടപടിക ള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫിസ് വിശദീകരിക്കുന്നു.
അതേസമയം, 60 കോടിയിലധികം രൂപയുടെ കുടിശ്ശിക നിലവിലുണ്ടെന്നും കമ്പനികളും ആശുപത്രികളും നല്‍കിയ കണക്കില്‍ അന്തരം വന്നതിനാലാണ് തുക കൈമാറുന്നതില്‍ കാലതാമസം ഉണ്ടായതെന്നും ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച വിതരണക്കമ്പനികളുമായി ചര്‍ച്ചയ്ക്ക് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it