wayanad local

60 കിലോ പാന്‍മസാലയുമായി യുവാവ് അറസ്റ്റില്‍



കല്‍പ്പറ്റ: 60 കിലോയോളം പാന്‍മസാലയും 300 ലിറ്റര്‍ മണ്ണെണ്ണയും സഹിതം യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ആക്രിക്കച്ചവടക്കാരനായ കല്‍പ്പറ്റ അമ്പിലേരി പാറോക്കോട്ട് ഷിഹാബി(28)നെയാണ് കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ പി ജെയിംസും സംഘവും പിടികൂടിയത്. എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധിത പാന്‍മസാലയും മണ്ണെണ്ണയും യുവാവിനെ കസ്റ്റഡിയിലെടുത്തത്. കല്‍പ്പറ്റയിലും പരിസരത്തും പാന്‍മസാലകള്‍ വിതരണം ചെയ്യുന്ന വ്യക്തിയാണ് ഷിഹാബെന്ന് എക്‌സൈസ് വ്യക്തമാക്കി. ഷിഹാബിന്റെ അമ്പിലേരിയിലെ വീട്ടില്‍ ഒളിപ്പിച്ച നിലയിലാണ് നിരോധിത പാന്‍മസാലകളും, മണ്ണെണ്ണയും കണ്ടെത്തിയത്. ഏകദേശം 60 കിലോ തൂക്കം വരുന്ന 5,500 പാക്കറ്റ് പാന്‍മസാലയും അനധികൃതമായി ശേഖരിച്ചുവച്ച മണ്ണെണ്ണയുമാണ് എക്‌സൈസ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി വാഹനത്തില്‍ ഒളിച്ചുകടത്തിയാണ് ഇയാള്‍ പാന്‍മസാലകള്‍ കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിശോധനയ്ക്ക് എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫിസര്‍ അബൂബക്കര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ചന്തു, ഏലിയാസ്, അന്‍വര്‍ എന്നിവരുമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it