60 അംഗ നാഗാലാന്‍ഡ് നിയമസഭയില്‍ ഇക്കുറിയും വനിതാ പ്രാതിനിധ്യമില്ല

ന്യൂഡല്‍ഹി: ഒരിക്കല്‍ കൂടി 60 അംഗ നിയമസഭയിലേക്ക് ഒറ്റ സ്ത്രീ പോലും ഇല്ലാതെ നാഗലാന്‍ഡില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരിക്കുന്നു. നാഗാലാന്‍ഡിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി 196 സ്ഥാനാര്‍ഥികളില്‍ 5 പേര്‍ സ്ത്രീകളായിരുന്നു. എങ്കിലും ഒരു വനിതാ എംഎല്‍എയെ അയക്കുന്നതില്‍ നാഗാലാന്‍ഡ് വോട്ടര്‍മാര്‍ പരാജയപ്പെട്ടു. ബിജെപിയും നാഷനല്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയും (എന്‍ഡിപിപി)ഓരോ വനിതാ സ്ഥാനാര്‍ത്തികളെ വീതം മല്‍സരിപ്പിച്ചപ്പോള്‍, പുതുതായി രൂപംകൊണ്ട നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) രണ്ടു വനിതാ സ്ഥാനാര്‍ത്തികളെ മല്‍സരിപ്പിച്ചിരുന്നു.
തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നു കൊണ്ടിരുന്നപ്പോള്‍ അബോയ് നിയോജകമണ്ഡലത്തില്‍ എന്‍ഡിപിപിയുടെ അവാന്‍ കൊന്‍യാക് എന്ന വനിതാ സ്ഥാനാര്‍ഥി നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ (എന്‍പിഎഫ്) ഇഷാക് കൊന്‍യാകിനേക്കാളും 5,131 വോട്ടുകള്‍ക്കു മുമ്പിലായിരുന്നു. എന്നാല്‍ ആദ്യ ഘട്ട വോട്ടെണ്ണലുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ആദ്യ വനിതാ എംഎല്‍ എ എന്ന റെക്കോഡിലെത്താന്‍ അവര്‍ക്കായില്ല.
55 വര്‍ഷത്തെ ചരിത്രമുള്ള സംസ്ഥാനത്ത് ലിംഗനീതിയെന്ന വാക്ക്് പോലും വളരെ അകലെയാണ്. റാനോ എം ഷെയ്‌സാ, എന്ന ഓരൊറ്റ വനിതാ നേതാവിന് മാത്രമാണ് നാഗലാന്‍ഡിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇടം നേടാന്‍ സാധിച്ചിട്ടുള്ളത്. 1977ല്‍ സംസ്ഥാനത്തെ ആദ്യ വനിതാ ലോക്‌സഭാംഗമായിരുന്നു ഷെയ്‌സാ. യുനൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി (യുഡിപി)യുടെ പ്രസിഡന്റായ ഷീസാ നാഗാലാന്‍ഡില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രസിഡന്റായ ആദ്യ വനിതയെന്ന റെക്കോഡിനുടമയായിരുന്നു. പ്രമുഖ നാഗ നേതാവായ എ സി ഫിസോയുടെ മരുമകളാണിവര്‍. 2015ലാണ് അവര്‍ മരണപ്പെട്ടത്.
പാരമ്പര്യവും സാംസ്‌കാരികവും നിയമപരവുമായ പല കാരണങ്ങളാല്‍ സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ നിന്നും നയരൂപീകരണങ്ങളിന്‍ നിന്നും അകറ്റിനിര്‍ത്തപ്പെടുകയായിരുന്നു. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന ഒരു സ്ത്രീയെ സ്വീകരിക്കാവുന്ന മാനസികാവസ്ഥയിലേക്കു ജനങ്ങള്‍ മാറുന്നുണ്ടെന്നും ചസിമി നിയോജകമണ്ഡലത്തില്‍നിന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ത്തിയായിരുന്ന രേഖാ റോസ് അഭിപ്രായപ്പെട്ടു.
നാഗാലാന്‍ഡിലെ വനിതാ സംഘങ്ങളുടെ നീണ്ട നിയമപോരാട്ടത്തിനു ശേഷം, 2017 ഫെബ്രുവരിയിലാണ് നഗര, പ്രാദേശിക ഭരണരംഗത്ത് വനിതകള്‍ക്ക് 33 ശതമാനം സംവരണം ലഭിച്ചത്.
Next Story

RELATED STORIES

Share it