|    Oct 18 Thu, 2018 12:29 pm
FLASH NEWS

6.26 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

Published : 7th August 2016 | Posted By: SMR

കോഴിക്കോട്: കാരപ്പറമ്പ് സ്വദേശിയുടെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്നും 6.26 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍.
പശ്ചിമബംഗാളിലെ ഹുഗ്ലി ജില്ലയിലെ ബെന്‍സ് ബരിയ വില്ലേജിലെ ഗാഞ്ചസ് ജൂട്ട്മില്‍ കോളനിയിലെ ഹമീദ് ഹുസയിന്‍ മകന്‍ ആര്‍ഷെ ആലം (21) എന്നയാളെയാണ് നടക്കാവ് സിഐ ടി കെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ആലത്തിനെ ഹൗറയില്‍ വച്ച് ഈ മാസം രണ്ടിന് അറസ്റ്റു ചെയ്യുകയും ഹൗറ സിജെഎം കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറന്റ് പ്രകാരം കേരളത്തിലേക്ക് കൊണ്ടുവരികയുമായിരുന്നു.2016 ഫെബ്രുവരി അഞ്ചിന് നടക്കാവ് പോലിസ് സ്‌റ്റേഷനില്‍ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന പരാതിക്കാരന്റെ കോഴിക്കോട് വൈഎംസിഎ ക്രോസ്സ് റോഡിലുള്ള ഒരു സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്നും 2015 ജൂലൈ എട്ടിനാണ് 6.26 ലക്ഷം രൂപ പ്രതികളായ ഗണേഷ് ഷാ, വൈഡി രവി, മുകേഷ് ഗുപ്ത, ആനന്ദ് പാണ്ഡെ എന്നിവരുടെ അക്കൗണ്ടിലേക്ക് ആര്‍ഷെ ആലം ട്രാന്‍സ്ഫര്‍ ചെയ്തത്.
ഈ അക്കൗണ്ടുകളുടെ ചെക്ക്ബുക്കും എ.ടിഎം കാര്‍ഡുമെല്ലാം ആലത്തിന്റെ കൈവശമായിരുന്നു. സ്വന്തമായി ഒരു ബാങ്കിലും സ്വന്തമായി അക്കൗണ്ട് എടുക്കാതെ ആയിരുന്നു ആലം തട്ടിപ്പ് നടത്തിയത്.ബെന്‍സ് ബെരിയയില്‍ നിന്നും മെയ് 26ന് പ്രതികളായ മുകേഷ് ഗുപ്ത, ആനന്ദ് പാണ്ഡെ, എന്നിവരേയും 17ന് ഗണേഷ് ഷാ എന്ന പ്രതിയേയും നടക്കാവ് പോലിസ് അറസ്റ്റു ചെയ്യുകയും പ്രതികള്‍ കോഴിക്കോട് ജയിലില്‍ റിമാന്റില്‍ കഴിഞ്ഞുവരികയുമാണ്. മുന്‍ നടക്കാവ് സിഐ മൂസ്സവള്ളിക്കാടന്റെ നേതൃത്വത്തിലുളള സംഘമായിരുന്നു അന്ന് പ്രതികളെ സാഹസികമായി പിടികൂടി അറസ്റ്റു ചെയ്തത്. കേസിലെ മറ്റ് പ്രതികളെക്കുറിച്ച് ഊര്‍ജ്ജിതമായി അന്വേഷണം നടത്തിവരികയാണ്.
അന്വേഷണസംഘത്തില്‍ എസ്‌ഐമാരായ ജി ഗോപകുമാര്‍, ഉണ്ണിക്കൃഷ്ണന്‍, എഎസ്‌ഐ കെ ശ്രീനിവാസന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുഹമ്മദ് സബീര്‍, നടക്കാവ് സിഐ ഓഫീസിലെ എഎസ്‌ഐ പി എം രാജീവ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബി പ്രകാശ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോഴിക്കോട് ജെഎഫ്‌സിഎം നാലാംകോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss