6 ബാങ്കുകള്‍ എസ്ബിഐയില്‍ ലയിപ്പിക്കാന്‍ അനുമതി

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്ബിടി) ഉള്‍പ്പെടെ ആറ് അസോഷ്യേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യില്‍ ലയിപ്പിക്കുന്നതിനുള്ള ശുപാര്‍ശയ്ക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്റ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, ഭാരതീയ മഹിളാ ബാങ്ക് എന്നിവയെയാണ് എസ്ബിഐയില്‍ ലയിപ്പിക്കുക.
ഭാരതീയ മഹിളാ ബാങ്കിനെ ലയിപ്പിക്കുന്ന നടപടി ഇതിനകം ആരംഭിച്ചിട്ടുണ്ട്. എസ്ബിഐക്കും ലയിക്കുന്ന ബാങ്കുകള്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്നതാണു തീരുമാനമെന്ന് എസ്ബിഐ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. നിലവില്‍ ലോകത്തെ മികച്ച 50 ബാങ്കുകളുടെ പട്ടികയില്‍ ഇന്ത്യയിലെ ഒരു ബാങ്കുപോലുമില്ല. പുതിയ നടപടിയുടെ പശ്ചാത്തലത്തില്‍ ഈ ഗണത്തിലെത്താന്‍ എസ്ബിഐക്ക് സാധിക്കുമെന്നാണു വിലയിരുത്തല്‍. അസോഷ്യേറ്റ് ബാങ്കുകളിലെ ഇടപാടുകാര്‍ക്കും ഇതു ഗുണംചെയ്യും. തങ്ങളുടെ വൈഭവമുള്ള തൊഴിലാളികളെ രാജ്യത്തിന്റെ എല്ലായിടത്തേക്കും വ്യാപിപ്പിക്കാന്‍ ലയിപ്പിക്കല്‍ നടപടികൊണ്ട് കഴിയുമെന്ന് ഭട്ടാചാര്യ വ്യക്തമാക്കി.
ഉപഭോക്താക്കള്‍ക്കു ഗുണംചെയ്യുന്ന നീക്കമാണ് ഇതെന്നും ലയിപ്പിക്കല്‍ നടപടി ജീവനക്കാരെ ദോഷമായി ബാധിക്കില്ലെന്നുമാണ് എസ്ബിടി എംഡി സി ആര്‍ ശശികുമാറിന്റെ പ്രതികരണം. ലയനത്തോടെ എസ്ബിഐയുടെ ബാലന്‍സ് ഷീറ്റ് 37 ലക്ഷം കോടി രൂപയാവും. നിലവില്‍ ഇത് 28 ലക്ഷം കോടി രൂപയാണ്. ഉപഭോക്താക്കളുടെ എണ്ണം 50 കോടിയാവും. 2008ല്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്ര എസ്ബിഐയില്‍ ലയിച്ചിരുന്നു.
രണ്ടു വര്‍ഷത്തിനു ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറും ലയിച്ചു. ലയനത്തിനു പ്രവര്‍ത്തനരേഖ രൂപീകരിക്കാന്‍ പ്രത്യേക സമിതിക്ക് എസ്ബിഐ രൂപംനല്‍കിയിട്ടുണ്ട്. അതേസമയം, ലയനത്തില്‍ അനുബന്ധ ബാങ്കുകളിലെ ജീവനക്കാരും ഉദ്യോഗസ്ഥരും ആശങ്കയിലാണ്. അഞ്ച് അസോഷ്യേറ്റ് ബാങ്കുകളിലായി 70,000ത്തോളം ജീവനക്കാരാണ് ഉള്ളത്.
Next Story

RELATED STORIES

Share it