6 സേവനങ്ങള്‍ക്കുകൂടി ആധാര്‍

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ആറു സേവനങ്ങള്‍ക്കു കൂടി ആധാര്‍ കാര്‍ഡ് അനുവദിച്ച് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. വിധവ പെന്‍ഷന്‍, വാര്‍ധക്യ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, തൊഴിലുറപ്പ് പദ്ധതി, പ്രോവിഡന്റ് ഫണ്ട് (പിഎഫ്), പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന എന്നീ മേഖലകളിലേക്കുകൂടി ആധാര്‍ പദ്ധതി വ്യാപിപ്പിക്കും. പാചകവാതക-മണ്ണെണ്ണ സബ്‌സിഡിക്കു മാത്രം ആധാര്‍ മതിയെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന ഉത്തരവ്. അതേസമയം, ആധാര്‍ നിര്‍ബന്ധമാക്കില്ലെന്നു ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. ആധാര്‍ വിവരങ്ങള്‍ വ്യക്തികളുടെ സ്വകാര്യതയുടെ ലംഘനമാണെന്ന കേസ് കോടതി ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. ആധാര്‍ പൗരന്‍മാരുടെ സ്വകാര്യതയുടെ ലംഘനമാണെന്നായിരുന്നു ഹരജിക്കാരായ ജസ്റ്റിസ് കെ എസ് പുട്ടസ്വാമിയുടെയും നാഗരിക് ചേതനാ മഞ്ച് എന്ന സന്നദ്ധ സംഘടനയുടെയും പ്രധാന വാദം.

ഇത് ഏഴംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കും. ഗുണഭോക്താക്കള്‍ക്ക് ആധാര്‍ വേണമോ വേണ്ടയോ എന്നു സ്വയം തീരുമാനിക്കാമെന്നും ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു സേവനവും നിഷേധിക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു.ആധാര്‍ രേഖകള്‍ വളരെ സുരക്ഷിതമായാണ് സൂക്ഷിച്ചിരിക്കുന്നതെന്നും ഇതിനകം തന്നെ 92 ലക്ഷം കോടി രൂപ ഇതിനായി വകയിരുത്തിയെന്നും വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍, ആധാര്‍ പിന്‍വലിക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് ആറു മേഖലകളില്‍ കൂടി ആധാര്‍ വ്യാപിപ്പിച്ച് സുപ്രിംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമായി അടിച്ചേല്‍പിക്കാന്‍ പാടില്ലെന്നും ആധാര്‍ വഴി ഈ സേവനങ്ങള്‍ നല്‍കുന്നതില്‍ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. മുതിര്‍ന്ന അഭിഭാഷകരായ ഗോപാല്‍ സുബ്രഹ്മണ്യവും ശ്യാം ദിവാനുമാണ് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായത്. കേസില്‍ ഇന്നും വാദം തുടരും. സ്വകാര്യത പൗരന്റെ മൗലികാവകാശമാണോ, ആണെങ്കില്‍ സ്വകാര്യതയുടെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ എന്തൊക്കെ തുടങ്ങിയ കാര്യങ്ങളും ഭരണഘടനാ ബെഞ്ച് പരിഗണിക്കും.

സര്‍ക്കാരിന്റെ സാമൂഹിക സേവനപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞവര്‍ഷം ജൂണില്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. പിന്നീട് പാചകവാതക സബ്‌സിഡിയും പൊതുവിതരണ സംവിധാനങ്ങള്‍ വഴിയുള്ള സബ്‌സിഡിയും ആധാര്‍ വഴിയാക്കാന്‍ ഇക്കഴിഞ്ഞ ആഗസ്തിലാണ് കോടതി കേന്ദ്ര സര്‍ക്കാരിന് അനുമതി നല്‍കിയത്. എന്നാല്‍, ആധാര്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കണം എന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. ഇതേത്തുടര്‍ന്ന് രണ്ടംഗ ബെഞ്ചിന്റെ പരിഗണനയില്‍ ഉണ്ടായിരുന്ന കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, സര്‍ക്കാരിനൊപ്പം ഹരജി നല്‍കിയ റിസര്‍വ് ബാങ്ക്, സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി അതോറിറ്റി, ടെലികോം റഗുലേറ്ററി അതോറിറ്റി, ഇന്‍ഷുറന്‍സ് റഗുലേറ്ററി അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ കോടതി പരിഗണിച്ചില്ല. ആധാര്‍ കാര്‍ഡ് നല്‍കി ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ കഴിയുമോ എന്ന വിഷയത്തില്‍ വ്യക്തത വേണമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ ആവശ്യം. ഓഹരിവിപണിയിലും മ്യൂച്വല്‍ ഫണ്ടിലും നിക്ഷേപിക്കുന്നവരുടെ തിരിച്ചറിയല്‍ രേഖയായി ആധാര്‍ സ്വീകരിക്കാമോ എന്നാണ് സെബി അന്വേഷിച്ചത്.
Next Story

RELATED STORIES

Share it