|    Dec 11 Tue, 2018 9:35 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

59 തിരികള്‍ തെളിഞ്ഞു; ആദ്യദിനം തൃശൂരിന്റെ തേരോട്ടം

Published : 8th December 2018 | Posted By: kasim kzm

എം എം സലാം

ആലപ്പുഴ: അറബിക്കടലിന്റെ അലകളും പുന്നമടയുടെ ഓളങ്ങളും സാക്ഷി. കടലിനും കായലിനുമൊപ്പം ഇനിയുള്ള മൂന്നുനാള്‍ കലയും കൂടി ഇവിടെ സംഗമിക്കുന്നു. മഹാപ്രളയത്തിനുശേഷമുള്ള അതിജീവനത്തിന്റെ 59ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് ആലപ്പുഴയില്‍ തിരിതെളിഞ്ഞു.
രാവിലെ ഗവ. ഗേള്‍സ് എച്ച്എസ്എസില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് 59ാം കലോല്‍സവമെന്ന് ഓര്‍മിപ്പിച്ച് ലിയോ തേര്‍ട്ടീന്‍ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 59 ചെരാതുകള്‍ക്കു കലാവേഷമണിഞ്ഞെത്തിയ വിദ്യാര്‍ഥികള്‍ തിരിതെളിച്ചതോടെ 30 വേദികളിലും കലയുടെ കേളികൊട്ടുയര്‍ന്നു. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്, മന്ത്രി ജി സുധാകരന്‍, കെ സി വേണുഗോപാല്‍ എംപി തുടങ്ങി സാംസ്‌കാരിക നേതാക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകരും പ്രദേശവാസികളും പങ്കെടുത്തു. 29 വേദികളിലായി 188 ഇനങ്ങളില്‍ 8,935 വിദ്യാര്‍ഥികളാണ് മല്‍സരത്തിന് എത്തിയിട്ടുള്ളത്. 302 അപ്പീലുകളും മല്‍സരത്തിനുണ്ട്.
ആദ്യദിനം 171 പോയിന്റുമായി ശക്തന്റെ തട്ടകമായ തൃശൂര്‍ ജില്ലയാണ് മുന്നിലുള്ളത്. തൊട്ടുപിന്നില്‍ 165 പോയിന്റുമായി പാലക്കാടുണ്ട്. 163 പോയിന്റുമായി കോഴിക്കോടാണ് മൂന്നാംസ്ഥാനത്തുള്ളത്. ആകെ 113 ഇനങ്ങളിലാണ് ഇന്നലെ മല്‍സരം നടന്നത്. ഇതില്‍ 42 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോഴാണ് തൃശൂര്‍ മുന്നിലെത്തിയത്. വിവിധ വേദികളില്‍ രാത്രി വൈകിയും മല്‍സരങ്ങള്‍ പുരോഗമിക്കുകയാണ്.
പ്രളയത്തെ അതിജീവിച്ച ആലപ്പുഴയുടെ മിന്നുന്ന പ്രകടനമാണ് കലോല്‍സവ വേദികളില്‍ ആദ്യദിനം കണ്ടത്. ജില്ല 105 പോയിന്റുമായി ആറാംസ്ഥാനത്താണ്. ഇന്നലെ ഏറെ വൈകി വരെ ജില്ല രണ്ടാംസ്ഥാനത്തായിരുന്നു.
പ്രളയത്തെ തുടര്‍ന്ന് ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്രയും ഉദ്ഘാടന സമ്മേളനവും ഒഴിവാക്കിയിരുന്നു. മേളയുടെ രണ്ടാംദിനമായ ഇന്ന് 75 ഇനങ്ങളിലാണ് മല്‍സരം നടക്കുന്നത്. അപ്പീല്‍ ഒഴികെ 3,194 പേരാണ് രണ്ടാംദിനം മല്‍സരിക്കാനെത്തുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss