|    Dec 14 Fri, 2018 12:06 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

59ാമത് സംസ്ഥാന സ്‌കൂള്‍ കലാമേള:ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published : 6th December 2018 | Posted By: kasim kzm

ആലപ്പുഴ: ഒരു വ്യാഴവട്ടത്തിന് ശേഷം സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് വേദിയാവുന്ന കിഴക്കിന്റെ വെനീസില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ മുതല്‍ മൂന്നു ദിവസമാണ് 59ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് ആലപ്പുഴ വേദിയാവുന്നത്.
മഹാപ്രളയത്തെ അതിജീവിച്ച കുട്ടനാടിന് ആദരമായിട്ടാണ് ഇത്തവണ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം നടത്തുന്നത്. പ്രളയക്കെടുതിയെത്തുടര്‍ന്ന് ചെലവ് ചുരുക്കിയും ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയുമാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. 29 വേദികളിലായി 12,000 മല്‍സരാര്‍ഥികളാണ് ആലപ്പുഴയിലെത്തുന്നത്. ആകെ 158 ഇനങ്ങളിലാണ് മല്‍സരം നടക്കുക. ആറിന് രാവിലെ രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങും. 14 കേന്ദ്രങ്ങളിലായി 60 അധ്യാപകരാണ് രജിസ്‌ട്രേഷന്‍ കൗണ്ടറിലുണ്ടാവുക. കലോല്‍സവം നഗരത്തിലെ തന്നെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചായതിനാല്‍ അറവുകാട് മുതല്‍ തുമ്പോളി വരെയുള്ള ഭാഗങ്ങളിലെ 12 സ്‌കൂളുകളിലാണ് വിദ്യാര്‍ഥികള്‍ക്കുള്ള താമസസൗകര്യം ഒരുക്കുന്നത്. ഇവിടങ്ങളില്‍ സഹായത്തിനായി പ്രാദേശികമായി ജനകീയ സമിതികളും 20 വിദ്യാര്‍ഥികള്‍ വീതമടങ്ങിയ സൗഹൃദ സേനകളും ഉണ്ടാവും. താമസകേന്ദ്രങ്ങളില്‍ സുരക്ഷയ്ക്കായി പോലിസ് സേവനവും ലഭ്യമാക്കും.
മല്‍സരാര്‍ഥികള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുക ഇഎംഎസ്. സ്‌റ്റേഡിയത്തില്‍ ഒരുക്കുന്ന പ്രധാന കലവറയിലാവുമെങ്കിലും മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി നാലു കേന്ദ്രങ്ങള്‍ വഴിയാവും വിതരണം. ചെലവുചുരുക്കലിന്റെ ഭാഗമായാണിത്. എല്ലാ കേന്ദ്രങ്ങളിലും ബുഫെ മാതൃകയിലാവും ഭക്ഷണവിതരണം. ആവശ്യത്തിന് സ്റ്റീല്‍ പാത്രങ്ങള്‍ ഇതിനായി സ്വരൂപിച്ചിട്ടുണ്ട്. മേളയില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രതിദിനം 30,000 ലിറ്റര്‍ കുടിവെള്ളം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ജല അതോറിറ്റി, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ കുടിവെള്ളം എത്തിക്കും. ഇതോടൊപ്പം നടക്കുന്ന സംസ്‌കൃതോല്‍സവത്തിനും അറബിക് കലോല്‍സവത്തിനും ആയിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. സംസ്‌കൃതോല്‍സവം നാലുവേദികളിലായി 14 ഇനങ്ങളിലാണ് മല്‍സരം. 300 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 19 ഇനങ്ങളില്‍ നടക്കുന്ന അറബിക് കലോല്‍സവത്തില്‍ 500 വിദ്യാര്‍ഥികളെത്തും. ഇവയ്ക്കായി രണ്ടു വേദികളാണ് സജ്ജമാക്കിയിരിക്കുന്നത്.
സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് ആലപ്പുഴ നഗരം ആതിഥേയത്വം വഹിക്കുന്നത് ഇത് മൂന്നാംതവണയാണ്. ഒരിക്കല്‍ ജില്ലയിലെ തന്നെ മാവേലിക്കരയും കൗമാരത്തിന്റെ മഹാമേളയ്ക്ക് വേദിയായി. അങ്ങനെ ജില്ലയുടെ നാലാം ഊഴമാണിത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss