|    Oct 21 Fri, 2016 4:49 pm
FLASH NEWS

58,000 കോടിയും ആയുധക്കച്ചവടവും

Published : 5th October 2016 | Posted By: SMR

റഫീഖ് റമദാന്‍

യുദ്ധമുണ്ടെങ്കിലേ യുദ്ധവിമാനത്തിനു പ്രസക്തിയുള്ളൂ. ഇല്ലെങ്കില്‍ നമ്മുടെ മിഗ് വിമാനങ്ങളെപ്പോലെ കാലഹരണപ്പെട്ടെന്നു പറഞ്ഞ് കട്ടപ്പുറത്തു കയറ്റും. നമ്മുടെ സേനയുടെ ഭാഗമായ എത്രയെത്ര യുദ്ധക്കപ്പലുകളും വിമാനങ്ങളുമാണ് കാലംചെന്നതോടെ ഉപേക്ഷിക്കേണ്ടിവന്നത്. എല്ലാ രാജ്യങ്ങളിലെയും അവസ്ഥ ഇതു തന്നെ. യുദ്ധഭീതി സൃഷ്ടിച്ച് ആഗോള ആയുധക്കമ്പനികള്‍ മറ്റുള്ളവരുടെ സമ്പത്ത് ഊറ്റിയെടുക്കുന്നു. ആഭ്യന്തര സംഘര്‍ഷങ്ങളും യുദ്ധങ്ങളും ഇല്ലെങ്കില്‍ ആയുധനിര്‍മാതാക്കള്‍ തൂങ്ങിച്ചാവേണ്ടിവരില്ലേ.
ഇപ്പോഴിതാ സഹസ്രകോടികളുടെ ആയുധ ഇടപാടിന് നമ്മുടെ രാജ്യം തലവച്ചുകൊടുത്തിരിക്കുന്നു. ഫ്രഞ്ച് വിമാനക്കമ്പനിയായ ഡസല്‍ട്ട് ഏവിയേഷന്റെ ഫൈറ്റര്‍ ജെറ്റായ ഡസല്‍ട്ട് റഫേല്‍ ആണ് ഇന്ത്യ വാങ്ങുന്നത്. ഒന്നും രണ്ടുമല്ല, 36 എണ്ണം. ശവപ്പെട്ടി കുംഭകോണത്തില്‍ പ്രതിക്കൂട്ടിലായ പാര്‍ട്ടി ഭരിക്കുമ്പോള്‍ തന്നെയാണ് ഇതും എന്നത് ശ്രദ്ധേയമാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ അഴിമതിസാധ്യത ആരായുന്നത് രാജ്യദ്രോഹമാവും!
രസകരമായ കാര്യം, മുമ്പ് യുപിഎ സര്‍ക്കാര്‍ 126 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഫ്രാന്‍സുമായുണ്ടാക്കിയ കരാര്‍ റദ്ദ് ചെയ്തവരാണ് മോദി ഭരണകൂടം. ഇപ്പോള്‍ അവര്‍ തന്നെ ഇതേ വിമാനം വാങ്ങാന്‍ കരാറില്‍ ഒപ്പിട്ടിരിക്കുന്നു. അതും സാങ്കേതികവിദ്യയുടെ പിന്‍ബലമില്ലാതെ. സാങ്കേതികവിദ്യാ കൈമാറ്റത്തിനു കൂടി വ്യവസ്ഥചെയ്തായിരുന്നു എ കെ ആന്റണി പ്രതിരോധമന്ത്രിയായിരിക്കെ യുപിഎ കാലത്ത് വിമാനക്കച്ചവടം ഉറപ്പിച്ചിരുന്നത്. ഇപ്പോള്‍ 36 എണ്ണം വാങ്ങാനാണ് 68,000 കോടി രൂപയുടെ കരാറില്‍ ഫ്രഞ്ച് പ്രതിരോധമന്ത്രി ജീന്‍ യെവ്‌സ് ലെ ഡ്രിയാനും ഇന്ത്യന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും ഒപ്പുവച്ചിരിക്കുന്നത്. ഉറിയില്‍ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് കച്ചവടം നടന്നതെന്നതിനാല്‍ പ്രതിപക്ഷത്തിനുപോലും പിന്തുണയ്‌ക്കേണ്ടിവരുന്നു. സാങ്കേതികവിദ്യാ കൈമാറ്റത്തിനു കരാറില്‍ വ്യവസ്ഥയില്ലാത്തത് ഭാവിയില്‍ രാജ്യത്തിന് ബാധ്യതയായേക്കാമെന്നാണ് പ്രതിരോധവിദഗ്ധര്‍ പറയുന്നത്. സാങ്കേതികവിദ്യ കിട്ടിയിരുന്നെങ്കില്‍ യുദ്ധവിമാനങ്ങളുടെ എണ്ണം കുറഞ്ഞിരുന്നെങ്കിലും അത് നമുക്ക് ഒരു മുതല്‍ക്കൂട്ടായേനെ!
അറ്റകുറ്റപ്പണിക്കുള്ള പാര്‍ട്‌സുകള്‍ കിട്ടാതായ, സാങ്കേതികവിദ്യ പഴഞ്ചനായ മിഗ് വിമാനങ്ങളുടെ സ്ഥാനത്ത് റഫേല്‍ വരുന്നതോടെ ഇന്ത്യ വ്യോമയുദ്ധരംഗത്ത് പാകിസ്താനെക്കാള്‍ കരുത്തു നേടിയെന്നാണ് സര്‍ക്കാര്‍ ഭാഗം ന്യായീകരിക്കുന്നത്. എന്നാല്‍, ഇന്ത്യ-ഫ്രാന്‍സ് കരാര്‍ ഒപ്പിച്ച് ചൂടാറും മുമ്പാണ് പാകിസ്താന്‍ ചരിത്രത്തിലാദ്യമായി റഷ്യയുമായി ചേര്‍ന്ന് സംയുക്ത സൈനികാഭ്യാസം നടത്തുന്നത് എന്നത് ഇതോടു ചേര്‍ത്തുവായിക്കണം. റഫേലിനെക്കാള്‍ മികവുറ്റ എത്രയോ യുദ്ധവിമാനങ്ങള്‍ റഷ്യയുടെ കൈവശമുണ്ട്. അതിലൊന്ന് പാകിസ്താന് ലഭിച്ചാല്‍ തീരാവുന്നതേയുള്ളൂ നമ്മുടെ ഭരണകര്‍ത്താക്കളുടെ ക്രെഡിറ്റ്. വ്യോമാക്രമണത്തിന് ഇന്ത്യക്ക് കരുത്തുനല്‍കുന്ന മിഗ്-21, മിഗ്-27, മിഗ്-29 എന്നിവയും സുഖോയ്-30 യുദ്ധവിമാനവും റഷ്യന്‍ നിര്‍മിതമാണ്.
ഒരു രാജ്യവും തങ്ങളുടെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്കു വില്‍ക്കില്ല എന്ന ലളിതമായ തത്ത്വം അംഗീകരിക്കുക. മിഗിനെക്കാള്‍ പ്രഹരശേഷിയുള്ളവ റഷ്യയുടെ പക്കലുണ്ട്. ഇന്ത്യ മുതലാളിത്ത ചേരിയിലേക്കു മാറിയാല്‍ അവയിലൊന്ന് പാകിസ്താനു നല്‍കുന്നതില്‍ റഷ്യക്ക് സന്തോഷമേ കാണൂ. ചൈനയും പാകിസ്താനുമായി കൂടുതല്‍ അടുക്കുകയാണ്. റഷ്യന്‍ യുദ്ധവിമാനങ്ങളെ കൂടാതെ ഫ്രാന്‍സിന്റെ തന്നെ മിറാഷ്-2000, ബ്രിട്ടിഷ് നിര്‍മിത ജാഗ്വാര്‍ എന്നിവയാണ് വ്യോമയുദ്ധ രംഗത്ത് ഇന്ത്യയുടെ കരുത്ത്. ഇതില്‍ ഭാരം കുറഞ്ഞ സൂപ്പര്‍സോണിക് യുദ്ധവിമാനമായ തേജസ് മാത്രമാണ് ഇന്ത്യന്‍ നിര്‍മിതം. മണിക്കൂറില്‍ 2,205 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുന്ന തേജസ് ഇതുവരെയും പൂര്‍ണമായി നമ്മുടെ വിമാനവ്യൂഹത്തിലെത്തിയിട്ടില്ല. ഇതിന്റെ പുതിയ പതിപ്പ് വികസിപ്പിച്ചുതുടങ്ങിയിട്ടേയുള്ളൂ. റഫേല്‍ ഫൈറ്റര്‍ ജെറ്റിന് മണിക്കൂറില്‍ 1,912 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാനുള്ള ശേഷിയേ ഉള്ളൂ എന്നോര്‍ക്കുക.
നിലവില്‍ ഇന്ത്യയുടെ പക്കല്‍ 809 യുദ്ധവിമാനങ്ങളുണ്ട്. പാകിസ്താന് 394 എണ്ണമേയുള്ളൂ. എന്നാല്‍, കരുത്തരായ ചൈനീസ് സേനയുടെയടുത്ത് 1,385 യുദ്ധവിമാനങ്ങളുണ്ട്. ഒരു യുദ്ധമുണ്ടായാല്‍ ചൈനയുടെയും റഷ്യയുടെയും സഹായം പാകിസ്താന് ലഭിച്ചേക്കുമെന്നാണ് സമകാലിക രാഷ്ട്രീയ നയതന്ത്ര ബന്ധങ്ങള്‍ കാണിക്കുന്നത്. പാകിസ്താനെ ഇതുവരെ കണക്കറ്റ് സഹായിച്ചുവന്ന അമേരിക്ക അവരെ പൂര്‍ണമായി കൈയൊഴിയുമെന്ന് പറയാനാവില്ലതാനും. കാരണം, ആണവശക്തിയായ പാകിസ്താനില്‍ ഭീകരവാദികള്‍ അധികാരത്തിലേറുന്നതും ആണവ സാങ്കേതികവിദ്യ അവര്‍ കരസ്ഥമാക്കുന്നതും ലോക പോലിസായ അമേരിക്കയെ ഭയപ്പെടുത്തുന്നു. അതിനാല്‍ ഭീകരവിരുദ്ധ പോരാട്ടത്തിന് എന്ന പേരില്‍ വന്‍ സാമ്പത്തികസഹായമാണ് യുഎസ് ആ രാജ്യത്തിനു നല്‍കിവരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 85 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day