Flash News

58 എംപിമാരും എംഎല്‍എമാരും വിദ്വേഷപ്രസംഗ കേസില്‍ കുറ്റാരോപിതര്‍

ന്യൂഡല്‍ഹി: 58ഓളം എംപിമാരും എംഎല്‍എമാരും വിദ്വേഷപ്രസംഗ കേസില്‍ കുറ്റാരോപിതരാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍), ഇലക്ഷന്‍ വാച്ച് (ന്യൂ) എന്നീ സംഘടനകള്‍ ചേര്‍ന്നു പുറത്തുവിട്ട പട്ടികയില്‍ പറയുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എംഎല്‍എമാരും എംപിമാരും സ്വയംസമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിച്ചാണ് സംഘടനകള്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. എഡിആര്‍ റിപോര്‍ട്ട് അനുസരിച്ച് 15 ലോക്‌സഭ എംപിമാര്‍ക്കെതിരേ സ്ഥിരീകരിച്ച വിദ്വേഷപ്രസംഗ കേസുകള്‍ നിലവിലുണ്ട്. അതേസമയം, രാജ്യസഭാ എംപിമാര്‍ക്കെതിരേ കേസുകള്‍ നിലവിലില്ല. വിദ്വേഷപ്രസംഗത്തിന് കേസുകള്‍ നിലവിലുള്ള 10ഓളം ലോക്‌സഭാ എംപിമാര്‍ ബിജെപിയില്‍ നിന്നുള്ളവരാണ്. കൂടാതെ ഓള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (ഐഡിയുഡിഎഫ്), തെലങ്കാന രാഷ്ട്രസമിതി, പട്ടാളി മക്കള്‍ കക്ഷി, ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) എന്നീ പാര്‍ട്ടികളുടെ എംപിമാരുമുണ്ട്. എംഎല്‍മാരുടെ എണ്ണം പാര്‍ട്ടിതലത്തില്‍ പരിശോധിക്കുമ്പോള്‍ ബിജെപി എംഎല്‍എമാര്‍ക്കാണ് ഏറ്റവുമധികം കേസുകളുള്ളത്(17പേര്‍). ടിആര്‍എസ്, എഐഎംഐഎം എന്നീ പാര്‍ട്ടികളില്‍ നിന്ന് അഞ്ചുപേര്‍, തെലുഗുദേശം പാര്‍ട്ടി (ടിഡിപി)യില്‍ നിന്ന് മൂന്നുപേര്‍, കോണ്‍ഗ്രസ് (ഐഎന്‍സി), അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് (എഐടിസി), ജനതാദള്‍ (യുഡിഎഫ്) എന്നീ പാര്‍ട്ടികളില്‍ നിന്നു രണ്ടുപേര്‍ വീതം, ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി), സമാജ്‌വാദി പാര്‍ട്ടി എന്നിവയില്‍ നിന്നു ഒരാള്‍ വീതം, രണ്ടു സ്വതന്ത്ര എംഎല്‍എമാര്‍ എന്നിങ്ങനെയാണ്് കേസില്‍ ഉള്‍പ്പെട്ട എംഎല്‍എമാര്‍.
കേസുകളുള്ള 11 എംഎല്‍എമാര്‍ തെലങ്കാനയില്‍നിന്നുള്ളവരാണ്. ബിഹാറില്‍ നിന്നു നാലുപേരും മഹാരാഷ്ട്രയില്‍ നിന്ന് ഒമ്പതു പേരും ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് മൂന്നുപേരും ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നു രണ്ടുപേരും ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്‌നാട്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ എംഎല്‍എമാരും പട്ടികയിലുണ്ട്.
Next Story

RELATED STORIES

Share it