57ലെ ഓര്‍മകളുമായി പഴയകാല 'പോരാളി'

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: കേരളം വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ 91ാം വയസ്സിന്റെ അസ്വസ്ഥതകളിലും 1957ലെ തിരഞ്ഞെടുപ്പ് ഓര്‍മകള്‍ അയവിറക്കുകയാണ് പി വിശ്വംഭരന്‍ എന്ന പഴയകാല 'പോരാളി'. കേരളത്തിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തിലെ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്നു പി വിശ്വംഭരന്‍.
തിരഞ്ഞെടുപ്പു പ്രചാരണം കൊടുമ്പിരികൊണ്ടിട്ടും സ്ഥാനാര്‍ഥിയെ മണ്ഡലത്തിലെങ്ങും കാണാനില്ല. സ്ഥാനാര്‍ഥിയില്ലെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരാവട്ടെ ചുവരെഴുത്തും അനൗണ്‍സ്‌മെന്റും കൊഴുപ്പിക്കുന്നുണ്ടായിരുന്നു. സ്ഥാനാര്‍ഥി മുങ്ങിയതൊന്നുമല്ല, അഴികള്‍ക്കുള്ളിലാണ്. തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയതിന്റെ പേരിലായിരുന്നു അറസ്റ്റ്. തിരഞ്ഞെടുപ്പിന് 10 ദിവസം മുമ്പാണു പുറത്തിറങ്ങി മണ്ഡലത്തില്‍ പര്യടനം ആരംഭിച്ചത്. പിന്നെ നിലംതൊടാതെ മുക്കിലും മൂലയിലും ഓടിയെത്താനുള്ള തത്രപ്പാടായിരുന്നു. തുടക്കത്തില്‍ നേമത്ത് അടിപതറിയെങ്കിലും ദീര്‍ഘകാലം എംഎല്‍എയും എംപിയുമായി സംസ്ഥാനരാഷ്ട്രീയത്തില്‍ കത്തിനിന്നു.
നേമം, തിരുവല്ലം, കോട്ടുകാല്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതായിരുന്നു മണ്ഡലം. കോണ്‍ഗ്രസ്സിലെ കുട്ടന്‍നാടാര്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവണാകുഴി സദാശിവന്‍ എന്നിവരായിരുന്നു എതിരാളികള്‍.
അന്ന് ചുവരെഴുത്തും തോരണങ്ങളും പൊതുയോഗങ്ങളും മാത്രമേയുള്ളൂവെന്ന് വിശ്വംഭരന്‍ ഓര്‍ത്തെടുക്കുന്നു. രാത്രിപന്തംകൊളുത്തി ഇടവഴികള്‍ തോറും ജാഥ നയിക്കും. 5000 രൂപയാണ് ഒരു സ്ഥാനാര്‍ഥിക്കു ചെലവഴിക്കാവുന്ന പരമാവധി തുക. കോയമ്പത്തൂരിനടുത്തുള്ള ഗുഡിയാഡില്‍ വിലകുറച്ച് കോട്ടന്‍തുണി കിട്ടും. അത് കിലോക്കണക്കിനു വാങ്ങിക്കൊണ്ടുവന്നാണ് എല്ലാ പാര്‍ട്ടികളും കൊടിതോരണങ്ങളുണ്ടാക്കുന്നത്. തെങ്ങും കവുങ്ങുമൊക്കെ വെട്ടിക്കൊണ്ടുവന്നു കുഴിച്ചിട്ട് സ്ഥാനാര്‍ഥിയുടെ പേരെഴുതി കെട്ടിത്തൂക്കും. 3000 പോസ്റ്റര്‍ മാത്രമാണ് അന്ന് പിഎസ്പി അച്ചടിച്ചത്. പടംവച്ച് പോസ്റ്ററടിക്കാനുള്ള സംവിധാനമൊന്നും അന്നില്ല. പാര്‍ട്ടിയുടെ പേരും സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവുമുണ്ടാവും. ചിഹ്നം വോട്ടര്‍മാരെ പഠിപ്പിച്ചെടുക്കാനാണ് എല്ലാവരുടെയും ശ്രമം. 59ല്‍ ഭൂരിപക്ഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കായിരുന്നു. പിന്നീട് 60ല്‍ വിശ്വംഭരന്‍ നേമം തിരിച്ചുപിടിച്ചു.
Next Story

RELATED STORIES

Share it