55,548 കുടിയേറ്റ കേന്ദ്രങ്ങള്‍ കൂടി നിര്‍മിക്കാന്‍ ഇസ്രായേല്‍ നീക്കം

വെസ്റ്റ്ബാങ്ക്: അധിനിവേശ വെസ്റ്റ്ബാങ്കില്‍ 55,548 അനധികൃത ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ കൂടി നിര്‍മിക്കാന്‍ ഇസ്രായേല്‍ നീക്കം നടത്തുന്നതായി സന്നദ്ധ സംഘടനയായ പീസ് നൗ.
വെസ്റ്റ്ബാങ്കിലെ ഇ1 മേഖലയില്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ ഇസ്രായേല്‍ ഭവനമന്ത്രാലയം പാര്‍ലമെന്റിന്റെ അംഗീകാരം തേടിയതായി പീസ് നൗ റിപോര്‍ട്ടില്‍ പറയുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട്. എന്നാല്‍, വാര്‍ത്തകളോടു പ്രതികരിക്കാന്‍ ഇസ്രായേല്‍ ഭവനമന്ത്രാലയം തയ്യാറായില്ല. ഇ1 മേഖലയും സമീപത്തെ മാലിഹ് അസുമിം മേഖലയിലെയും കുടിയേറ്റ കേന്ദ്രങ്ങള്‍ വെസ്റ്റ്ബാങ്കിനെ വിഭജിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ഇത് ഫലസ്തീന്‍ രാഷ്ട്രരൂപീകരണത്തെ പ്രതികൂലമായി ബാധിക്കുമെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. ഇ1, മാലിഹ് അസുമിം മേഖലകളിലെ കടന്നുകയറ്റം ദ്വിരാഷ്ട്ര പരിഹാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും അതിനാല്‍ അന്താരാഷ്ട്ര സമൂഹം ഇതിനെതിരേ ശക്തമായി രംഗത്തുവരണമെന്നും പീസ് നൗ റിപോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ വെസ്റ്റ്ബാങ്കില്‍ 135 കുടിയേറ്റ കേന്ദ്രങ്ങളിലായി 3,80,000വും കിഴക്കന്‍ ജെറുസലേമില്‍ 2,00,000 അനധികൃത ജൂത കുടിയേറ്റക്കാരുമുണ്ടൈന്നാണ് കണക്ക്.
Next Story

RELATED STORIES

Share it