thiruvananthapuram local

550 ലിറ്റര്‍ കോടയും 5 ലിറ്റര്‍ വ്യാജച്ചാരായവും പിടികൂടി; ഒരാള്‍ അറസ്റ്റില്‍

വെള്ളറട: വ്യാജവാറ്റ് കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ അഞ്ച് ലിറ്റര്‍ വ്യാജച്ചാരായവും 550 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും എക്‌സൈസ് സംഘം പിടികൂടി. കേന്ദ്രം നടത്തിപ്പുകാരനെ അറസ്റ്റ് ചെയ്തു. അമ്പൂരി കോവില്ലൂര്‍ ചറുക്ക്പാറ യൂനാനില്‍ ഷാജി എന്ന് വിളിക്കുന്ന തോമസ് (48) ആണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ 4.45ന് അമരവിള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ ബിനുവിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപറേഷനിലാണ് മലയോര മേഖലയിലെ പ്രധാന വ്യാജച്ചാരായ വിതരണക്കാരനായ പ്രതി പിടിയിലായത്. ഇവിടെനിന്നും അസംസ്‌ക്കൃത വസ്തുക്കള്‍, ഗ്യാസ് സിലിണ്ടര്‍, സ്റ്റൗ തുടങ്ങിയവ പിടിച്ചെടുത്തു. അമ്പൂരി മൃഗാശുപത്രിക്ക് പുറകുവശത്തായി തോമസിന്റെ ഉടമസ്ഥതയിലുള്ള രണ്ട് സെന്റ് ഭൂമിയില്‍ ഷെഡ് നിര്‍മിച്ചായിരുന്നു വ്യാജവാറ്റ് നടന്നിരുന്നത്. എക്‌സൈസ് സംഘം എത്തുമ്പോഴും ചാരായം നിര്‍മാണം തകൃതിയായി നടക്കുകയായിരുന്നു. ചാരായം വാറ്റുന്നതില്‍ വിദഗ്ധനായതിനാല്‍ തോമസിന്റെ വ്യാജമദ്യത്തിന് വന്‍ഡിമാന്റാണ്. വിവാഹ പാര്‍ട്ടികള്‍ക്കും മദ്യസല്‍ക്കാരങ്ങള്‍ക്കും ആവശ്യമുള്ള മദ്യം ഇയാള്‍ നിര്‍മിച്ചു നല്‍കുമായിരുന്നു. ഇതിനായി ആവശ്യക്കാര്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ ബുക്ക് ചെയ്യേണ്ടിവരും. ആനവേട്ട കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള തോമസ് വര്‍ഷങ്ങളായി വാറ്റ് നടത്തിവരികയാണെങ്കിലും എക്‌സൈസിന്റെ പിടിയിലാവുന്നത് ആദ്യമായാണ്. പ്രിവന്റിവ് ഓഫിസര്‍ സി എന്‍ ഷാജി, ജീവനക്കാരായ എം എസ് അരുണ്‍കുമാര്‍, ജിനേഷ്, സൈമണ്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it