53 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; മുന്നില്‍ കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സംസ്ഥാനത്തെ 53 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്ന് കംപ്‌ട്രോളര്‍ ആന്റ ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തല്‍. 53 സ്ഥാപനങ്ങളും മൊത്തം 888.89 കോടി രൂപയുടെ നഷ്ടമുണ്ടാക്കി. എന്നാല്‍ 50 പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും 498.47 കോടി രൂപയുടെ ലാഭമുണ്ടായി. 508.22 കോടി നഷ്ടമുണ്ടാക്കിയ കെഎസ്ആര്‍ടിസിയാണ് നഷ്ടക്കണക്കില്‍ മുന്നില്‍. 127.95 കോടി നഷ്ടമുണ്ടാക്കിയ കശുവണ്ടി വികസന കോര്‍പറേഷനും 89.11 കോടി നഷ്ടമുണ്ടാക്കിയ സിവി ല്‍ സപ്ലൈസ് കോര്‍പറേഷനുമാണ് നഷ്ടക്കണക്കുമായി തൊട്ടുപിന്നിലുള്ളത്.
ലാഭമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ വൈദ്യുതി ബോര്‍ഡ് (140.42 കോടി), ബിവറേജസ് കോര്‍പറേഷന്‍ (123.54 കോടി), കേരളാ സ്‌റ്റേറ്റ് ഫിനാ ന്‍ഷ്യല്‍ എന്റര്‍പ്രൈസ് (കെഎസ്എഫ്ഇ) (69.90 കോടി), കേരളാ സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ്‌കോര്‍പറേഷന്‍ (കെഎസ്‌ഐഡിസി) 30.49 കോടി എന്നിവയാണ്. ഇന്നലെ നിയമസഭയുടെ മേശപ്പുറത്ത് വച്ച 2014-15 സാമ്പത്തിക വര്‍ഷത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച ഓഡിറ്റ് റിപോര്‍ട്ടിലേതാണ് വിവരങ്ങ ള്‍. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പെര്‍ഫോമന്‍സ് അലവന്‍സായി 3.24 കോടി രൂപ നല്‍കിയത് സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് ക്രമവിരുദ്ധമായാണെന്നും റിപോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. മികച്ച പ്രകടനത്തിനുള്ള പ്രോല്‍സാഹനമായി നല്‍കുന്ന അലവന്‍സ് എടുത്തുപറയത്തക്ക നേട്ടമൊന്നുമില്ലാതെയാണ് ജീവനക്കാര്‍ക്ക് നല്‍കിയത്. 2014-15 വര്‍ഷത്തില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെയും ഏതെങ്കിലും കാര്യമായ നേട്ടവുമായി ബന്ധിപ്പിക്കാതെയുമാണ് പെര്‍ഫോര്‍മന്‍സ് അലവന്‍സ് നല്‍കാന്‍ കെഎസ്ആ ര്‍ടിസി എംഡി ഉത്തരവിട്ടത്. കോര്‍പറേഷന്‍ തുടര്‍ച്ചയായി നഷ്ടമുണ്ടാക്കുന്നതിനാലും കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനാലും പെര്‍ഫോമന്‍സ് അലവന്‍സ് നല്‍കിയതിന് നീതീകരണമില്ലെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
സംസ്ഥാന ധാതു വികസന കോര്‍പറേഷന്‍ ഖനനം ചെയ്‌തെടുത്ത മണല്‍ സംരക്ഷിക്കുന്നതിലും സംഭരിക്കുന്നതിലും വരുത്തിയ വീഴ്ച കാരണം 6.42 കോടിയുടെ വരുമാന നഷ്ടമുണ്ടായി. കേബിള്‍ ടിവി ഓപറേറ്റര്‍മാര്‍ക്ക് നല്‍കിയ അനര്‍ഹമായ ആനുകൂല്യം കാരണം വൈദ്യുതി ബോര്‍ഡിന് നഷ്ടമുണ്ടായി. ഏഷ്യാനെറ്റും മറ്റു കേബിള്‍ ടിവി ഓപറേറ്റര്‍മാരുമായും കരാര്‍ ഉണ്ടാക്കാത്തതിനാല്‍ വൈദ്യുതി ബോര്‍ഡിന് 14.70 കോടിയുടെ നഷ്ടമുണ്ടായി.
സംസ്ഥാന തീരദേശ വികസന കോര്‍പറേഷനില്‍ സര്‍ക്കാര്‍ പദ്ധതികളുടെ വിനിയോഗിക്കപ്പെടാത്ത ധനത്തിന് ലഭിച്ച പലിശ തെറ്റായി കണക്കാക്കിയതിലൂടെ കോര്‍പറേറ്റ് നികുതിയിനത്തില്‍ ലാഭിക്കാമായിരുന്ന 1.29 കോടിയുടെ അധികച്ചെലവുണ്ടായെന്നും ഓഡിറ്റ് റിപോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങില്‍ നാലെണ്ണം ലാഭമോ നഷ്ടമോ വരുത്തിയിട്ടില്ലെന്നും അഞ്ചെണ്ണം കണക്കുകള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it