kannur local

528 ഹെക്്ടര്‍ തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കി

കണ്ണൂര്‍: ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ 528 ഹെക്ടര്‍ തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കിയെന്നു ഹരിതകേരളം ജില്ലാ മിഷന്‍ അവലോകന യോഗം വിലയിരുത്തി. ജില്ലയില്‍ 5200 ഹെക്ടര്‍ നെല്‍കൃഷി ചെയ്തുവരുന്നുണ്ട്. 210 ഹെക്ടറില്‍ കരനെല്‍കൃഷിയും ആരംഭിച്ചു. ഇതിനു പുറമെ 20 ഹെക്ടര്‍ വീതമുള്ള 10 ക്ലസ്റ്ററുകളിലായി 200 ഹെക്ടര്‍ സ്ഥലത്ത് ജൈവപച്ചക്കറി കൃഷി പുരോഗമിച്ചുവരികയാണെന്നും യോഗം വിലയിരുത്തി. ഇതുവരെ 266 കിണറുകള്‍ നിര്‍മിച്ചു. 1344 കിണറുകള്‍ റീചാര്‍ജ് ചെയ്തു. 467 ചെക്ക് ഡാമുകള്‍, 668,246 മഴക്കുഴികള്‍, 54 കുളങ്ങള്‍ എന്നിവ നിര്‍മിച്ചു. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഹരിതപെരുമാറ്റച്ചട്ടം നടപ്പിലാക്കി. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി അടുത്ത പരിസ്ഥിതി ദിനത്തില്‍ ജില്ലയില്‍ നടുന്നതിനു വേണ്ടിയുള്ള ചെടികള്‍ നട്ടുപിടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ പഞ്ചായത്തുകളിലും ഫാമുകളിലുമായി പുരോഗമിച്ചുവരികയാണ്. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനുള്ള ഹരിതകര്‍മ സേനാ രൂപീകരണം 61 തദ്ദേശ സ്ഥാപനങ്ങളില്‍ ഇതിനകം പൂര്‍ത്തിയായതായും യോഗം വിലയിരുത്തി. അടുത്ത വേനലിനെ നേരിടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ഹരിതകേരള മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ യോഗത്തില്‍ പറഞ്ഞു. ഇതിന്റെ മുന്നോടിയായി ജില്ലയിലെ കിണറുകള്‍, കുളങ്ങള്‍, തോടുകള്‍, നീരുറവകള്‍ തുടങ്ങി മുഴുവന്‍ ജലസ്രോതസ്സുകളെയും ശുചീകരിക്കുന്നതിന് പദ്ധതിയാവിഷ്‌ക്കരിക്കണം. മാര്‍ച്ച് ആദ്യവാരത്തോടെ പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നും അവര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ഹരിതകേരളം മിഷന്‍ സംസ്ഥാന കണ്‍സല്‍ട്ടന്റ് ടി പി സുധാകരന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it