Idukki local

51 വാറ്റ് യന്ത്രങ്ങളുടെ കരാറില്‍ രണ്ടു ലക്ഷത്തിന്റെ അഴിമതിഷാനവാസ് കാരിമറ്റം

അടിമാലി: മുതുവാന്‍ സമുദായക്കാര്‍ക്ക് പുല്‍ത്തൈല നിര്‍മ്മാണ യന്ത്രം വാങ്ങുന്ന കരാറിന്റെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി ആരോപണം.51 വാറ്റു യന്ത്രങ്ങളുടെ വാങ്ങല്‍ കരാറില്‍ രണ്ടു ലക്ഷം രൂപയുടെ അഴിമതി. അടിമാലി െ്രെടബല്‍ ഡവലപ്‌മെന്റ് ഓഫീസിനു കീഴില്‍ പുല്‍ത്തൈല വാറ്റു യന്ത്രത്തിന്റെ കരാര്‍ ഉറപ്പിച്ചതിലാണ് വന്‍ അഴിമതി നടന്നിരിക്കുന്നത്. ഒരു യന്ത്രത്തിന് 4000 രൂപ വീതം 51 യന്ത്രങ്ങള്‍ക്കായി 2,04000 രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്.ഇതോടെ െ്രെടബല്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്നിരിക്കുന്ന അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായി.2017-18 സാമ്പത്തിക വര്‍ഷം അടിമാലി െ്രെടബല്‍ ഡവലപ്‌മെന്റ് ഓഫീസിനു കീഴിലെ വിവിധ പട്ടിക വര്‍ഗ കോളനികളില്‍ മുതുവാന്‍ സമുദായ അംഗങ്ങള്‍ക്ക് പുല്‍ത്തൈലം വാറ്റിയെടുക്കുന്നതിനുള്ള 51 പുല്‍ത്തൈല വാറ്റു യന്ത്രം വിതരണം നടത്തുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചിരുന്നു. ബി.3767 /2017നമ്പറായി ഡിസംബര്‍ ആറിനാണ് അടിമാലി െ്രെടബല്‍ ഓഫീസര്‍ ദര്‍ഘാസ് ഉത്തരവിറക്കിയത്.   1792 രൂപ ദര്‍ഘാസ് ഫോറത്തിന് വില ഈടാക്കിയിരുന്നു. 7650 രൂപ നിരത ദ്രവ്യമായി കെട്ടി വയ്ക്കണം. ഈ നിബന്ധനകള്‍ അംഗീകരിച്ച് മറയൂര്‍ സ്വദേശികളായ രണ്ടു പേരാണ് കരാര്‍ സമര്‍പ്പിച്ചത്. മുദ്ര വച്ച കരാര്‍ പ്രകാരം ഒരാള്‍ ഒരു വാറ്റു യന്ത്രത്തിന് 10,250 രൂപയും മറ്റൊരാള്‍ 10,950 രൂപയുമാണ് കരാര്‍ അപേക്ഷയില്‍ രേഖപ്പെടുത്തിയിരുന്നത്. ഡിസംബര്‍ 15ന് വൈകിട്ട് മൂന്നിന് മറ്റു ടെന്‍ഡര്‍ ലഭിക്കാതെ വന്നതോടെ ലഭിച്ച രണ്ടു ടെന്‍ഡര്‍ തുറക്കുകയും ചെയ്തു. എന്നാല്‍ െ്രെടബല്‍ ഓഫീസറുടെ ഓഫീസ് കുറഞ്ഞ കരാര്‍ രേഖപ്പെടുത്തിയ ടെന്‍ഡര്‍ ഫോമിനെ മറികടന്ന് കൂടിയ തുകയായ 10,950 രൂപ രേഖപ്പെടുത്തിയ വ്യക്തിക്ക് കരാര്‍ ഉറപ്പിക്കാന്‍ തീരുമാനിച്ചു. ഇതോടെ കരാര്‍ നല്‍കിയ രണ്ടു പേരും തമ്മില്‍ സംഘര്‍ഷം രൂപപ്പെട്ടു. പ്രശ്‌ന പരിഹാരത്തിനായി ഇടപെട്ട െ്രെടബല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഇരുവരേയും തൃപ്തിപ്പെടുത്തുന്നതിനും ഇടനിലയില്‍ നിന്ന് വന്‍ തുക കമ്മീഷന്‍ തട്ടിയെടുക്കുന്നതിനുമായി ഒരു വാറ്റു യന്ത്രത്തിന് 14,250 രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചു. കരാറുകളില്‍ നിന്നും കൂടുതല്‍ തുകയായി 4000 രൂപ ഇതിനു കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്ന ഉറപ്പിലാണ് ഈ തുകയ്ക്ക് കരാര്‍ ഉറപ്പിച്ചത്. ഇര കരാറുകാര്‍ക്കും യഥാക്രമം 25, 26 യന്ത്രങ്ങള്‍ വീതം നല്‍കാനുമാവും. ഫലത്തില്‍ 51 യന്ത്രങ്ങളില്‍ നിന്നായി 4000 രൂപ വീതം 2,04,000 രൂപ സര്‍ക്കാരിന് നഷ്ടം വരും. ഈ തുക െ്രെടബല്‍ ഓഫീസിലെ ചില ജീവനക്കാരുടെ നേതൃത്വത്തില്‍ തട്ടിയെടുക്കുകയായിരുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പട്ടിക വര്‍ഗ ഓഫീസിലെ ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന അഴിമതി സംബന്ധിച്ച് ഇതേ ഓഫീസിലെ ഉദ്യോഗസ്ഥനോട് വിവരം തിരക്കിയെങ്കിലും ടെന്‍ഡറിനെ കുറിച്ച് യാതൊരു വിവരവും അറിയില്ലെന്ന് പറഞ്ഞ് ജൂനിയര്‍ സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഒഴിവായി.കൂടാതെ അഴിമതി ആരോപണങ്ങളും നിഷേധിച്ചു. എന്നാല്‍ ഒരേ പ്രവര്‍ത്തിയുടെ കരാര്‍ രണ്ടു കരാറുകാര്‍ക്ക് എങ്ങനെ ലഭിച്ചുവെന്നതിന് മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്കായിട്ടില്ല. അടിമാലി െ്രെടബല്‍ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന ലക്ഷക്കണക്കിന് രൂപയുടെ അഴിമതികളില്‍ ഒന്നു മാത്രമാണിത്. ഇതിനിടെ സംഭവം ഒതുക്കി തീര്‍ക്കുന്നതിനുള്ള നീക്കങ്ങള്‍ സജീവമായിട്ടുണ്ട്.
Next Story

RELATED STORIES

Share it