|    Oct 19 Fri, 2018 1:20 pm
FLASH NEWS

504 കോളനിയില്‍ നാല് കോടിയുടെ കുടിവെള്ള പദ്ധതി

Published : 22nd January 2017 | Posted By: fsq

 

കോട്ടയം: പട്ടികജാതി പട്ടികവര്‍ഗ ഗോത്രവര്‍ഗ കമ്മീഷന്റെ ഇടപെടലിലൂടെ മുണ്ടക്കയം 504 കോളനിയ്ക്ക് ലഭിക്കുന്നത് നാല് കോടി രൂപയുടെ കുടിവെള്ള പദ്ധതി. ഇന്നലെ കലക്ടറേറ്റില്‍ നടന്ന അദാലത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ പി എന്‍ വിജയകുമാര്‍ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച്  കേരള വാട്ടര്‍ അതോറിറ്റി തെക്കന്‍ മേഖല ചീഫ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കി. 360 പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ആറ് വര്‍ഷത്തിന് മുമ്പ് ഒരു കോടി രൂപയുടെ പദ്ധതി അനുവദിച്ചിരുന്നതാണ്. ജല സ്രോതസില്ല  എന്നകാരണം പറഞ്ഞ് ഈ പദ്ധതി നിര്‍വഹണ ഏജന്‍സി ഉപേക്ഷിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് കോളനിക്കാരില്‍ നിന്ന് കമ്മീഷന് ലഭിച്ച പരാതിയെ തുടര്‍ന്ന് കമ്മീഷനംഗം അഡ്വ.കെ കെ മനോജിന്റെ നേതൃത്വത്തില്‍  നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കുടിവെള്ള പദ്ധതി തയ്യാറാക്കിയത്. കോളനിയുടെ ആരോഗ്യകരമായ ചുറ്റുപാട് കുടിവെള്ള ലഭ്യതയുമായി ബന്ധപ്പെട്ടതായതിനാല്‍ സമാന്തര സ്രോതസ് കണ്ടെത്തി സമയ ബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കണമെന്നാണ് കമ്മീഷന്‍ വാട്ടര്‍ അതോറിട്ടിക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.താമസിക്കുന്ന അഞ്ച് സെന്റ് സ്ഥലത്ത് അയല്‍ക്കാരനു വേണ്ടി ഇലക്ട്രിക് പോസ്റ്റ് സ്ഥാപിക്കാന്‍ 30 വര്‍ഷം മുമ്പ് കെഎസ്ഇബിയ്ക്ക് നല്‍കിയ അനുവാദം റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് തലപ്പലം സ്വദേശിനി രമണി സുകുമാരന്‍ സമര്‍പിച്ച പരാതി കമ്മീഷന്‍ പരിശോധിച്ചു. തേക്കിന്‍ തടികൊണ്ടുള്ള പോസ്റ്റ് മൂന്നു തവണ വീടിനു മുകളില്‍ വീണ് നാശ നഷ്ടം വരുത്തി. അയല്‍ക്കാരന്റെ വീട്ടിലേക്ക് വഴി സൗകര്യവും ഇപ്പോഴുണ്ട്. ഈ സാഹചര്യത്തില്‍ പോസ്റ്റ് വഴിയിലേയ്്ക്ക് മാറ്റി സ്ഥാപിക്കുന്നതിന് കെഎസ്ഇബി നടപടിയെടുക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. ഇതിനാവശ്യമായ ചെലവ് പോസ്റ്റിന്റെ ഗുണഭോക്താവില്‍ നിന്നാണ് ഈടാക്കേണ്ടതെന്നും കമ്മീഷന്‍ വ്യക്തമാക്കി.നാട്ടകം  പോളിടെക്‌നിക് ഹോസ്റ്റലില്‍  ദലിത് വിദ്യാര്‍ഥിക്ക് നേരെ നടന്ന പീഢനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ പ്രിന്‍സിപ്പല്‍ ,വൈസ് പ്രിന്‍സിപ്പല്‍, ഹോസ്റ്റല്‍ വാര്‍ഡന്‍ എന്നിവരെ അദാലത്തില്‍ വിസ്തരിച്ചു. ഇതു സംബന്ധിച്ച തുടര്‍ വിസ്താരം ഫെബ്രുവരി 14 ന് നടത്തും. കമ്മീഷന്‍ ചെയര്‍മാന്‍ പിഎന്‍ വിജയകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ 40 കേസുകള്‍ പരിഗണിച്ചു. പുതിയതായി ലഭിച്ച 40 പരാതികള്‍ ഫയലില്‍ സ്വീകരിച്ചു. കലക്ടര്‍ സി എ ലത ,കമ്മീഷനംഗങ്ങളായ എഴുകോണ്‍ നാരായണന്‍, അഡ്വ.കെ കെ മനോജ്, രജിസ്ട്രാര്‍ മോഹനന്‍ ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ ലാലാജി എന്നിവര്‍ അദാലത്ത് നയിച്ചു.വിവിധ പരാതികളിന്മേല്‍ നല്‍കിയ നോട്ടീസ് പ്രകാരം പോലിസ്,റവന്യൂ ഉദ്യോഗസ്ഥരടക്കം ബന്ധപ്പെട്ട വകുപ്പുകളുടെ ഉന്നത അധികാരികള്‍ അദാലത്തില്‍ ഹാജരായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss