|    Aug 14 Tue, 2018 7:48 pm
FLASH NEWS

503 ആരോഗ്യകേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നു

Published : 8th August 2018 | Posted By: kasim kzm

മുളംകുന്നത്തുകാവ്: സംസ്ഥാനത്തെ 503 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍കൂടി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്നു. ഇതുമായി ബന്ധപ്പെട്ട പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. നേരത്തെ 170 ആരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു.
രണ്ടാംഘട്ടത്തില്‍ തിരഞ്ഞെടുത്ത ആരോഗ്യകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഗ്രാമപ്പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള രണ്ടുദിവസത്തെ സംസ്ഥാനതല പരിശീലനമാണ് കിലയില്‍ ആരംഭിച്ചത്. വിവിധ ജില്ലകളിലെ 21 ഗ്രാമപ്പഞ്ചായത്തുകളില്‍നിന്നുള്ള പ്രസിഡന്റുമാര്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സ്ണ്‍മാര്‍, സെക്രട്ടറിമാര്‍, ഐസിഡിഎസ് സൂപ്രവൈസര്‍മാര്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സുമാര്‍, സ്റ്റാഫ് നേഴ്‌സുമാര്‍, ലാബ് ടെക്‌നീഷന്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, ക്ലാര്‍ക്കുമാര്‍ എന്നിവരാണ് പ്രാരംഭ സംഘപരിശീലനത്തില്‍ പങ്കെടുക്കുന്നത്. ഓരോ ഗ്രാമപ്പഞ്ചായത്തുകളിലെയും ആരോഗ്യപ്രശ്‌നങ്ങള്‍ക്കു സുസ്ഥിര പരിഹാരം കണ്ടെത്താന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും തമ്മില്‍ കൂട്ടായ്മ വളര്‍ത്തിയെടുക്കുക എന്നതാണ് പ്രാരംഭ പരിശീലനം കൊണ്ടു ലക്ഷ്യമിടുന്നത്. രണ്ടും മൂന്നും ഘട്ടങ്ങളിലായി ജീവനക്കാര്‍ക്കു ആശയ പരിശീലനവും നൈപുണ്യവികസന പരിശീലനവും നല്‍കും. ആര്‍ദ്രം മിഷന്‍ സംസ്ഥാന കണ്‍സല്‍ട്ടന്റ് ഡോ.പികെ ജമീല, നോഡല്‍ ഓഫിസര്‍ ഡോ.ജഗദീശന്‍, സ്റ്റേറ്റ് ഹെല്‍ത്ത് റിസോഴ്‌സ് സെന്റര്‍ ഡയറക്ടര്‍ ഡോ. ഷിനു, കോ-ഓഡിനേറ്റര്‍ ഡോ. ദിവ്യ എന്നിവരാണ് പരിശീലനത്തിനു നേതൃത്വം നല്‍കുന്നത്.
ആദ്യഘട്ടത്തില്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറിയ 90 ലേറെ സ്ഥാപനങ്ങള്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നു സംഘാടകര്‍ അറിയിച്ചു. മൂന്നു ഡോക്ടര്‍മാര്‍, നാലുനേഴ്‌സുമാര്‍, ലാബ്, ലാബ് ടെക്‌നീഷന്മാര്‍, രണ്ടു ഫാര്‍മസിസ്റ്റുകള്‍ എന്നിവരുടെ സേവനം ഉറപ്പാക്കിയാണ് കുടുംബാരോഗ്യകേന്ദ്രങ്ങള്‍ സജ്ജമാക്കുന്നത്. രാവിലെ 9 മതല്‍ വൈകീട്ടു 6 വരെ പ്രവര്‍ത്തിക്കും. ഉപകേന്ദ്ര പ്രവര്‍ത്തനവും ക്ലിനിക്കുകളും ആഴ്ചയില്‍ ആറു ദിവസവും പ്രവര്‍ത്തിക്കുന്നതാണ്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss