|    Oct 22 Mon, 2018 7:33 am
FLASH NEWS

5000 ടണ്‍ കശുവണ്ടി ജില്ലയില്‍ നിന്ന് ശേഖരിക്കും

Published : 22nd January 2017 | Posted By: fsq

 

കാസര്‍കോട്: കശുവണ്ടി വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ ഈസീസണില്‍ ജില്ലയില്‍ നിന്ന് 5000 ടണ്‍ കശുവണ്ടി ശേഖരിക്കുമെന്ന് ചെയര്‍മാന്‍ എസ് ജെ മോഹന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സഹകരണ ബാങ്കുകളാണ് കശുവണ്ടി ശേഖരിക്കുന്നത്. മാര്‍ക്കറ്റില്‍ കിലോയ്ക്ക് ലഭിക്കുന്ന വിലയേക്കാള്‍ അഞ്ച് രൂപ അധികം കര്‍ഷകര്‍ക്ക് നല്‍കിയാണ് കശുവണ്ടി ശേഖരിക്കുന്നത്. കൊല്ലത്തുള്ള കശുവണ്ടി ഫാക്ടറികളിലേക്കാണ് ഇവ സംഭരിക്കുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു. കേരള പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തോട്ടങ്ങളിലെ കശുവണ്ടി കശുവണ്ടി വികസന കോര്‍പറേഷന് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ കാസര്‍കോട് ടൗണ്‍ കോഓപറേറ്റീവ് ബാങ്ക് ഹാളില്‍ സഹകരണ ബാങ്ക് പ്രസിഡന്റുമാരുടെ യോഗവും വിളിച്ചുകൂട്ടിയിരുന്നു. ഇപ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് ആവശ്യമായ കശുവണ്ടി കൊല്ലത്തെ ഫാക്ടറികളിലേക്ക് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും മുന്തിയ ഇനം കശുവണ്ടി ഉല്‍പാദിപ്പിക്കുന്ന കാസര്‍കോട്, കണ്ണൂര്‍ ജില്ലയില്‍ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനാല്‍ കര്‍ഷകരും ചൂഷണത്തിന് വിധേയമാകുന്നുണ്ട്. ഇടനിലക്കാരില്ലാതെ കശുവണ്ടി കര്‍ഷകര്‍ക്ക് പരമാവധി വില ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് കശുമാവ് കൃഷിയില്‍ സ്വയംപര്യാപ്ത കൈവരിക്കുക എന്ന ലക്ഷ്യവുമായി കര്‍ഷകര്‍ക്ക് ഒരു ഏക്കറിന് 100 കശുമാവിന്‍തൈകള്‍ സൗജന്യമായി നല്‍കും. ഓരോ തൈക്കും 100 രൂപ വീതം ഗ്രാന്റും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. 15 ഏക്കറില്‍ കശുമാവ് കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതും ഈ മേഖലയില്‍ പുരോഗതി ലക്ഷ്യംവച്ചാണെന്ന് അദ്ദേഹം പറഞ്ഞു. കശുമാങ്ങയില്‍ നിന്ന് ജാം, വിനാഗിരി, വൈന്‍ എന്നിവ ഉല്‍പാദിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ കശുവണ്ടി വികസന കോര്‍പറേഷന്‍ നേതൃത്വത്തില്‍ ഫാക്ടറി സ്ഥാപിക്കുന്നതിന് തങ്ങള്‍ തയ്യാറാണെന്ന് ചെയര്‍മാന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മാനേജിങ് ഡയറക്ടര്‍ ടി എഫ് സേവ്യര്‍, പി ആര്‍ വസന്തന്‍, സജി ഡി ആനന്ദ്, സുഗതന്‍, സുബൈര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss