ലാഹോര്‍ സ്‌ഫോടനം;5000 പേരെ കസ്റ്റഡിയിലെടുത്തു

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ലാഹോറില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുദിവസത്തിനിടെ പോലിസ് 5000ത്തോളം പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ ഭൂരിഭാഗം പേരെയും ചോദ്യംചെയ്തു വിട്ടയച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി 216 പേരെ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്നു പഞ്ചാബ് പ്രവിശ്യാമന്ത്രി റാണ സനാവുള്ള അറിയിച്ചു. അന്വേഷണത്തില്‍ ഇവരിലാരെങ്കിലും കുറ്റക്കാരാണെന്നു തെളിയുകയാണെങ്കില്‍ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച ബോംബുധാരി നടത്തിയ ആക്രമണത്തില്‍ 70ഓളം പേരാണു കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നാലെ തന്നെ ഉത്തരവാദിത്തം തെഹ്‌രീകെ താലിബാന്‍ ഏറ്റെടുത്തിരുന്നു. 2014ല്‍ പെഷാവറിലെ സ്‌കൂളില്‍ ആക്രമണമുണ്ടായതിനു ശേഷം രാജ്യത്തുണ്ടാവുന്ന ഏറ്റവും വലിയ ആക്രമണമാണിത്. 134 കുട്ടികളായിരുന്നു അന്ന് കൊല്ലപ്പെട്ടത്. ഞായറാഴ്ചത്തെ ആക്രമണത്തില്‍ മരിച്ചവരില്‍ 30 പേരും കുട്ടികളായിരുന്നു. രാജ്യത്തെ സാമ്പത്തികമേഖലയില്‍ മുന്നില്‍ നില്‍ക്കുന്നതും ജനസംഖ്യ കൂടുതലുള്ളതുമായ പ്രവിശ്യകളിലൊന്നാണ് പഞ്ചാബ് പ്രവിശ്യാ തലസ്ഥാനമായ ലാഹോര്‍. പ്രധാനമന്ത്രി നവാസ് ശരീഫിന്റെ രാഷ്ട്രീയ കേന്ദ്രംകൂടിയാണിവിടം. പോലിസും തീവ്രവാദ വിരുദ്ധവിഭാഗവും രഹസ്യാന്വേഷണവിഭാഗവും സംയുക്തമായി 160ഓളം റെയ്ഡുകള്‍ ഇതിനകം നടത്തിയിട്ടുണ്ട്. തുടര്‍ന്നുള്ള ദൗത്യത്തില്‍ സൈന്യത്തെയും അര്‍ധസൈന്യത്തെയും ഉപയോഗിക്കുമെന്നാണു വിവരം.
Next Story

RELATED STORIES

Share it