|    Jul 17 Tue, 2018 9:40 am
FLASH NEWS
Home   >  Todays Paper  >  page 7  >  

500, 1000 രൂപ നോട്ട് നിരോധനം : രൂക്ഷ വിമര്‍ശനവുമായി മന്‍മോഹന്‍ സിങ് വീണ്ടും

Published : 24th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിങ് വീണ്ടും രംഗത്ത്. നോട്ട് നിരോധനമെന്ന സാഹസം മൂലം ഇന്ത്യന്‍ സമ്പദ്ഘടന ഇപ്പോള്‍ കൂടുതല്‍ ആഴത്തിലേക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണെന്നു മന്‍മോഹന്‍ സിങ് പറഞ്ഞു. നോട്ട് പിന്‍വലിച്ച നടപടി സാങ്കേതികമായും സാമ്പത്തികമായും അനാവശ്യമായ തീരുമാനമായിരുന്നു. ചില വികസ്വര, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലൊഴികെ വികസന രാജ്യങ്ങളിലൊന്നും ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ നിരോധിച്ചിട്ടു വിജയിച്ച ചരിത്രമില്ലെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. പഞ്ചാബിലെ മൊഹാലിയില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം ആവശ്യമായിരുന്നുവെന്നു താനിപ്പോഴും വിശ്വസിക്കുന്നില്ലെന്നു മന്‍മോഹന്‍ സിങ് പറഞ്ഞു. വിപണിയിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകള്‍ പിന്‍വലിച്ചതു കൊണ്ട് ഒട്ടേറെ മോശം ഫലങ്ങള്‍ ഉണ്ടാവുമെന്ന് ഉറപ്പായിരുന്നു. അതിന്റെ ഫലമാണു നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. നോട്ട് നിരോധനം സാമ്പത്തിക വളര്‍ച്ചയെ തളര്‍ത്തുമെന്നു ഞാന്‍ നേരത്തെ പറഞ്ഞതാണ്. അതിപ്പോള്‍ അനുഭവപ്പെട്ടു. ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയില്‍ (ജിഡിപി) ഇടിവുണ്ടായതിനു കാരണം നോട്ട് നിരോധനമാണ്. നോട്ട് നിരോധനത്തിനു പിന്നാലെ ധൃതിപിടിച്ചു ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പാക്കി നികുതി ഘടനപരിഷ്‌കരിച്ചതും സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചു. ഭാവിയില്‍ ജിഎസ്ടി ഗുണം ചെയ്യുമെങ്കിലും നടപ്പാക്കിയതിലെ പാളിച്ചകള്‍ മൂലം താല്‍ക്കാലിക തിരിച്ചടി നേരിട്ടുവെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.1991ല്‍ രാജ്യം സാമ്പത്തിക ഉദാരവല്‍ക്കരണ നയം സ്വീകരിക്കാന്‍ തീരുമാനിച്ചത് അപകടം ചെയ്യുമെന്നു പലരും പറഞ്ഞിരുന്നു. എന്നാല്‍, ആ നയം ശരിയായിരുന്നു. ആശങ്കപ്പെട്ടവര്‍ക്കു തങ്ങളുടെ ആശങ്ക തെറ്റാണെന്നും ബോധ്യമായി. അവസരങ്ങളുടെ ഏറ്റവും വലിയ ഭൂമിയാണ് ഇന്ത്യ. എന്നാല്‍, ആഭ്യന്തരമായി രാജ്യം ചില പ്രതിസന്ധികെള അഭിമുഖീകരിക്കുന്നുണ്ടെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss