Districts

500 പവന്‍ കവര്‍ച്ച: രണ്ടുപേര്‍ അറസ്റ്റില്‍

തൃശൂര്‍: വടക്കേക്കാട്ടെ പ്രവാസി വ്യവസായി തടാകം കുഞ്ഞുമുഹമ്മദിന്റെ വീട്ടില്‍ നിന്ന് 500 പവന്‍ സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത സംഭവത്തില്‍ രണ്ടു നേപ്പാള്‍ സ്വദേശികള്‍ അറസ്റ്റില്‍. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ഇവരെ നേപ്പാളില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും നേപ്പാളി പോലിസ് കസ്റ്റഡിയിലാണെന്നു കേരള പോലിസ് അറിയിച്ചു.
കേസിലെ നാലും അഞ്ചും പ്രതികളായ നേപ്പാള്‍ മഹേന്ദ്രനഗര്‍ സ്വദേശികളായ ലളിത്(32), ദീപക് ഭണ്ഡാരി(37) എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേരെ പിടികൂടാനുണ്ട്. ഗാവിന്ദ് ഖത്രി, ഷൈല ഗംഗ, ചുട്കി ഭണ്ഡാരി എന്നിവരെയാണ് പിടികൂടാനുള്ളത്. കേസിലെ മുഖ്യ പ്രതികളെ ഡിവൈഎസ്പി കെ കെ സുദര്‍ശന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നേപ്പാളിലെത്തിയാണു കണ്ടെത്തിയത്. കുറ്റകൃത്യം നടത്തിയ കേസില്‍ പ്രതികളെ പരസ്പരം കൈമാറുന്നതിന് ഇന്ത്യ-നേപ്പാള്‍ നിയമം അനുവദിക്കാത്തതിനാല്‍ നേപ്പാളില്‍ എത്തിയ കേരള പോലിസിന് പ്രതികളെ ഇന്ത്യയിലേക്കു കൂട്ടിക്കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. കേരള പോലിസിന്റെ രേഖാമൂലമുള്ള നിര്‍ദേശപ്രകാരം ഇവരെ നേപ്പാള്‍ പോലിസ് കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്.
വീട്ടുകാരെല്ലാം വിദേശത്തായിരുന്ന സമയത്ത് സപ്തംബര്‍ 23നാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്. അകത്ത് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഉള്‍െപ്പടെ 500 പവനായിരുന്നു മോഷ്ടിക്കപ്പെട്ടത്. കേരള പോലിസ് സംഘം നേപ്പാളിലെത്തി ഒരാഴ്ച ഇവിടെ തങ്ങിയാണ് പ്രതികളെ വലയിലാക്കിയത്. പിന്നീട് നേപ്പാള്‍ പോലിസിന്റെ സഹകരണത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചാവക്കാട് സിഐ കെ ജെ ജോണ്‍സണ്‍, എസ്‌ഐമാരായ എം കെ രമേഷ്, റെനീഷ്, എം പി മുഹമ്മദ് റാഫി, എഎസ്‌ഐമാരായ കെ എ മുഹമ്മദ് അഷ്‌റഫ്, സിപിഒമാരായ സുനില്‍, എം സുരേന്ദ്രന്‍, ഹബീബ്, സുദേവ്, ലിജു, സൂരജ് വി ദേവ്, കെ മനോജ് കുമാര്‍, എ കെ ജിജോ, മനോജ് സരിന്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് കേസന്വേഷിച്ചത്.
Next Story

RELATED STORIES

Share it