|    Jul 21 Fri, 2017 8:19 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

50 ലക്ഷം തട്ടിയ കേസില്‍ സ്‌കൂള്‍ മാനേജരും സെക്രട്ടറിയും അറസ്റ്റില്‍

Published : 6th October 2016 | Posted By: SMR

പറവൂര്‍: കണക്കില്‍ കൃത്രിമം കാട്ടി 50 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്‌കൂള്‍ മാനേജരും സെക്രട്ടറിയും അറസ്റ്റില്‍. മാഞ്ഞാലി എഐയുപി സ്‌കൂള്‍ മാനേജരും അന്‍സാറുല്‍ ഇസ്‌ലാം സംഘം പ്രസിഡന്റുമായിരുന്ന മാഞ്ഞാലി പുത്തന്‍പറമ്പില്‍ എ എം അന്‍സാരി (52), സെക്രട്ടറി പുത്തന്‍പറമ്പില്‍ പി എസ് മാലിക്ക്(56) എന്നിവരെയാണ് ആലുവ വെസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തത്.
പുതിയ ഭരണസമിതി ആലുവ റൂറല്‍ എസ്പിക്കു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. 2005 മുതല്‍ 11 വര്‍ഷത്തിനിടെ അന്‍സാരിയുടെ ഭാര്യ അടക്കം 13 അധ്യാപകരെയും പ്യൂണിനെയും ഏകപക്ഷീയമായി നിയമിച്ചു. ഈസമയം സംഘത്തിനു കെട്ടിടനിര്‍മാണത്തിനും മറ്റുമായി സംഭാവന ലഭിച്ച പണം യഥാസമയം സംഘത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാതെ സ്വന്തമായി കൈവശംവച്ച് അനുഭവിക്കുകയായിരുന്നു എന്നാണു പരാതി.
സംഘത്തിന്റെ പൊതുയോഗം വിളിച്ചുചേര്‍ക്കാതെ ഓരോ കാരണങ്ങള്‍ പറഞ്ഞു നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒടുവില്‍ സംഘത്തിന്റെ രക്ഷാധികാര കമ്മിറ്റി കണ്‍വീനര്‍ ടി എം അബ്ദുല്‍ ജബ്ബാറിന്റെ നേതൃത്വത്തില്‍ നിയമനടപടികള്‍ ആരംഭിച്ചപ്പോഴാണു കഴിഞ്ഞ ആഗസ്ത് 14നു വാര്‍ഷിക പൊതുയോഗം ചേര്‍ന്നത്. 11 വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു പൊതുയോഗം.
ഇതില്‍ സമര്‍പ്പിച്ച ഇന്റേണല്‍ ഓഡിറ്റ് റിപോര്‍ട്ടില്‍ 2005 മുതലുള്ള കണക്കുകളില്‍ വ്യാപകമായ ക്രമക്കേടുകള്‍ വ്യക്തമാക്കിയിരുന്നു. രശീതികള്‍ കൊടുക്കാതെ പണം സ്വീകരിക്കുകയും വൗച്ചറുകള്‍ ഇല്ലാതെ പണം ചെലവഴിച്ചതായും ബോധ്യപ്പെട്ടു. ഓഡിറ്റ് ചെയ്ത കണക്കുപ്രകാരം 31,39,647 രൂപ നീക്കിയിരിപ്പ് ബാങ്കില്‍ കാണണം. എന്നാല്‍ പണം തന്റെ കൈവശം ഉള്ളതായി അന്‍സാരി സമ്മതിച്ചു. മാര്‍ച്ച് 31നു ശേഷം രണ്ടുപേര്‍ സ്‌കൂള്‍ കെട്ടിടനിര്‍മാണ ഫണ്ടിലേക്ക് നല്‍കിയ 18 ലക്ഷം രൂപ കൈവശമുള്ളതായി പ്രസിഡന്റ് സമ്മതിക്കുകയും പൊതുയോഗ മിനുട്‌സില്‍ രേഖപ്പെടുത്തുകയും ചെയ്തു.പുതിയ ഭരണസമിതി അധികാരം ഏറ്റെടുക്കാന്‍ ആഗസ്ത് 28നു സംയുക്തയോഗം ചേര്‍ന്നപ്പോള്‍ കൈവശമുള്ള പണം നല്‍കുന്നതിന് ഒരുമാസം സമയം ചോദിച്ചു.  പിന്നീടു നടന്ന അടിയന്തര പൊതുയോഗതീരുമാനം അനുസരിച്ചാണ് റൂറല്‍ എസ്പിക്ക് പരാതിനല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക