|    May 29 Mon, 2017 2:10 am
FLASH NEWS

50 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍; രണ്ടുപേര്‍ പുഴയില്‍ ചാടി രക്ഷപ്പെട്ടു

Published : 27th July 2016 | Posted By: SMR

തൊടുപുഴ: ഇടുക്കി ചെമ്പകപ്പാറയില്‍ 50 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. രണ്ട് പേര്‍ പുഴയില്‍ ചാടി രക്ഷപ്പെട്ടു. ഉപ്പുതോട് പോഴാത്താനിയില്‍ റെജി (37)യെയാണ് അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ് സ്‌ക്വാഡ് പിടികൂടിയത്. കേസിലെ മുഖ്യ പ്രതിയും കഞ്ചാവ് മൊത്ത വില്‍പനക്കാരനുമായ ചെമ്പകപ്പാറ ഇഞ്ചത്തൊട്ടിയില്‍ ഷാജി (40) ഇയാളുടെ സഹായിയും ചെമ്പകപ്പാറ സ്വദേശിയുമായ സനീഷ് (വീരപ്പന്‍-42) എന്നിവരാണ് രക്ഷപ്പെട്ടത്.
അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ് സ്‌ക്വാഡ് സിഐ കെ ആര്‍ ബാബു, മൂന്നാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജീവ് ബി നായര്‍ എന്നിവരടങ്ങിയ സംഘം സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മാഫിയ സംഘാംഗം പിടിയിലായത്. തിങ്കളാഴ്ച രാത്രി 7.30യോടെ ചെമ്പകപ്പാറയില്‍ നടത്തിയ വാഹന പരിശോധനയിലാണ് മാരുതി 800 കാറില്‍ മൂന്ന് ചാക്കുകളിലാക്കി കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടുന്നത്. എക്‌സൈസിനെ കണ്ടയുടനെ മൂവരും രക്ഷപ്പെടാന്‍ ശ്രമിച്ചു.
ഇതിനിടെ പ്രതികള്‍ പിടിച്ച് തള്ളിയതിനെ തുടര്‍ന്ന് സിഐ കെ ആര്‍ ബാബുവിന് നിസാര പരിക്കേറ്റു. ചിന്നാര്‍ പുഴയിലേക്ക് ചാടിയാണ് പ്രതികള്‍ രക്ഷപെട്ടത്. കഴിഞ്ഞ ദിവസം ഇവിടെയെത്തിയ എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ പരിശോധന ശക്തമാക്കിയിരുന്നു.
തമിഴ്‌നാട് തേനിയില്‍ നിന്നും സമാന്തര വനപാതകളിലുടെയാണ് ഇത്രയധികം കഞ്ചാവ് ഇവര്‍ എത്തിച്ചത്. തലച്ചുമടായി എത്തിക്കുന്ന പ്രത്യേക സംഘം ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതായി എക്‌സൈസിനു വിവരം ലഭിച്ചു.ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്. പിടിയിലായ റെജി കഴിഞ്ഞ കുറെക്കാലമായി എക്‌സെസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവര്‍ അന്ധ്രയില്‍ നിന്നും ഓഡിഷയില്‍ നിന്നും കഞ്ചാവ് എത്തിച്ച് വന്‍ തോതില്‍ വില്‍പ്പന നടത്തുന്നതായി എക്‌സൈസ് കണ്ടെത്തിയിരുന്നു.
ഇതിനിടയിലാണ് ഇത്തരത്തില്‍ കഞ്ചാവ് കടത്തുന്നതായി രഹസ്യവിവരം ലഭിച്ചത്. രക്ഷപ്പെട്ട പ്രതികള്‍ ജില്ല വിട്ടിട്ടില്ലെന്നും ഇവര്‍ക്കായി അന്വേഷണം നടത്തി വരികയാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ കെ എ നെല്‍സണ്‍ പറഞ്ഞു.പെരിഞ്ചാംകുട്ടി മേഖലയില്‍ വന്‍ കഞ്ചാവ് ശേഖരമുള്ളതായി വിവരം ലഭിച്ചതായും വനംവകുപ്പുമായി സഹകരിച്ച് സംയുക്ത പരിശോധന ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day