50 വാഗണ്‍ വെള്ളവുമായി ജലവണ്ടി ലാത്തൂരില്‍

മുംബൈ: 50 വാഗണുകളില്‍ 25 ലക്ഷം ലിറ്റര്‍ വെള്ളം നിറച്ച ജലവണ്ടി വരള്‍ച്ച രൂക്ഷമായ ലാത്തൂരിലെത്തി. നേരത്തെ 10 വാഗണ്‍ വെള്ളം നിറച്ച വണ്ടി ഒമ്പത് തവണ ലാത്തൂരിലെത്തിയിരുന്നു. ജലദൂത് എന്നു പേരിട്ട 25 ലക്ഷം ലിറ്റര്‍ വെള്ളം വഹിച്ച വണ്ടി പശ്ചിമ മഹാരാഷ്ട്രയിലെ മിറാജില്‍ നിന്നു ചൊവ്വാഴ്ച രാത്രി 11നാണു പുറപ്പെട്ടത്.
342 കി മീറ്റര്‍ താണ്ടി ജലദൂത് ഇന്നലെ ലാത്തൂരിലെത്തി. 70 ലക്ഷം ലിറ്റര്‍ വെള്ളം ഇതുവരെ ലാത്തൂരിലെത്തിയിട്ടുണ്ട്. ജലദൂത് എക്‌സ്പ്രസിന് ലാത്തൂര്‍ റെയില്‍വ സ്റ്റേഷനില്‍ വന്‍ സ്വീകരണം ലഭിച്ചു.
വണ്ടിയെ സ്വീകരിക്കാന്‍ ലാത്തൂര്‍ സിറ്റി മേയര്‍ അക്തര്‍ മിസ്ട്രി എത്തിയിരുന്നു. ലാത്തൂരിലെ അഞ്ചു ലക്ഷം ജനങ്ങള്‍ക്കു വെള്ളമെത്തിക്കാന്‍ രാജസ്ഥാനിലെ കോട്ടയില്‍ നിന്നു പ്രത്യേകം കമ്മീഷന്‍ ചെയ്തതാണ് ജലദൂത് എക്‌സ്പ്രസ്.
കുടിവെള്ളത്തിനായി ഏറെ ക്ലേശിക്കുന്ന ലാത്തൂരിലെ ജനങ്ങള്‍ക്ക് ജലദൂത് എക്‌സ്പ്രസ് വലിയ ആശ്വാസമാണെന്ന് മേയര്‍ പറഞ്ഞു. ജലദൂത് ഏപ്രില്‍ 11നാണ് ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ ഓടിയത്.
ആദ്യം 17 മണിക്കൂറായിരുന്നു ട്രെയിനിന്റെ യാത്ര. തുടര്‍ന്ന് അധികൃതര്‍ തടസ്സങ്ങള്‍ നീക്കിയതിനാല്‍ ഒമ്പതു മണിക്കൂറിനകം ട്രെയിനെത്തി.
Next Story

RELATED STORIES

Share it