Pravasi

50 കോടി റിയാല്‍ ചെലവില്‍ മുശെയ്‌രിബ് ആഡംബര റിസോര്‍ട്ട് ഒരുക്കുന്നു



ദോഹ: ഖത്തറിന്റെ വടക്കു ഭാഗത്ത് 50 കോടി റിയാല്‍ ചെലവില്‍ ആഡംബര റിസോര്‍ട്ട് ഒരുങ്ങുന്നു. അറബിക്, ഇസ്്‌ലാമിക ആചാരങ്ങള്‍ മാനിച്ച് കൊണ്ടുള്ള സുലാല്‍ വെല്‍നസ് റിസോര്‍ട്ട് മുശെയ്‌രിബ് പ്രോപര്‍ട്ടീസാണ് ഒരുക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സ്പാ ആന്റ് വെല്‍നസ് റിസോര്‍ട്ടായിരിക്കും ഇത്. ദോഹയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയായി 28 ഹെക്ടര്‍ സ്ഥലത്തായാണ് റിസോര്‍ട്ട് ഒരുക്കുന്നത്. വിദേശ സഞ്ചാരികള്‍ക്ക് സുഖ ആരോഗ്യം ആസ്വദിക്കാനുള്ള ശാന്ത സുന്ദരമായ ഇടമായിരിക്കും സുലാല്‍ വെല്‍നസ് റിസോര്‍ട്ടെന്ന് മുശെയ്‌രിബ് സിഇഒ ഹസന്‍ അല്‍മെഹ്ഷാദി പറഞ്ഞു. ഖത്തറിന്റെ ടൂറിസം മേഖലയ്ക്ക് ഇത് ഊര്‍ജം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബറിലാണ് റിസോര്‍ട്ടിന്റെ പണി ആരംഭിച്ചത്. അടുത്ത വര്‍ഷം ഏപ്രിലോടെ ഇത് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് മെയിന്‍ കോണ്‍ട്രാക്ടറായ അല്‍സ്രൈയ കോണ്‍ട്രാക്ടിങ് കമ്പനി വെബ്‌സൈറ്റില്‍ അറിയിച്ചു. കടല്‍തീര സൗകര്യങ്ങള്‍ക്കു പുറമേ കുടുംബ സമേതവും അല്ലാതെയും എത്തുന്ന സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള സൗകര്യവും ഒരുക്കും. ആരോഗ്യ, ഫിറ്റ്‌നസ് കാര്യങ്ങള്‍ വിവിധ കളികളിലൂടെയും മറ്റുമാണ് നല്‍കുന്നത്. കുടുംബത്തിനും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ഫിറ്റ്‌നസ് ക്ലാസുകളുമുണ്ടാവും. ഖത്തറിലെയും അറബ് നാടുകളിലെയും ഔഷധച്ചെടികളും മരുന്നുകൂട്ടുകളും ഉപയോഗിച്ചുള്ള സുഖ ചികില്‍സാ രീതികളിലൂടെ ഇസ്്‌ലാമിക സംസ്‌കാരങ്ങളെയും മൂല്യങ്ങളെയും ആധാരമാക്കി പ്രവര്‍ത്തിക്കുന്ന മേഖലയിലെ ആദ്യ വെല്‍നസ് കേന്ദ്രമായിരിക്കും സുലാല്‍ വെല്‍നസ് റിസോര്‍ട്ടെന്ന് അധികൃതര്‍ അവകാശപ്പെട്ടു. ഖത്തറില്‍ അടുത്ത കാലത്തായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന നാലാമത്തെ റിസോര്‍ട്ടാണിത്. ഉത്തര ഖത്തറില്‍ തന്നെയുള്ള സിമൈസ്മ റിസോര്‍ട്ട് കഴിഞ്ഞ വര്‍ഷമാണ് തുറന്നത്. സല്‍വ റോഡില്‍ അക്വ പാര്‍ക്കിന് സമീപത്തായി റീതാജിന്റെ ഉടമസ്ഥതയില്‍ നിര്‍മിക്കുന്ന വിചി സെലസ്റ്റിന്‍സ് സ്പാ ഹോട്ടല്‍ അധികം വൈകാതെ തുറക്കും. ഇതിനടുത്തായി തന്നെയാണ് അല്‍റയ്യാന്‍ ഹോസ്പിറ്റാലിറ്റിയുടെ ഹില്‍ട്ടണ്‍ സല്‍വ ബീച്ച് റിസോര്‍ട്ട് ആന്റ് വില്ലാസ് ഒരുങ്ങുന്നത്. ഇത് 2019ല്‍ തുറക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it