50 കോടി ചെലവില്‍ പശുക്കള്‍ക്ക് ആധാര്‍

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ മാതൃകയില്‍ രാജ്യത്തെ പാലുല്‍പാദന പശുക്കള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ കേന്ദ്ര പദ്ധതി. 2015ല്‍ നിര്‍ദേശിക്കപ്പെട്ട ഈ പദ്ധതിക്കായി ആദ്യഘട്ടത്തില്‍ 50 കോടി രൂപയാണ് സര്‍ക്കാര്‍ ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. പാല്‍ ലഭിക്കുന്ന നാലു കോടി പശുക്കള്‍ക്കാണ് ആദ്യഘട്ടത്തില്‍ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുക. കാര്‍ഷിക മന്ത്രാലയമാണ് ഈ പദ്ധതി നടപ്പാക്കുക. ഇതിനായി കുറഞ്ഞ വിലയ്ക്ക് സാങ്കേതികവിദ്യ സ്വന്തമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. പോഷകാഹാരം, വയസ്സ്, ലിംഗം, ഉയരം, ശരീരത്തിലെ പ്രത്യേക അടയാളങ്ങള്‍ എന്നീ പശുവിന്റെ ജൈവിക വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി കേടുവരാത്ത പോളിമര്‍ പദാര്‍ഥങ്ങള്‍കൊണ്ട് ഉണ്ടാക്കിയ ടാഗാണ് ഇതിന് ഉപയോഗിക്കുക. ഇത്തരം ടാഗ് ഒന്നിന്റെ നിര്‍മാണച്ചെലവ് എട്ടു മുതല്‍ 10 രൂപ വരെ വരും. പശു സഞ്ജീവിനിയെന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. ക്ഷീര, മല്‍സ്യ മേഖലയിലെ ഒരു വന്‍ പദ്ധതിയുടെ ഭാഗമാണ് ഈ സംവിധാനമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. കന്നുകാലിയുടെ ഉടമസ്ഥന്റെ വിവരങ്ങളും പ്രതിരോധ കുത്തിവയ്പുകള്‍ സംബന്ധിച്ച വിവരങ്ങളും പശുവിന്റെ ആധാര്‍ കാര്‍ഡില്‍ ഉണ്ടാവും. 2015ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയാണ് പശുക്കള്‍ക്ക് ആധാര്‍ മാതൃകയില്‍ തിരിച്ചറിയല്‍ നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തത്. കന്നുകാലിക്കടത്ത് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിച്ച സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു കേന്ദ്രം സമിതിയെ നിയോഗിച്ചത്. രജിസ്‌ട്രേഷന്‍ ചെയ്യേണ്ട ഉത്തരവാദിത്തം പശുക്കളുടെ ഉടമസ്ഥര്‍ക്കായിരിക്കുമെന്നും പശുവിനെ കൈമാറുകയോ വില്‍ക്കുകയോ ആണെങ്കില്‍ രജിസ്‌ട്രേഷന്‍ രേഖ അടുത്ത ഉടമയ്ക്ക് കൈമാറണമെന്നും ഈ സമിതിയുടെ ശുപാര്‍ശയില്‍ വ്യക്തമാക്കിയിരുന്നു. നാടന്‍ കന്നുകാലികളില്‍ നിന്നുള്ള പാല്‍ കൂടുതല്‍ പോഷകം നിറഞ്ഞതാണെന്നാണ് കൃഷിമന്ത്രാലയത്തിന് കീഴിലുള്ള രാഷ്ട്രീയ ഗോകുല്‍ മിഷന്‍ അവകാശപ്പെടുന്നത്. കാര്‍ഷിക മന്ത്രാലയത്തിന് ലഭിക്കുന്ന ബജറ്റ് വിഹിതത്തിന്റെ 5.4 ശതമാനം മാത്രമേ മൃഗസംരക്ഷണ മേഖലയ്ക്കു ലഭിക്കുന്നുള്ളൂവെന്ന് കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പരാതിപ്പെടുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ 50 കോടി രൂപ പശുക്കള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ മാറ്റിവച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it