|    Nov 18 Sun, 2018 12:49 am
FLASH NEWS

5 ലക്ഷം മീറ്റര്‍ ഉല്‍പാദിപ്പിച്ച് ജില്ലയിലെ കൈത്തറി തൊഴിലാളികള്‍

Published : 6th August 2018 | Posted By: kasim kzm

കോഴിക്കോട്: ജില്ലയിലെ കൈത്തറി തൊഴിലാളികള്‍ സര്‍ക്കാര്‍ യൂണിഫോം വിതരണത്തിനായി ഇപ്രാവശ്യം ഉല്‍പാദിപ്പിച്ച് നല്‍കിയത് അഞ്ചുലക്ഷം മീറ്ററിലേറെ തുണി. ജില്ലയില്‍നിന്ന് മാത്രം ഇതിനകം 4,69,000 മീറ്റര്‍ ഷര്‍ട്ടിങും 54,093 മീറ്റര്‍ സ്യൂട്ടിങ് തുണിയുമാണ് ഉല്‍പാദിപ്പിച്ചത്. ഇതുവഴി 150ലേറെ തൊഴില്‍ ദിനങ്ങളാണ് ഓരോ കൈത്തറി തൊഴിലാളികള്‍ക്കും ലഭിച്ചത്.
കൂലിയിനത്തില്‍ മാത്രം തൊഴിലാളികള്‍ക്ക് നല്‍കിയത് 6.32 കോടി രൂപയാണ്. ഉല്‍പാദനലക്ഷ്യത്തെക്കാള്‍ മുകളിലായിരുന്നു നേട്ടമെന്ന് കൈത്തറി സംഘം ഉടമകള്‍ പറയുന്നു. സ്‌കൂള്‍ യൂണിഫോമുകള്‍ കൈത്തറി സംഘങ്ങളില്‍നിന്ന് വാങ്ങിത്തുടങ്ങിയത് സാധാരണ തൊഴിലാളികള്‍ക്ക് കഴിഞ്ഞ അഞ്ചുവര്‍ഷം നല്‍കിയത് പ്രതീക്ഷയുടെ നാളുകളാണെന്ന് തൊഴിലാളികള്‍ പറയുന്നു.
2.6 ലക്ഷം മീറ്റര്‍ കോഴിക്കോട് ജില്ലയില്‍നിന്ന് ഉല്‍പാദിപ്പിക്കാനായിരുന്നു നേരത്തെ ആലോച്ചിരുന്നത്. ഇതാണ് 4.4 ലക്ഷത്തിലേക്ക് ഉയര്‍ന്നത്. 17 വിദ്യാഭ്യാസ ഉപജില്ലകളിലെ 1 മുതല്‍ 7 വരെയുള്ള സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയായിരുന്നു യൂണിഫോം. ഇത് 42,194 പേര്‍ വരും. ഇവര്‍ അണിയുന്നത് ജില്ലയിലെ കൈത്തറി സംഘങ്ങളില്‍നിന്നുള്ള തുണികൊണ്ടുള്ള വസ്ത്രങ്ങളാണ്. എന്നാല്‍ ഇതിനുവേണ്ടി പുതിയ നെയ്ത്തുകാരെ കിട്ടാത്ത പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതു പരിഹരിക്കുന്നതിനായി കുടുംബശ്രീയുമായി സഹകരിച്ച് യുവ വീവ് പദ്ധതിയും അധികൃതര്‍ നടപ്പാക്കി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
എല്ലാവര്‍ഷവും നടക്കാറുള്ളതുപോലെ ഈ വര്‍ഷത്തെ ഓണം ബക്രീദ് കൈത്തറി വസ്ത്രപ്രദര്‍ശന വിപണനമേളക്ക് മാനാഞ്ചിറ കോംട്രസ്റ്റ് ഗ്രൗണ്ടില്‍ ഇന്നലെ തുടക്കം കുറിച്ചു. കൈത്തറി വസ്ത്ര ഡയരക്റ്ററേറ്റ്, ജില്ലാ വ്യവസായ കേന്ദ്രം, ജില്ലാ കൈത്തറി വികസന സമിതി എന്നിവ ചേര്‍ന്നാണ് മേള ഒരുക്കിയിരിക്കുന്നത്. വൈവിധ്യമാര്‍ന്ന കൈത്തറി ഉല്‍പന്നങ്ങളാണ് മേളയില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കൂടാതെ കയര്‍, കരകൗശല ഉല്‍പന്നങ്ങള്‍ കൂടിയുണ്ട്. ജില്ലയിലെ 26 കൈത്തറി സംഘങ്ങളെ കൂടാതെ കണ്ണൂര്‍ ജില്ലയില്‍നിന്ന് നാലും എറണാകുളത്തുനിന്ന് ഒരു സംഘവുമുണ്ട്.
കയര്‍ഫെഡ്, ഹാന്‍വീവ് സ്റ്റാളുകളും ഉണ്ട്. 25 ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ 20 ശതമാനമാണ് ഗവണ്‍മെന്റ് റിബേറ്റ്. പോയവര്‍ഷം 1.3 കോടിയുടെ വില്‍പ്പനയാണ് മേളയില്‍ ഉണ്ടായിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss