kannur local

49 വാര്‍ഡുകളില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കണ്ണൂര്‍:  പുതുതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പറേഷനിലേക്ക് നടക്കാനിരിക്കുന്ന പ്രഥമ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മൊത്തം 55 ഡിവിഷനുകളില്‍ 49 വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ഇന്നലെ പുറത്തുവിട്ടത്. ശേഷിക്കുന്ന 6 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനുള്ള പാര്‍ട്ടിതല ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. ഇവരുടെ പേരുകള്‍ ഇന്ന് പ്രഖ്യാപിക്കും. സി.പി.എം. 40 സീറ്റുകളിലാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്. സി.പി.ഐ-6, ഐ.എന്‍.എല്‍-4, ജനതാദള്‍ (എസ്)-2, കോണ്‍ഗ്രസ് (എസ്)-1, എന്‍.സി.പി-1, സി.എം.പി-1 എന്നിങ്ങനെയാണ് ഘടകകക്ഷികള്‍ക്ക് അനുവദിച്ച സീറ്റുകള്‍. സി.പി.എം. (കാനത്തൂര്‍, മുണ്ടയാട്), സി.പി.ഐ. (തായത്തെരു, പള്ളിക്കുന്ന്), ഐ.എന്‍.എല്‍. (അറക്കല്‍, ആയിക്കര) എന്നീ വാര്‍ഡുകളിലേക്കാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനുള്ളത്.

അന്തരിച്ച സി.എം.പി. നേതാവ് എം വി രാഘവന്റെ മകള്‍ എം വി ഗിരിജയാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളില്‍ പ്രമുഖ. സി.എം.പി. അരവിന്ദാക്ഷന്‍ വിഭാഗം സ്ഥാനാര്‍ഥിയായി കിഴുന്ന വാര്‍ഡിലാണ് ജനവിധി തേടുന്നത്. മേയര്‍സ്ഥാനം വനിതാ സംവരണമായതിനാല്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയംഗം എന്‍ സുകന്യ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രകാശിനി എന്നിവരില്‍ ഒരാളെ മേയര്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കുമെന്ന് പറഞ്ഞുകേട്ടിരുന്നെങ്കിലും ഇരുവരും ഇന്നലെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംനേടിയില്ല. സി.പി.എം. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനിരിക്കുന്ന മുണ്ടയാട്, കാനത്തൂര്‍ വാര്‍ഡുകള്‍ യു.ഡി.എഫിന് ഭൂരിപക്ഷമുള്ള പ്രദേശങ്ങളാണ്. വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം. ജില്ലാ സെക്രട്ടറി പി ജയരാജന്‍, കണ്ണൂര്‍ കോര്‍പറേഷന്‍ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം പ്രകാശന്‍, ഐ.എന്‍.എല്‍. അഴീക്കോട് മണ്ഡലം പ്രസിഡന്റ് മുത്തലിബ് തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it