World

4,800 കി.മീ നടന്നെത്തിയ സ്വീഡിഷ് സംഗീതജ്ഞനെ ഇസ്രായേല്‍ തിരിച്ചയച്ചു

ഗസ: ചെങ്കുത്തായ മലനിരകളും കൊടും വനങ്ങളും ദുര്‍ഘടമായ പാതകളും താണ്ടി ഫലസ്തീന് ഐക്യദാര്‍ഢ്യവുമായെത്തിയ സ്വീഡിഷ് സംഗീതജ്ഞന്‍ ബെഞ്ചമിന്‍ ലദ്രായെ അതിര്‍ത്തിക്കടുത്ത് ഇസ്രായേല്‍ തടഞ്ഞു.
ഫലസ്തീന്‍ അധിനിവേശത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ 11 മാസം മുമ്പാണ് ലദ്രാ തന്റെ കാല്‍നടയാത്ര ആരംഭിച്ചത്്. അഭയാര്‍ഥികളും കുടിയേറ്റക്കാരും ഉപയോഗിക്കുന്ന ദുര്‍ഘടമായ വഴികളിലൂടെ 13 രാജ്യങ്ങളിലൂടെ 4,800 കിലോമീറ്റര്‍ പിന്നിട്ട് ഫലസ്തീനിലെത്താന്‍ 100 മീറ്റര്‍ മാത്രം ആയപ്പോഴാണ് ഇസ്രായേല്‍ സൈന്യം അദ്ദേഹത്തെ മടക്കിയയച്ചത്.
ജോര്‍ദാനിനും വെസ്റ്റ്ബാങ്കിനും ഇടയിലെ അലെന്‍ബി ചെക്‌പോയിന്റില്‍ വച്ച് അദ്ദേഹത്തെ ഇസ്രായേല്‍ സൈന്യം തടയുകയും ആറു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം തിരിച്ചയക്കുകയുമായിരുന്നു.  ഫലസ്തീന്‍ പതാകയുമായി അദ്ദേഹം കാല്‍നടയായി നടത്തിയ യാത്ര ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പതിനായിരങ്ങള്‍ അദ്ദേഹത്തിന്റെ യാത്രയെ പിന്തുണയ്ക്കുന്നുണ്ടായിരുന്നു. ഇസ്രായേല്‍ അധിനിവേശത്തിന്റെ കെടുതികളെക്കുറിച്ച്  പ്രചാരണം ഇതോടെ അവസാനിപ്പിക്കില്ലെന്നും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ദിവസവും 10 മണിക്കൂര്‍ നടന്നാണ് ലദ്രാ ഇസ്രായേല്‍ അതിര്‍ത്തിയിലെത്തിയത്. തന്റെ കൈയിലുള്ള ഫലസ്തീന്‍ പതാക കാരണം അഭയാര്‍ഥിയാണെന്ന് കരുതി കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ താന്‍ ചോദ്യംചെയ്യലുകള്‍ക്ക് വിധേയനായതായും ലാദ്രാ പറഞ്ഞു.
ഫലസ്തീനികളോട് ലദ്രാ കാണിച്ച ഐക്യദാര്‍ഢ്യത്തെ മാനിച്ച് അദ്ദേഹത്തിന് ഫലസ്തീന്‍ പൗരത്വവും മെഡല്‍ ഓഫ് മെറിറ്റും സമ്മാനിക്കുമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.
Next Story

RELATED STORIES

Share it