Districts

48 മണിക്കൂറിനുള്ളില്‍ എഫ്ഐആര്‍ നല്‍കണം

സ്വന്തം പ്രതിനിധികൊച്ചി: ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്ക് അപേക്ഷ നല്‍കിയാല്‍ 48 മണിക്കുറിനുള്ളില്‍ എഫ്‌ഐആര്‍ നല്‍കാമെന്ന് ഹൈക്കോടതി. പ്രഥമവിവര റിപോര്‍ട്ടും ഇതിന്റെ സ്വഭാവവും വ്യക്തമാക്കുന്ന തരത്തില്‍ പോലിസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ എഫ്‌ഐആര്‍ പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ മൂന്നു മാസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നും കോടതി വ്യക്തമാക്കി.സ്ത്രീപീഡനമാരോപിച്ച് ഭാര്യ സമര്‍പ്പിച്ച പരാതിയില്‍ പ്രഥമവിവര റിപോര്‍ട്ട് നല്‍കുന്നതിന് രണ്ടു മാസം കാലതാമസം വരുത്തിയതിനെ ചോദ്യം ചെയ്ത് ഏറ്റുമാനൂര്‍ സ്വദേശി ജിജു ലൂക്കോസ് നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്‍, ജസ്റ്റീസ് എ എം ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.പ്രഥമവിവര റിപോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അപേക്ഷ നല്‍കി രണ്ടു പ്രവൃത്തി ദിവസത്തിനുള്ളില്‍ ലഭ്യമാക്കണം. നിയമപ്രകാരം ഒഴിവാക്കേണ്ട സാഹചര്യമില്ലെന്നു ബോധ്യപ്പെട്ടാല്‍ വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷയിലും പ്രഥമവിവര റിപോര്‍ട്ട് നല്‍കണം.

വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷയില്‍, പ്രഥമവിവര റിപോര്‍ട്ട് നല്‍കേണ്ടതില്ല എന്നു തീരുമാനിക്കുന്നതിന് പോലിസിന് അധികാരമുണ്ടോയെന്നു പരിശോധിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി.വിവരാവകാശ നിയമത്തിലെ എട്ടാംവകുപ്പു പ്രകാരം ചില രേഖകള്‍ നല്‍കേണ്ടതില്ലെന്നു തീരുമാനിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് അധികാരമുണ്ട്. എന്നാല്‍, ഏതെല്ലാം തരത്തിലുള്ള പ്രഥമവിവര റിപോര്‍ട്ട് വൈബ് സൈറ്റില്‍ നല്‍കാമെന്ന് ഉന്നത പോലിസ് അധികാരികള്‍ തീരുമാനം എടുക്കണം. ഏതെങ്കിലും തരത്തിലുള്ള എഫ്‌ഐആര്‍ പൊതുജന താല്‍പര്യാര്‍ഥം പ്രസിദ്ധീകരിക്കാനാവില്ലെങ്കില്‍ ഇതു സംബന്ധിച്ച് ഡിവൈഎസ്പിയില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ തീരുമാനം എടുക്കണമെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it