48 മണിക്കൂറിനിടെ യുപിയില്‍ 15 ഏറ്റുമുട്ടല്‍; 24 ഗുണ്ടകള്‍ അറസ്റ്റില്‍

സ്വന്തം പ്രതിനിധി

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിവിധ ജില്ലകളില്‍ നടന്ന 15 ഏറ്റുമുട്ടലുകളില്‍ 24 ഗുണ്ടാ- കവര്‍ച്ചാ സംഘാംഗങ്ങളെ പോലിസ് അറസ്റ്റു ചെയ്തു. ഒരു ഗുണ്ടാത്തലവന്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. ശഹര്‍, ഷാംലി, കാണ്‍പൂര്‍, ബുലന്ദ്, സഹാറന്‍പൂര്‍, ലഖ്‌നോ, ബാഗ്പത്, മുസഫര്‍ നഗര്‍, ഹപൂര്‍, മീററ്റ് എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പോലിസ് തലയ്ക്ക് കാല്‍ലക്ഷം രൂപ വിലയിട്ട ഗുണ്ടാത്തലവന്‍ ഇന്ദര്‍പാലാണ് നഗ്്‌ല ഖേപ്പഡ് വനത്തില്‍ പ്രത്യേക ദൗത്യസേനയുടെ വെടിയേറ്റ് മരിച്ചത്. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായി കൊള്ളയും കൊലയും നടത്തിയ ഇയാള്‍ നിരവധി കേസുകളില്‍ പിടികിട്ടാനുള്ള കുറ്റവാളിയായിരുന്നു എന്ന്്് പോലിസ് സൂപ്രണ്ട് രാജീവ് നാരായണ്‍ സിങ് പറഞ്ഞു. കവര്‍ച്ച ചെയ്ത നാടന്‍ തോക്കുകള്‍, മോട്ടോര്‍ സൈക്കിളുകള്‍, കാറുകള്‍, പണം തുടങ്ങിയവ പോലിസ് കണ്ടെടുത്തിട്ടുണ്ട്. ബുലന്ദ് ശഹറിലും ഷാംലിയിലുമാണ് മിക്ക ഏറ്റുമുട്ടലുകളും നടന്നത്. ഇവിടങ്ങളില്‍ നിന്ന് യഥാക്രമം നാലും ആറും പേരെ അറസ്റ്റു ചെയ്തു. ബുലന്ദ് ശഹറില്‍ അറസ്റ്റിലായ മൂന്നു പേരുടെ തലയ്ക്ക് പോലിസ് 20000 രൂപ വീതം വിലയിട്ടിരുന്നു. പുതിയ ഡിജിപിയായി ഒ പി സിങ് ചുമതലയേറ്റതോടെയാണ് കുറ്റവാളികള്‍ക്കെതിരേ യുപിയില്‍ നടപടി ശക്തിപ്പെടുത്തിയത്.
Next Story

RELATED STORIES

Share it