|    Feb 28 Tue, 2017 10:43 pm
FLASH NEWS

47 ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് കേസ്; തച്ചങ്കരിക്കും സൂരജിനുമെതിരേ അഞ്ചുകേസ്

Published : 6th November 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ 47 ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നുണ്ടെന്ന് വിവരാവകാശരേഖ. രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരേ അഞ്ചുവീതം കേസുണ്ട്. അന്വേഷണം നേരിടുന്നവരില്‍ മികച്ച സര്‍വീസ് റിക്കാര്‍ഡുള്ളവരും നല്ല ഉദ്യോഗസ്ഥരെന്നു പേരെടുത്തവരുമുണ്ടെന്നതും ശ്രദ്ധേയം. ടോമിന്‍ ജെ തച്ചങ്കരി, ഇപ്പോള്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന പൊതുമരാമത്ത് മുന്‍സെക്രട്ടറി ടി ഒ സൂരജ് എന്നിവര്‍ക്കെതിരേയാണ് അഞ്ചുകേസ് വീതമുള്ളത്. 32 ഐഎഎസ് ഉദ്യോഗസ്ഥരും 15 ഐപിഎസ് ഉദ്യോഗസ്ഥരുമാണ് വിജിലന്‍സ് അന്വേഷണം നേരിടുന്നത്. രണ്ടുപേര്‍ക്കെതിരേ  മാത്രമാണ് അന്വേഷണം പൂര്‍ത്തിയായത്. വേഗപ്പൂട്ട് നിര്‍മാതാക്കളില്‍നിന്നു പണം കൈപ്പറ്റിയ കേസ്, പാലാ മങ്കൊമ്പിലെ ക്രഷര്‍ യൂനിറ്റ് വില്‍പന, കണ്‍സ്യൂമര്‍ഫെഡ് എംഡിയായിരിക്കെയുള്ള അഴിമതി, വാഹന താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നടപടികളില്‍ ഡീലര്‍മാരെ സഹായിച്ചു,  ആര്‍ടിഒയില്‍നിന്ന് പണം ആവശ്യപ്പെട്ടു എന്നവയാണ് തച്ചങ്കരിക്കെതിരേയുള്ളത്.
സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തിക്കു പതിച്ചുനല്‍കി, അനധികൃത സ്വത്തുസമ്പാദനം, സിഡ്‌കോയിലെ അനധികൃത നിയമനം, കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ടെന്‍ഡര്‍ ക്രമക്കേട്, വാണിജ്യാടിസ്ഥാനത്തിലുള്ള ഭൂമി കൈമാറല്‍ എന്നിങ്ങനെയാണ് ടി ഒ സൂരജിനെതിരായ കേസ്. ഇതില്‍ സ്വത്ത് സമ്പാദനക്കേസില്‍  സൂരജിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അനില്‍ എക്‌സ്, ബിശ്വനാഥ് സിന്‍ഹ, അസ്ഗര്‍ അലി പാഷ, റാണി ജോര്‍ജ്, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, ലത തുടങ്ങിവരാണ് അന്വേഷണം നേരിടുന്നവരില്‍ ചിലര്‍. പീരുമേട്ടിലെ ഭൂമി പതിച്ചുനല്‍കലില്‍ ബിശ്വാസ് മേത്തയും വെറ്ററിനറി സര്‍വകലാശാലയിലെ ക്രമക്കേടില്‍ ഡോ. ബി അശോകും അന്വേഷണം നേരിടുകയാെണന്ന് വിജിലന്‍സ് രേഖയില്‍ വ്യക്തമാക്കുന്നു. കെഎംഎംഎല്ലിലെ ക്രമക്കേടിനാണ് ടോം ജോസിനെതിരേ അന്വേഷണം. ചിറ്റാരിപ്പുഴയിലെ പാലം നിര്‍മാണവും മെട്രോ റെയിലിനായി ഭൂമി ഏറ്റെടുത്തതിലെ പരാതിയുമാണ് ഷേക്ക് പരീതിനെതിരേയുള്ളത്. തണ്ണീര്‍ത്തടം നികത്തലിന് അനുമതി നല്‍കിയതിലാണ് പി ബി സലിം അന്വേഷണം നേരിടുന്നത്. ഭൂമി പതിച്ചുകൊടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് ആനന്ദ്‌സിങ്, എന്‍ എ കൃഷ്ണന്‍കുട്ടി, മുരളീധരന്‍, ഷീലാ തോമസ് എന്നിവര്‍ അന്വേഷണം നേരിടുന്നത്. അധികാരദുര്‍വിനിയോഗത്തിന് ശ്രീജിത്തും കോഴഞ്ചേരി മെറ്റല്‍ ക്രഷറുമായി ബന്ധപ്പെട്ട് രാഹുല്‍ ആര്‍ നായരും ശോഭ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ജേക്കബ് ജോബും അന്വേഷണം നേരിടുന്നു. വിജിലന്‍സ് അഴിമതിവിരുദ്ധ വാരാചരണത്തിന്റെ ഭാഗമായാണ് വിവരങ്ങള്‍ നല്‍കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day