Idukki local

4,500 ഹെക്ടര്‍ ഏലകൃഷി കരിഞ്ഞുണങ്ങി; കര്‍ഷകര്‍ പ്രതിസന്ധിയില്‍

തൊടുപുഴ: വേനല്‍ച്ചൂടില്‍ ജില്ലയിലെ ഏലത്തോട്ടങ്ങളില്‍ ഭൂരിഭാഗവും കരിഞ്ഞുണങ്ങി. ഹൈറേഞ്ച് മേഖലകളില്‍ മാത്രം 4500 ഹെക്ടര്‍ സ്ഥലത്തെ ഏലകൃഷി കരിഞ്ഞുണങ്ങിയിതായാണ് കണക്ക്.
ഏകദേശം 8.10 കോടിയുടെ നഷ്ടമാണ് കൃഷിവകുപ്പ് കണക്കാക്കിയിരിക്കുന്നത്.
മറ്റ് കാര്‍ഷിക വിളകള്‍ക്കും നാശമുണ്ടായിട്ടുണ്ടെങ്കിലും വേനലില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായത് ഏലം കൃഷിക്കാരാണ്. ഹൈറേഞ്ചിലെ ഒട്ടുമിക്ക ഏലത്തോട്ടങ്ങളും പൂര്‍ണമായോ ഭാഗികമായോ കരിഞ്ഞുണങ്ങി. ഇതോടെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ് കര്‍ഷകര്‍.
മഴക്കാലം എത്തുമ്പോഴേക്കും ഏലക്കായ്ക്ക് ഭേദപ്പെട്ട വില ലഭിക്കുമെന്ന് പ്രതീക്ഷിച്ച് മരുന്നും വളവും പ്രയോഗിച്ച് നിലനിറുത്തിയിരുന്ന ഏലക്കാടുകളാണ് പൂര്‍ണമായി കരിഞ്ഞുവീണത്. മിക്ക തോട്ടങ്ങളിലും പണി നിര്‍ത്തി വച്ചിരിക്കുകയാണ്. സ്‌കൂള്‍ സീസണ്‍ കൂടിയാകുന്നതോടെ തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലാകും.
ഒരേക്കറിലധികം ഏലക്കാട് ഉള്ളവര്‍ക്ക് 10 കിലോ പച്ച ഏലക്കായ പോലും നിലവിലെ അവസ്ഥയില്‍ ലഭിക്കില്ല.
ജലസേചന സൗകര്യമില്ലാത്തതാണ് ഇത്തരത്തില്‍ കരിഞ്ഞുണങ്ങാന്‍ കാരണം.ആയിരം രൂപയിലധികമെങ്കിലും വില ലഭിച്ചെങ്കില്‍ മാത്രമേ ഏലം കൃഷി നില നിര്‍ത്തികൊണ്ട് പോകാന്‍ കഴിയൂ എന്ന് കര്‍ഷകര്‍ പറയുന്നു.
എന്നാല്‍ ഇപ്പോള്‍ ശരാശരി 600രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.
ഏലത്തിന് വിലയിടിഞ്ഞ് കര്‍ഷകര്‍ ദുരിതത്തിലാകുമ്പോഴും സ്‌പൈസസ്‌ബോര്‍ഡ് ഉള്‍പ്പെടെയുള്ളവര്‍കാട്ടുന്ന നിസ്സംഗതയില്‍ കര്‍ഷകര്‍ക്ക് കടുത്ത പ്രതിഷേധമാണ് ഉള്ളത്.
Next Story

RELATED STORIES

Share it