|    Nov 24 Fri, 2017 11:23 am
FLASH NEWS
Home   >  Todays Paper  >  page 9  >  

45 ശതമാനം ബുര്‍ഖിനി ഉപഭോക്താക്കളും അമുസ്‌ലിംകള്‍

Published : 30th August 2016 | Posted By: SMR

സിഡ്‌നി: ബുര്‍ഖിനിയുടെ ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗം മുസ്‌ലിം ഇതര വിഭാഗങ്ങളില്‍നിന്നുള്ള സ്ത്രീകളാണെന്ന് ഈ വസ്ത്രം രൂപകല്‍പന ചെയ്ത ലബ്‌നീസ്-ആസ്‌ത്രേലിയന്‍ ഫാഷന്‍ ഡിസൈനര്‍ അഹേദ സനെറ്റി. എട്ടുവര്‍ഷത്തിനിടെ തന്റെ ‘അഹിദ’ ബ്രാന്‍ഡിലുള്ള ഏഴുലക്ഷത്തോളം ബുര്‍ഖിനികളാണ് വിറ്റഴിക്കപ്പെട്ടത്. ഇതു വാങ്ങിയവരില്‍ 45 ശതമാനവും അമുസ്‌ലിം സ്ത്രീകളാണ്. ബുര്‍ഖിനി ഒരു തിരഞ്ഞെടുപ്പാണ്. ബുര്‍ഖിനി ധരിക്കുന്നത് സ്വാതന്ത്ര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഭാഗമാണ്. അതിന് അടിച്ചമര്‍ത്തലുമായോ പീഡനവുമായോ ഭീകരതയുമായോ ബന്ധമില്ല- ഫ്രാന്‍സിലെ ബുര്‍ഖിനി നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ആസ്‌ത്രേലിയയിലെ സിഡ്‌നി മോണിങ് ഹെറാള്‍ഡിനു നല്‍കിയ അഭിമുഖത്തില്‍ സനെറ്റി പറഞ്ഞു.
വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്ന തന്റെ ഉപഭോക്താക്കളില്‍നിന്ന് ബുര്‍ഖിനി നിരോധനത്തിനെതിരേ പ്രതിഷേധമറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ ലഭിച്ചതായും സനെറ്റി അറിയിച്ചു.  ബുര്‍ഖിനി ഒരു നീന്തല്‍വസ്ത്രമാണെന്ന് മനസ്സിലാക്കൂ എന്നാണ് ആസ്‌ത്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ നിന്നുള്ള ഒരു അമുസ്‌ലിം സ്ത്രീ പ്രതികരിച്ചത്. ചര്‍മാര്‍ബുദരോഗിയായതിനാല്‍ മറ്റു നീന്തല്‍വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ ബുര്‍ഖിനി ആവശ്യമാണെന്നും യുഎസില്‍നിന്നുള്ള ഉപഭോക്താവ് പ്രതികരിച്ചു. ഫ്രാന്‍സിലെ ബുര്‍ഖിനി നിരോധനം സംബന്ധിച്ച വാര്‍ത്തയ്ക്ക് വിചാരിക്കാത്ത രീതിയിലുള്ള ഫലമാണുണ്ടായത്. വിവാദത്തെ തുടര്‍ന്ന് യൂറോപ്പില്‍ തന്റെ ബുര്‍ഖിനിക്ക് ആവശ്യക്കാര്‍ വര്‍ധിച്ചതായും സനെറ്റി പറഞ്ഞു. ബുര്‍ഖിനിയെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറയുന്നുവോ അപ്പോഴൊക്കെ വസ്ത്രത്തെക്കുറിച്ച് തനിക്ക് അന്വേഷണം വരുകയും വില്‍പന വര്‍ധിക്കുകയും ചെയ്യുന്നുവെന്നും അവര്‍ അറിയിച്ചു. നിരവധി സ്ത്രീകള്‍ക്ക് കടലോര കായികവിനോദങ്ങളിലേര്‍പ്പെടുന്നതിന് ബുര്‍ഖിനി സഹായകമായിട്ടുണ്ട്.
മുസ്‌ലിംകളും ബുര്‍ഖിനിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ഈ വസ്ത്രം സ്ത്രീകളുടെ തിരഞ്ഞെടുപ്പുകളുടെയും ശാക്തീകരണത്തിന്റെയും ചിഹ്നമാണെന്ന് അവര്‍ പ്രതികരിച്ചു. ജനങ്ങള്‍ വിചാരിക്കുന്നതിലും കരുത്തരാണ് മുസ്‌ലിം സ്ത്രീകളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക