malappuram local

45 ലിറ്റര്‍ മാഹി മദ്യവുമായി യുവാവ് പിടിയില്‍

നിലമ്പൂര്‍: മാഹിയില്‍ നിന്നും വില്‍പ്പനയ്ക്ക് കൊണ്ടുവന്ന 45 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍. ചുങ്കത്തറ പൂക്കോട്ടുമണ്ണ റോഡില്‍ ചെറൂത്ത് നവീന്‍(26)നെയാണു നിലമ്പൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി രമേശും സംഘവും അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് മൂന്നിന് മദ്യം കാറില്‍ കടത്തുകയായിരുന്ന ഇയാളെ വാഹന പരിശോധനയ്ക്കിടയിലായിരുന്നു എക്‌സൈസ് സംഘം പിടികൂടിയത്. മുന്‍ അബ്കാരി കേസുകളില്‍ പ്രതികൂടിയായ പിതാവ് കൃഷ്ണന്‍ എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
നവീനെ ചോദ്യം ചെയ്തതോടെ വീടിനോട് ചേര്‍ന്ന് മൂന്ന് ബാരലുകളിലായി കുഴിച്ചിട്ടിരുന്ന 750 മി.ലിയുടെ 24 ബോട്ടില്‍ അടക്കം 60 ബോട്ടിലുകളാണ് പിടിച്ചെടുത്തത്. മാഹിയില്‍ നിന്നും അഴിയൂര്‍ ചെക്ക് പോസ്റ്റ് വഴിയാണ് കൃഷ്ണനും മകനും മദ്യമെത്തിക്കുന്നത്.
മാസങ്ങളായി ഇവരുടെ മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് പരാതി ഉണ്ടെങ്കിലും മദ്യം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മാഹിയില്‍ നിന്നെത്തുന്ന ബോട്ടിലുകള്‍ കേരള ബിവേറജസ് കോര്‍പ്പറേഷന്റെ മുദ്രയുള്ള കുപ്പികളിലാക്കിയാണു വില്‍പ്പന നടത്തുന്നത്. ഇവര്‍ കൊണ്ടുവരുന്ന ബോട്ടിലുകള്‍ കത്തിച്ചുകളയുകയാണു പതിവ്. അതിനാല്‍ ഈ മദ്യം എവിടുന്ന് കൊണ്ടുവരുന്നുവെന്നതിന് തെളിവുകള്‍ ലഭിച്ചിരുന്നില്ല.
വില കുറഞ്ഞ മദ്യം എത്തിച്ച് ഉയര്‍ന്ന വിലക്ക് വില്‍പ്പന നടത്തുകയാണു പതിവ്. ആവശ്യമനുസരിച്ച് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും മറ്റ് പ്രദേശങ്ങളിലും എത്തിച്ച് കൊടുക്കുന്നു. മദ്യം വില്‍പ്പനയ്ക്ക് കൊണ്ടുപോവാനുപയോഗിച്ച ഹ്യൂണ്ടായ് ഇയോണ്‍ ഫോര്‍ രജിസ്‌ട്രേഷന്‍ കാറും കസ്റ്റഡിയിലെടുത്തു. രക്ഷപെട്ട കൃഷ്ണന്‍ മുമ്പ് രണ്ട് അബ്കാരി കേസുകളിലും പ്രതിയാണ്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ അശോകന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം ഹരികൃഷ്ണന്‍, എംകെ ശശീന്ദ്രന്‍, റെജി തോമസ്, സി സുഭാഷ്, പി രാമചന്ദ്രന്‍, കെഎസ് അരുണ്‍കുമാര്‍, അബ്ദുള്‍ റഷീദ്, ഇ ഷീന എന്നിവും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it