45% ബിജെപി സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവച്ച തുക നഷ്ടമായി

ലഖ്‌നോ: ഉത്തര്‍പ്രദേശ് നഗരസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച 45 ശതമാനം ബിജെപി സ്ഥാനാര്‍ഥികള്‍ക്കു കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു. 16 കോര്‍പറേഷനുകളും 198 മുനിസിപ്പാലിറ്റികളും 488 നഗരപഞ്ചായത്തുകളുമടക്കം 652 തദ്ദേശ സ്ഥാപനങ്ങളിലെ 12,644 സീറ്റിലേക്കാണു തിരഞ്ഞെടുപ്പ് നടന്നത്. 8,038 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തി. ഇതില്‍ 3,656 സ്ഥാനാര്‍ഥികള്‍ കെട്ടിവച്ച കാശ് തിരിച്ചുകിട്ടാത്തവിധത്തില്‍ ദയനീയമായി പരാജയപ്പെട്ടതായി ഒരു ദേശീയ മാധ്യമം റിപോര്‍ട്ട് ചെയ്യുന്നു. ബിജെപിയുടെ 2,366 സ്ഥാനാര്‍ഥികളാണു തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. 5,672 പേര്‍ പരാജയപ്പെടുകയും ചെയ്തു. നഗര സഭകളില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 30 ശതമാനം നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. എന്നാല്‍ മുനിസിപ്പാലിറ്റികളിലും നഗരപഞ്ചായത്തുകളിലും യഥാക്രമം 16 ശതമാനവും 11.1 ശതമാനവും വോട്ടുകള്‍ മാത്രമാണ് പാര്‍ട്ടിക്ക് നേടാനായത്. കോര്‍പറേഷനുകളിലാണ് ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചത്. 16ല്‍ 14 കോര്‍പറേഷനുകളിലും ബിജെപി അധികാരത്തിലെത്തി. നഗര പഞ്ചായത്ത് വാര്‍ഡുകളില്‍ ബിജെപിയുടെ 644 സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ 1,462 സ്ഥാനാര്‍ഥികള്‍ക്കു കെട്ടിവച്ച പണം നഷ്ടപ്പെട്ടു. കോര്‍പറേഷനുകളില്‍ 85 ശതമാനം കൗണ്‍സില്‍ സീറ്റുകളിലും ബിജെപി ജയിച്ചെങ്കിലും വോട്ടിങ് ശതമാനത്തില്‍ കുറവു വന്നതായും റിപോര്‍ട്ടില്‍ പറയുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയിലെ 16 വലിയ നഗരങ്ങളില്‍ 48.5 ശതമാനം വോട്ട് ബിജെപി നേടിയിരുന്നെങ്കില്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ അത് 41 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെ നഗരമേഖലകളില്‍ നിന്ന് ബിജെപി 42 ശതമാനം വോട്ട് നേടിയതാണ് ഇത്തവണ 30 ശതമാനമായി കുറഞ്ഞത്. മീറത്ത്, മുസഫര്‍നഗര്‍, ഷാംലി, ഭഗ്പത് ജില്ലകളടങ്ങിയ പശ്ചിമ യുപിയില്‍ ബിജെപി വോട്ടുകളില്‍ കൂടുതല്‍ ഇടിയുകയും ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it