|    Sep 26 Wed, 2018 2:34 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

444 വില്ലേജുകള്‍ പ്രളയബാധിതം

Published : 15th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സമാനതകളില്ലാത്ത കാലവര്‍ഷക്കെടുതി നേരിട്ട സംസ്ഥാനത്തെ 444 വില്ലേജുകളെ സര്‍ക്കാര്‍ പ്രളയബാധിതമായി പ്രഖ്യാപിച്ചു. ആദ്യം പ്രഖ്യാപിച്ച 193 വില്ലേജുകള്‍ക്കു പുറമെ 251 വില്ലേജുകളെ കൂടി പ്രളയബാധിത പ്രദേശമായി കണക്കാക്കുമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി അറിയിച്ചു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ മന്ത്രിസഭാ ഉപസമിതിക്ക് രൂപം നല്‍കി. മന്ത്രിമാരായ ഇ പി ജയരാജന്‍, ഇ ചന്ദ്രശേഖരന്‍, മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണു സമിതി അംഗങ്ങള്‍. പ്രാഥമിക വിലയിരുത്തലില്‍ സംസ്ഥാനത്ത് 8,316 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ട്. നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്രസംഘത്തെ വീണ്ടും അയക്കാന്‍ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടു ദിവസത്തിലധികം വെള്ളം കെട്ടിനിന്ന വീടുകള്‍ പുനരുദ്ധരിക്കാന്‍ സര്‍ക്കാര്‍ 10,000 രൂപ സഹായധനം നല്‍കും. പൂര്‍ണമായി വീട് തകര്‍ന്നവര്‍ക്ക് നാലു ലക്ഷം രൂപയും വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും നല്‍കും. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ചെലവില്ലാതെ ഉടന്‍ ലഭ്യമാക്കും. ഇതിനായി സപ്തംബര്‍ മൂന്ന് മുതല്‍ 15 വരെ അദാലത്തുകള്‍ സംഘടിപ്പിക്കും. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സപ്തംബര്‍ 30 വരെ ഫീസില്ലാതെ പുതിയവ സ്വന്തമാക്കാം. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരെയും ഒരു സെക്രട്ടറിതല ഉദ്യോഗസ്ഥനെയും ഇതിനായി ചുമതലപ്പെടുത്തി.
കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 38 പേര്‍ മരിച്ചു. നാലുപേരെ കാണാനില്ല. 20,000 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 30,000 പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിലാണുള്ളത്. 10,000 കിലോമീറ്റര്‍ റോഡ് തകര്‍ന്നു. പ്രാദേശിക റോഡുകള്‍ക്കും പാലങ്ങള്‍ക്കും പുറമെയാണിത്. കടല്‍ക്ഷോഭം മൂലം മല്‍സ്യബന്ധന ഉപകരണങ്ങള്‍ നശിച്ച തൊഴിലാളികള്‍ക്ക് പുതിയവ വാങ്ങുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കും. കൃഷിയിറക്കുന്നതിന് സര്‍ക്കാര്‍ വിത്തുകള്‍ സൗജന്യമായി വിതരണം ചെയ്യും. കൃഷിക്കാര്‍ക്ക് നല്‍കുന്ന മറ്റു സഹായങ്ങള്‍ക്കു പുറമെയായിരിക്കും ഇത്. പ്രളയബാധിത മേഖലകളില്‍ വായ്പകള്‍ക്കു മൊറട്ടോറിയം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss