|    Nov 18 Sun, 2018 11:50 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

Published : 8th November 2018 | Posted By: kasim kzm

വിദ്യാര്‍ഥികളുടെ ആത്മഹത്യ കാരണം കണ്ടെത്താനാകാതെ അന്വേഷണ സംഘംജംഷീര്‍ കൂളിവയല്‍

കല്‍പറ്റ: കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ വിദ്യാര്‍ഥികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ ഉ ള്‍പ്പെടെ പ്രചരിക്കുന്നത് ഊഹാപോഹക്കഥകള്‍. അന്വേഷണസംഘത്തിന്റെ സംശയങ്ങളാണ് ചില മുഖ്യധാരാ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്താരൂപത്തില്‍ പുറത്തുവരുന്നത്. വിദ്യാര്‍ഥികളുടെ ജീവിതകാലത്ത് സംഭവിച്ച കാര്യങ്ങളും ഇടപെട്ട മേഖലകളുമെല്ലാം ആത്മഹത്യക്കുള്ള കാരണങ്ങളായി നിരത്തുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അന്വേഷണ പുരോഗതി ഡിജിപിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ എല്ലാ ജില്ലയിലും അന്വേഷണം നടക്കുന്നുണ്ട്. കണ്ണൂര്‍ ഐജി ബല്‍റാം കുമാര്‍ ഉപാധ്യായയുടെ നേതൃത്വത്തില്‍ മലബാറിലാണ് പ്രധാനമായും അന്വേഷണം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. വിദ്യാര്‍ഥികളെ ഗുരുതര മാനസിക സംഘര്‍ഷത്തിലേക്കും അതുവഴി ആത്മഹത്യയിലേക്കും തള്ളിവിടുന്ന സ്വാധീനശക്തികളെ കുറിച്ചാണ് അന്വേഷണം.
മാനസിക പ്രശ്‌നങ്ങള്‍, സൈബര്‍ ഇടങ്ങളുടെ സ്വാധീനം തുടങ്ങി വിദ്യാര്‍ഥികള്‍ എത്തിപ്പെടാന്‍ സാധ്യതയുള്ള എല്ലാ മേഖലകളെയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇതെല്ലാം വയനാട്ടില്‍ ജീവനൊടുക്കിയ രണ്ടു വിദ്യാര്‍ഥികളുടെയും മരണത്തിനിടയാക്കിയ കാരണങ്ങളായി നിരത്തപ്പെടുകയാണ്. വില കൂടിയ ബൈക്ക് വാങ്ങിയതും കാര്‍ വാടകയ്‌ക്കെടുത്തതും പണം കടം വാങ്ങിയതും തുടങ്ങി അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയ കാര്യങ്ങളെല്ലാം ആത്മഹത്യയുടെ കാരണങ്ങളായി ചില മാധ്യമങ്ങളില്‍ നിറയുന്നു. സൈബര്‍ കുറ്റാന്വേഷണ വിദഗ്ധര്‍ ഉള്‍െപ്പടെ അന്വേഷണസംഘത്തിലുണ്ട്.
മനശ്ശാസ്ത്ര വിദഗ്ധരുടെയും സഹായം പോലിസ് തേടിയിട്ടുണ്ട്. മരിച്ചവരുടെ 15 കൂട്ടുകാരും സൈക്കോ ചെക്കന്‍ എന്ന സമൂഹമാധ്യമ കൂട്ടായ്മയില്‍ അംഗങ്ങളായിരുന്നെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, ഈയൊരു കണ്ടെത്തല്‍ കൊണ്ടു മാത്രം ആത്മഹത്യയുടെ കാരണം സോഷ്യല്‍ മീഡിയയാണെന്ന നിഗമനത്തിലെത്താന്‍ കഴിയില്ലെന്ന് മനശ്ശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
തീവ്രവാദ സ്വഭാവമോ ബന്ധമോ കണ്ടെത്താനുള്ള ഊ ര്‍ജിതമായ അന്വേഷണത്തിലാണ് പോലിസെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെങ്കിലും അന്വേഷണസംഘം ഇതു നിഷേധിക്കുന്നു. മരിച്ച വിദ്യാ ര്‍ഥികളുടെ സുഹൃത്തുക്കളായ കുട്ടികളെയും ബാധിക്കുന്ന തരത്തിലാണ് ഊഹാപോഹക്കഥകള്‍ പ്രചരിക്കുന്നത്. സംഭവത്തിന്റെ കൃത്യമായ കാരണം പുറത്തുവരുന്നതുവരെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരേ നടപടി വേണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നു. മക്കള്‍ നഷ്ടപ്പെട്ടതിന്റെ ഞെട്ടലില്‍ നിന്ന് ഇനിയും മുക്തരാകാത്ത തങ്ങളെ ഇത്തരം ഊഹാപോഹക്കഥകള്‍ ഏറെ വേദനിപ്പിക്കുന്നുവെന്നും അവര്‍ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss