kozhikode local

44 സ്‌കൂളുകളില്‍ സൗരോര്‍ജ പദ്ധതി



കോഴിക്കോട് : ജില്ലയില്‍ 44 സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൗരോര്‍ജ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവയ്ക്കല്‍ ഈ മാസം 29ന് നടക്കും. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 44 ഹൈസ്‌കൂള്‍/ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുടെ മേല്‍ക്കൂരകളില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിച്ച് 480 കിലോ വാട്ട് വൈദ്യൂതി ഒന്നാംഘട്ടത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതാണ് പദ്ധതി. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലുമായി ഒരു വര്‍ഷം രണ്ട് കോടിയേളം രൂപ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ ചെലവ് വരുന്നുണ്ട്. പദ്ധതി നടപ്പായാല്‍ ഈ ചെലവ് ഒഴിവാക്കാനാവും. കെഎസ്ഇബിയുടെ ഓണ്‍/ഓഫ് ഗ്രിഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കെഎസ്ഇബി ചീഫ് എന്‍ജിനീയറുമായി നടത്തിയ ചര്‍ച്ചയിലൂടെയാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. പദ്ധതി നടപ്പാക്കാന്‍ എട്ടുമാസ സമയമാണ് നല്‍കിയിരിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിലൂടെ നീണ്ട വര്‍ഷകാലത്തേക്ക് 44 ഹൈസ്‌കൂള്‍/ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വൈദ്യുതി ചാര്‍ജ് അടക്കേണ്ടി വരില്ല. ഈ കാലയളവില്‍ സ്‌കൂളുകള്‍ക്ക് ആവശ്യമായ വൈദ്യുതി കെഎസ്ഇബി ലഭ്യമാക്കും. സ്‌കൂളുകളുടെ ആവശ്യം കഴിഞ്ഞ് അധികമായി വരുന്ന വൈദ്യുതി ജില്ലാപഞ്ചായത്തിന് ലഭിക്കും. ഇങ്ങനെ അധികമായി ലഭിക്കുന്ന വൈദ്യുതി ജില്ലാ പഞ്ചായത്തിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങളുടെ വൈദ്യുതി ഉപയോഗത്തിനായി വകയിരുത്താനും സാധിക്കും. 3.5 കോടി രൂപ മുതല്‍ മുടക്കിയാണ് കെഎസ്ഇബി വഴി പദ്ധതി നടപ്പാക്കുന്നത്. ഇതിന് അനര്‍ട്ടിന്റെ സബ്‌സിഡി കൂടി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. അങ്ങനെ ലഭ്യമാവുന്ന തുക ഉപയോഗിച്ച് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള മറ്റ് സ്ഥാപനങ്ങളിലേക്കും എയ്ഡഡ് ഹൈസ്‌കൂളുകളിലേക്കും യുപി സ്‌കൂളുകളിലേക്കും കെഎസ്ഇബി മുഖേന തന്നെ മേല്‍ പദ്ധതി വ്യാപകമായി നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് ഉദ്ദേശിക്കുന്നതായി ബാബു പറശ്ശേരി പറഞ്ഞു. പാരമ്പര്യേതര വൈദ്യുതി ഉല്‍പ്പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുന്നതിനും അതുവഴി പുതിയ ധനസ്രോതസ്സ് ജില്ലാ പഞ്ചായത്ത് ലഭ്യമാക്കുന്നതിനും ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ് സൗരോര്‍ജ പാനല്‍ സ്ഥാപിക്കല്‍  പദ്ധതി.
Next Story

RELATED STORIES

Share it