425 ഏക്കര്‍ വയല്‍ നികത്താന്‍ അനുമതി; വിവാദ ഉത്തരവ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് വിവാദ ഉത്തരവുമായി റവന്യൂ വകുപ്പ്. നെല്‍വയല്‍- തണ്ണീര്‍ത്തട നിയമം അട്ടിമറിച്ച് കോട്ടയത്തും എറണാകുളത്തും വയല്‍ നികത്താന്‍ അനുമതി നല്‍കി സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. കോട്ടയം കുമരകത്തെ മെത്രാന്‍ കായലില്‍ 378 ഏക്കറും എറണാകുളം കണയന്നൂര്‍ താലൂക്കിലെ കടമക്കുടി പഞ്ചായത്തില്‍ 47 ഏക്കര്‍ നെല്‍വയലുമാണ് നികത്താന്‍ അനുമതിനല്‍കിയത്.
അതേസമയം, വിവാദ ഉത്തരവിനെതിരേ പ്രതിഷേധവുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരനും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും രംഗത്തെത്തി. തന്റെ അതൃപ്തി റവന്യൂമന്ത്രിയെ ഫോണിലൂടെ അറിയിച്ച സുധീരന്‍ ഇക്കാര്യത്തില്‍ വിശദീകരണവും ആവശ്യപ്പെട്ടു. വേണ്ടത്ര കൂടിയാലോചനകളോ പരിശോധനകളോ ഇല്ലാതെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പോലും ഉപേക്ഷിച്ച വയല്‍ നികത്തലിന് അനുമതി നല്‍കിയതെന്ന് സുധീരന്‍ പ്രതികരിച്ചു. പാര്‍ട്ടിയോട് കൂടിയാലോചിക്കാതെ മന്ത്രി നടത്തിയ നീക്കത്തിലുള്ള അതൃപ്തി സുധീരന്‍ മുഖ്യമന്ത്രിയെയും അറിയിക്കും. തീരുമാനം ഉടന്‍ റദ്ദാക്കണമെന്നാണ് വിഎസിന്റെ നിലപാട്.
വിവാദത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് വ്യക്തമാക്കി. വിഷയത്തില്‍ കൂടുതല്‍ പഠിച്ചിട്ടു പ്രതികരിക്കാം. തിരഞ്ഞെടുപ്പിനു മുമ്പ് പല ഫയലുകളും തന്റെ മുമ്പില്‍ വരാറുണ്ട്. കെപിസിസി അധ്യക്ഷനാണ് ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
റെക്കിന്‍ഡോ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കുവേണ്ടി 34 സബ്‌സിഡിയറി കമ്പനികളുടെ പേരില്‍ കുമരകം വില്ലേജില്‍ 420 ഏക്കറോളം നെല്‍വയല്‍ മെത്രാന്‍ കായലില്‍ നേരത്തേ വാങ്ങിയിരുന്നു. സര്‍വേ നമ്പര്‍ 362നും 403നും ഇടയിലുള്ള 378 ഏക്കര്‍ നിലമാണ് 2007-2008 കാലത്ത് വാങ്ങിക്കൂട്ടിയത്. ഇതിനുശേഷം ഇവിടെ കൃഷിചെയ്യാന്‍ കമ്പനി അനുവദിച്ചില്ല. 2009ല്‍ ഇവിടെ കുമരകം ടൂറിസ്റ്റ് വില്ലേജ് എന്ന പദ്ധതി നടപ്പാക്കാന്‍ കമ്പനി അധികൃതര്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ സമീപിച്ചു. അഞ്ചുതവണ അപേക്ഷ നല്‍കിയെങ്കിലും ഇടതുസര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഈ സ്വകാര്യ ടൂറിസം പദ്ധതിക്കാണു തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു തൊട്ടുമുമ്പ് റവന്യൂവകുപ്പ് അനുമതി നല്‍കിയത്. പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിക്കുന്ന പദ്ധതി അനുവദിക്കാനാവില്ലെന്നു പറഞ്ഞാണ് അന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. എന്നാല്‍, പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത വിധത്തില്‍ പദ്ധതി നടപ്പാക്കുമെന്നാണ് ഇപ്പോള്‍ കമ്പനിയുടെ അവകാശവാദം.
ഫാം ടൂറിസം ഉള്‍പ്പെടെ കുമരകം ഇക്കോ ടൂറിസം വില്ലേജ് എന്ന പേരിലാണു പദ്ധതിയുമായി കമ്പനി യുഡിഎഫ് സര്‍ക്കാരിനെ സമീപിച്ചത്. റവന്യൂ വകുപ്പിന്റെ ഉത്തരവിലും പരിസ്ഥിതി സൗഹൃദ പദ്ധതിയാണെന്നു വ്യക്തമാക്കുന്നു. നിലവില്‍ ഇവിടെ നെല്‍കൃഷിയില്ല. പദ്ധതി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഉത്തരവില്‍ പറയുന്നു. 2,200 കോടി രൂപ നിക്ഷേപം വരുന്ന പദ്ധതി സംസ്ഥാന ടൂറിസത്തിന് ആഗോളപ്രശസ്തി നേടിത്തരുമെന്നാണ് സര്‍ക്കാര്‍ വാദം. മെഡിക്കല്‍ ടൂറിസത്തിനെന്ന പേരിലാണ് കടമക്കുടിയില്‍ നെല്‍പ്പാടം നികത്തുന്നത്. മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്കായാണ് ഇവിടത്തെ വയല്‍നികത്തല്‍. 1,000 കോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ 7,000 പേര്‍ക്ക് നേരിട്ടും 25,000 പേര്‍ക്കു പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് റവന്യൂവകുപ്പ് പറയുന്നു.
നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമപ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായ പ്രത്യേകാധികാരം ഉപയോഗിച്ചാണ് നെല്‍വയല്‍ നികത്താനുള്ള അനുമതി നല്‍കിയത്. സ്വകാര്യ സംയുക്ത ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഹൈടെക് പാര്‍ക്കുകള്‍ എന്നിവയുടെ കാര്യത്തില്‍ പൊതു ആവശ്യത്തിന്റെ പരിധിയില്‍പ്പെടുത്തിയാല്‍ വയല്‍ നികത്താമെന്ന് ഉത്തരവിലൂടെ റവന്യൂവകുപ്പ് വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it