Flash News

42 വര്‍ഷത്തെ വിലക്കിനുശേഷം 'ദി മെസേജ്' ഗള്‍ഫില്‍ പ്രദര്‍ശിപ്പിക്കുന്നു

ദുബയ്: 42 വര്‍ഷത്തെ വിലക്കിനു ശേഷം മുസ്തഫ അക്കാദിന്റെ 'ദി മെസേജ്' എന്ന ചിത്രം ഗള്‍ഫില്‍ പ്രദര്‍ശനത്തിനെത്തുന്നു. അലപ്പോയില്‍ ജനിച്ച മുസ്തഫ മുസ്തഫ അക്കാദ് 1950ലാണ് അമേരിക്കയിലെത്തിയത്. 1976ലാണ് പ്രവാചകന്‍ മുഹമ്മദിനെ കുറിച്ചുള്ള ചിത്രം ഒരുക്കിയത്. അദ്ദേഹത്തിന്റെ മരണശേഷം 12 വര്‍ഷം കഴിഞ്ഞാണ് ചിത്രത്തിന്റെ പ്രദര്‍ശനം.
മുസ്തഫയുടെ മകന്‍ മാലിക് അക്കാദ് 4കെ റസല്യൂഷനില്‍ തയ്യാറാക്കിയ ചിത്രത്തിന്റെ അറബിക്, ഇംഗ്ലീഷ് പതിപ്പുകളാണ് യുഎഇയിലടക്കം 14നു പുറത്തിറങ്ങുന്നത്. ഫലസ്തീ ന്‍, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കും. 1970കളില്‍, മുസ്തഫ അക്കാദ് രണ്ടു ഭാഷകളിലായാണ് 'ദി മെസേജ്' ചിത്രീകരിച്ചത്. 'അല്‍ രിസാല' എന്നു പേരുള്ളതാണ് അറബിക് ഭാഗം. അബ്ദുല്ല ഗൈത്, ഹസന്‍ ജൗണ്ടി, മനു വസ്സഫ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ഇംഗ്ലീഷ് പതിപ്പില്‍ അഭിനയിച്ചത് ആന്റണി ക്വിന്‍, ഐറീന്‍ പാപ്പസ്, മൈക്കിള്‍ അന്‍സര തുടങ്ങിയവരാണ്.
പ്രവാചകന്‍ മുഹമ്മദിനെ ആധികാരിക ചരിത്രരേഖകളുടെ അടിസ്ഥാനത്തില്‍  ചിത്രീകരിച്ചതാണ് 'ദി മെസേജ്.' ഹംസ ബിന്‍ അബ്ദുല്‍ മുത്തലിബ്, ഹിന്ദ് ബിന്‍ത് ഉത്ബ, ബിലാല്‍ ബിന്‍ റബാഹ് തുടങ്ങിയവരുടെ കാഴ്ചപ്പാടിലൂടെയാണ് ഇസ്‌ലാമിക ചരിത്രത്തിലെ പ്രധാന നിമിഷങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന സിനിമ കടന്നുപോവുന്നത്.
മുസ്തഫയുടെ പ്രധാന ഉദ്ദേശ്യം പാശ്ചാത്യലോകത്ത് ഇസ്‌ലാമിനെക്കുറിച്ചുള്ള അജ്ഞത ഇല്ലാതാക്കുകയായിരുന്നു. എന്നാല്‍, സിനിമാനിര്‍മാണത്തിന്റെ ഘട്ടത്തിലും അദ്ദേഹത്തിന് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. ചിത്രത്തിന്റെ റിലീസിനു മതസംഘടനകളില്‍ നിന്നുള്ള പ്രതിഷേധങ്ങളുമുണ്ടായി.
Next Story

RELATED STORIES

Share it