kozhikode local

മുക്കം: സപ്ലൈകോ സ്റ്റോര്‍ നടത്തുന്നതിനുവേണ്ടി വാടകക്കെടുത്ത കെട്ടിടത്തിന്റെ കുടിശ്ശിക അടച്ചുതീര്‍ക്കാത്തതിനെ തുടര്‍ന്ന് കൊടിയത്തൂര്‍ പഞ്ചായത്തിന്റെ വാഹനം ജപ്തി ചെയ്തു.
കോഴിക്കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയുടെ ഉത്തരവനുസരിച്ച് ഇന്നലെ രാവിലെയാണ് നടപടികള്‍ നടന്നത്.  ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം തല്‍ക്കാലത്തേക്ക് വാഹനം പഞ്ചായത്തിന് തന്നെ തിരിച്ചു നല്‍കി. ഓഗസ്റ്റ് രണ്ടിന് കേസ് വീണ്ടും പരിഗണിക്കും. അതിനുമുമ്പായി പണമടച്ചാല്‍ പഞ്ചായത്തിന് വാഹനം തിരികെ ലഭിക്കും. അല്ലാത്തപക്ഷം ലേലത്തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആമീന്‍ അറിയിച്ചു. 2012 ല്‍ സിവില്‍ സപ്ലൈസ് വകുപ്പിന് വേണ്ടി സപ്ലൈകോ സ്റ്റോര്‍ നടത്താന്‍ ഗോതമ്പറോഡില്‍ സ്വകാര്യവ്യക്തിയുടെ കെട്ടിടം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാടകയ്ക്ക് എടുത്തിരുന്നു.
എന്നാല്‍ കെട്ടിട ഉടമയ്ക്ക് കൃത്യമായ വാടക നല്‍കുന്നതില്‍ പഞ്ചായത്തും സിവില്‍ സപ്ലൈസ് വകുപ്പും വീഴ്ച വരുത്തിയതോടെ കെട്ടിട ഉടമ കോടതിയെ സമീപിക്കുകയായിരുന്നു.
കെട്ടിടം ഒഴിഞ്ഞ് കൊടുക്കുവാന്‍ കോടതി ഉത്തരവിട്ടെങ്കിലും സിവില്‍ സപ്ലൈസ് വകുപ്പ് തയ്യാറായില്ല. ഇതോടെ ഹരജിക്കാരന്‍ വീണ്ടും കോടതിയെ സമീപിക്കുകയും കോടതി ആമീനെ അയച്ച് കെട്ടിടം ഒഴിപ്പിക്കുകയുമായിരുന്നു.
എന്നാല്‍ അത്രയും കാലം കെട്ടിടം ഉപയോഗിച്ചതിന്റെ വാടക നല്‍കാന്‍ സിവില്‍ സപ്ലൈസ് വകുപ്പോ ഗ്രാമപ്പഞ്ചായത്തോ തയ്യാറായില്ല ഇതോടെ കെട്ടിട ഉടമ വീണ്ടും കോടതിയെ സമീപിച്ചു.
ഇതിനെ തുടര്‍ന്ന് കുടിശ്ശികയായ 2,38,934 രൂപ കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് നല്‍കണമെന്ന് 2017 ല്‍ കോടതി ഉത്തരവിടുകയായിരുന്നു. എന്നാല്‍ ഇതിനെയും അവഗണിച്ചതോടെയാണ് ഗ്രാമപ്പഞ്ചായത്തിന്റെ ബൊലേറോ ജീപ്പ് ജപ്തി ചെയ്യാന്‍ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it