4000 കോടി തിരിച്ചടയ്ക്കാമെന്ന മല്യയുടെ ഉപാധി കണ്‍സോര്‍ഷ്യം തള്ളി; സ്വത്ത് വെളിപ്പെടുത്തണം

കെ എ സലിം

ന്യൂഡല്‍ഹി: 4,000 കോടി രൂപ തിരിച്ചടയ്ക്കാമെന്ന മദ്യരാജാവ് വിജയ് മല്യയുടെ ഉപാധി പൊതുമേഖലാ ബാങ്കുകള്‍ തള്ളി. അടയ്ക്കാനുള്ള 6,000 കോടിയും അതിന്റെ പലിശയും ഉള്‍പ്പെടെ 9,091 കോടി രൂപ മല്യ തിരിച്ചടയ്ക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സുപ്രിംകോടതിയെ അറിയിച്ചു.
നേരിട്ട് ഹാജരായി മാന്യമായ ഒത്തുതീര്‍പ്പിന് ശ്രമിക്കണമെന്നും മുഴുവന്‍ സ്വത്തുക്കളും വെളിപ്പെടുത്തണമെന്നും ബാങ്കുകള്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് മല്യയുടെയും ഭാര്യയുടെയും മക്കളുടെയും മുഴുവന്‍ സ്ഥാവരജംഗമ വസ്തുക്കളുടെയും മൂല്യം വെളിപ്പെടുത്താന്‍ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, രോഹിങ്ടണ്‍ നരിമാന്‍ എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് ഉത്തരവിട്ടു.
കൂടാതെ, എത്ര തുക നല്‍കാന്‍ സാധിക്കുമെന്നറിയിക്കാന്‍ അഭിഭാഷകന് നിര്‍ദേശം നല്‍കി. കോടതിയില്‍ ഹാജരാവുന്ന കാര്യത്തിലും മറുപടി നല്‍കണം. ഇക്കാര്യം ഈ മാസം 21നു മുമ്പ് മല്യ കോടതിയെ അറിയിക്കണം. ഇതുസംബന്ധിച്ച നിലപാട് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 25നും ബോധിപ്പിക്കണമെന്നു ബെഞ്ച് വ്യക്തമാക്കി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നേതൃത്വം നല്‍കുന്ന 17 പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് കോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ രണ്ടിനു ചേര്‍ന്ന യോഗം ഇതുസംബന്ധിച്ച തീരുമാനമെടുത്തിരുന്നു.
ഇന്നലെ ഹരജി പരിഗണിക്കവെ മല്യയുടെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സി എസ് വൈദ്യനാഥന്‍ ഉറപ്പൊന്നും നല്‍കിയില്ല. നാട്ടിലേക്കു തിരിച്ചുവരുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും ഇക്കാര്യം ഈ മാസം 22ന് അറിയിക്കാമെന്നും അഭിഭാഷകന്‍ പറഞ്ഞു. മല്യയുടെ ഭാര്യയുടെയും മക്കളുടെയും സ്വത്ത് വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല. എല്ലാവരുടെയും സ്വത്ത് വെളിപ്പെടുത്താന്‍ കോടതി കര്‍ശന നിര്‍ദേശം നല്‍കി. കേസ് ഈ മാസം 26നു വീണ്ടും പരിഗണിക്കും.
വായ്പായിനത്തില്‍ തിരിച്ചടയ്ക്കാനുള്ള 9,000 കോടി രൂപയില്‍ 4,000 കോടി സപ്തംബര്‍ 30നു മുമ്പ് നല്‍കാമെന്നും ഇതേക്കുറിച്ച് ബാങ്കുകളുമായി മല്യ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും നേരത്തേ ഹരജി പരിഗണിക്കവെ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നു. ആയിരക്കണക്കിനു കോടി രൂപ കുടിശ്ശിക വരുത്തിയ മല്യയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്നാവശ്യപ്പെട്ടാണ് ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കോര്‍പറേഷന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, പഞ്ചാബ് നാഷനല്‍ ബാങ്ക്, ഐഡിബിഐ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളടങ്ങുന്ന പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍, അപ്പോഴേക്കും മല്യ ഇന്ത്യ വിട്ടിരുന്നു.
കേസില്‍ നേരിട്ട് ഹാജരാവാന്‍ മുംബൈയിലെത്തണമെന്ന നിര്‍ദേശം അംഗീകരിക്കാതെ വിദേശത്ത് കഴിയുകയാണ് മല്യ. രാജ്യത്തേക്ക് വരാമെന്നും എന്നാല്‍, ഇന്ത്യയിലെ മാധ്യമങ്ങള്‍ സൃഷ്ടിച്ച അന്തരീക്ഷം മൂലമാണ് ഉടന്‍ മടങ്ങാനാവാത്തതെന്നുമാണ് മല്യയുടെ വാദം.
Next Story

RELATED STORIES

Share it