kannur local

4000 മീറ്റര്‍ റണ്‍വേ ഭൂമിയേറ്റെടുക്കല്‍ ഇഴയുന്നു

മട്ടന്നൂര്‍: നിര്‍മാണം പുരോഗമിക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ 4000 മീറ്റര്‍ ആക്കാനുള്ള ഭൂമിയേറ്റെടുക്കല്‍ ഇഴയുന്നു. വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ വികസനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 400 മീറ്റര്‍ റണ്‍വേ കടലാസില്‍ ഒതുങ്ങുമോയെന്ന ആശങ്കയിലാണ് അധികൃതര്‍. ഏതാനുമാസം മുമ്പ് മന്ത്രിസഭാ യോഗം റണ്‍വേ നിലവിലുള്ള 3050 മീറ്ററില്‍നിന്ന് 4000 ആയി ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നു.
എന്നാലിപ്പോഴും ഇക്കാര്യത്തില്‍ കാര്യക്ഷമമായ നടപടികളൊന്നും എടുത്തിട്ടില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 3400 മീറ്റര്‍ റണ്‍വേയില്‍ വിമാനത്താവളം നിര്‍മിക്കാന്‍ തീരുമാനിച്ചപ്പോള്‍ അന്നത്തെ പ്രതിപക്ഷമായ ഇന്നത്തെ ഭരണകക്ഷി 4000 മീറ്റര്‍ ആക്കി ഉയര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ അധികാരമേറ്റടുത്ത് ഒന്നരവര്‍ഷം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ വ്യക്തതയില്ല. കീഴല്ലൂര്‍ പഞ്ചായത്തിലെ കാനാട് പ്രദേശത്തെ ഭൂമി ഏറ്റെടുത്താല്‍ മാത്രമേ 3050 മീറ്ററില്‍നിന്ന് 4000 ആക്കി മാറ്റാനാവൂ. ക്രിന്‍ഫ്ര ഏറ്റെടുക്കുന്ന  ഭൂമി സംബന്ധിച്ച് രൂപരേഖ തയ്യാറാക്കിയിട്ടില്ല. ഭൂമി ഏറ്റെടുക്കുമ്പോള്‍ നിരവധി വയല്‍പ്രദേശങ്ങളും വീടുകളും ഇല്ലാതാവും. ഇക്കാര്യത്തില്‍ പരിസരവാസികള്‍ക്ക് ഭിന്നാഭിപ്രായമുണ്ട്. ചിലര്‍ വലിയ വില കിട്ടിയാല്‍ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറാണ്. മറ്റുചിലര്‍ക്ക് വയലും കിടപ്പാടവും വിട്ടുകൊടുക്കുന്നതില്‍ താല്‍പര്യമില്ല.
നിലവിലുള്ള റണ്‍വേയില്‍നിന്ന് താഴ്ന്നുകിടക്കുന്ന പ്രദേശമായതിനാല്‍ ഭൂമി നിരപ്പായി ഉയര്‍ത്താന്‍ കോടികളുടെ അധികച്ചെലവ് വരും. 4000 മീറ്ററാക്കി മാറ്റിയാല്‍ ഹബ് എയര്‍പോര്‍ട്ടായി ഉയര്‍ത്താം. വിമാനത്താവളം അടുത്തവര്‍ഷം ആരംഭിക്കണമെങ്കില്‍ സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കാനായി കല്ലേരിക്കര ഭാഗത്ത് 7.50 ഏക്കര്‍ സ്ഥലം ഉടന്‍ ഏറ്റെടുക്കാനുണ്ട്. അതിന്റെ പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്. മഴ ഒഴിഞ്ഞതോടെ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാണു നടക്കുന്നത്. മഴമൂലം മാറ്റിവച്ച റണ്‍വേ സുരക്ഷാ മേഖലയുടെ സുരക്ഷാമതിലിന്റെ നിര്‍മാണം ഉടന്‍ തുടങ്ങും.
ടെര്‍മിനല്‍ കെട്ടിടത്തിന്റെ അകത്തളജോലി അവസാനഘട്ടത്തിലാണ്. എയര്‍ കാര്‍ഗോ കോംപ്ലക്‌സ്, സിഐഎസ്എഫിനുള്ള കെട്ടിടസമുച്ഛയം, കിയാല്‍ ഓഫിസ് കോംപ്ലക്‌സ്, അനുബന്ധ ലൈറ്റിങ് സംവിധാനം എന്നിവയുടെ ടെന്‍ഡര്‍ നടപടികളും പുരോഗമിക്കുന്നു.
Next Story

RELATED STORIES

Share it