thiruvananthapuram local

400 പവന്‍ മോഷണ മുതല്‍ പിടിച്ചെടുത്തു

ആറ്റിങ്ങല്‍: നാടക വണ്ടിയില്‍ കറങ്ങി നടന്ന് രാത്രി കാലങ്ങളില്‍ വീടുകളില്‍ മോഷണം നടത്തിവന്ന സംഘത്തില്‍ നിന്നും വന്‍ സ്വര്‍ണ്ണ ശേഖരം പിടിച്ചെടുത്തു.
ആള്‍പ്പാര്‍പ്പുള്ള വീടുകളില്‍ നിന്നും തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളില്‍ നിന്നായി 500 പവനോളം മോഷ്ടിച്ച കേസിലാണ് ഇന്നലെ 400 ഓളം പവന്‍ പിടിച്ചെടുത്തത്. പ്രതികളായ മംഗലപുരം സ്വദേശി രമേശന്‍, ചിറയിന്‍കീഴ് വാടകയ്ക്ക് താമസിച്ചിരുന്ന മുരുകന്‍ എന്ന സെന്തിലിനേയും പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ സമയം 47 കേസുകളാണ് രമേശനെതിരെ ഉണ്ടായിരുന്നത്. ചോദ്യം ചെയ്യലില്‍ 6 കേസുകള്‍ കൂടി ചേര്‍ക്കുകയായിരുന്നു. 53 കേസുകളില്‍ 52 കേസുകളും തെളിഞ്ഞതായി റൂറല്‍ എസ്പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മോഷണം നടത്തി കൊണ്ടുവരുന്ന സ്വര്‍ണ്ണം സഹായി സെന്തില്‍ വഴി ആറ്റിങ്ങലിലെ സ്വര്‍ണ വ്യാപാരിക്ക് വിറ്റിരുന്നു. കൂടാതെ 50 പവന്‍ രമേശന്റെ വീട്ടുപറമ്പില്‍ കുഴിച്ചിട്ടിരുന്ന നിലയിലുമാണ് കണ്ടെത്തിയത്. സെന്തില്‍ സ്വര്‍ണ പണിക്കാരന്‍ ആയതിനാല്‍ മോഷണ മുതല്‍ ആണെന്ന് അറിയാതെയാണ് വ്യാപാരി ആഭരണങ്ങള്‍ വാങ്ങിയതെന്ന് റൂറല്‍ എസ്പി അറിയിച്ചു. സ്വര്‍ണം തൂക്കുവാനുപയോഗിക്കുന്ന ത്രാസ്, വീടിന്റെ പൂട്ടുകള്‍ പൊളിക്കാനുള്ള പാരകള്‍, കട്ടറുകള്‍ എന്നിവയും പോലിസ് കണ്ടെടുത്തു. രമേശനേയും സെന്തിലിനേയും കഴിഞ്ഞ ദിവസം ഡിവൈഎസ്പി ഓഫിസില്‍ ഹാജരാക്കി. കോടതിയില്‍ ഹാജരാക്കിയ തൊണ്ടി മുതല്‍ ഒരു മാസത്തിനകം ഉടമസ്ഥര്‍ക്ക് തിരിച്ചുകൊടുക്കാനാണ് തീരുമാനം. വാര്‍ത്താസമ്മേളനത്തില്‍ റൂറല്‍ എസ്പി ഷെഫിന്‍ അഹമ്മദ്, ഡിവൈഎസ്പി പ്രതാപന്‍നായര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it